Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightപാചകവാതക പ്രതിസന്ധി;...

പാചകവാതക പ്രതിസന്ധി; ചെറുകിട ഹോട്ടലുകൾ അടച്ചുപൂട്ടലിലേക്ക്

text_fields
bookmark_border
പാചക വാതകം
cancel

കൽപറ്റ: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പാചക വാതക വിതരണം പ്രതിസന്ധിയിലായതോടെ ജില്ലയിലെ ചെറുകിട ഹോട്ടല്‍ വ്യവസായവും പ്രതിസന്ധിയില്‍. മുൻപ് വാണിജ്യ ആവശ്യങ്ങൾക്കായി 1400 രൂപക്ക് ലഭിച്ചിരുന്ന പാചകവാതക സിലിണ്ടർ ഇപ്പോൾ 3600 രൂപയോളം നൽകിയാണ് കച്ചവടക്കാർ വാങ്ങുന്നത്. ചായക്കടകളിൽ അടക്കം പരമാവധി മൂന്നോ നാലോ ദിവസം മാത്രമാണ് സിലിണ്ടറിന്റെ ഉപയോഗം ലഭ്യമാകുന്നത്. ഉയർന്ന വില നൽകിയാൽ പോലും പലർക്കും സിലിണ്ടർ ലഭിക്കുന്നില്ലന്ന പരാതിയുണ്ട്.

പാചകവാതകത്തിന് ഇനിയും വലിയ പ്രതിസന്ധി നേരിട്ടാൽ ചായ, കടി എന്നിവക്ക് പുറമെ ഭക്ഷണപദാർത്ഥങ്ങൾക്കും വില ഉയർത്തേണ്ടി വരുമെന്നാണ് കച്ചവടക്കാർ പറയുന്നത്. ജില്ലയിലെ മിക്ക ഹോട്ടലുകളിലും ഒരാഴ്ചത്തേക്കുള്ള സ്റ്റോക്ക് മാത്രമേ ബാക്കിയുള്ളൂ. റമദാൻ മാസമായതിനാൽ നിരവധി ഹോട്ടലുകൾ നിലവിൽ പ്രവർത്തിക്കുന്നില്ല. റമദാൻ കഴിയുന്നതോടെ പൂട്ടിക്കിടക്കുന്ന മിക്ക സ്ഥാപനങ്ങളും തുറക്കുന്നതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകും. പാചക വാതക പ്രതിസന്ധി കാരണം മിക്ക ഹോട്ടലുകളും നോമ്പ് കഴിയുമ്പോൾ തുറക്കാനാവില്ലെന്നാണ് ഉടമകൾ പറയുന്നത്.

വാണിജ്യ സിലിണ്ടറുകളുടെ ഫില്ലിങ് കമ്പനികൾ നിർത്തിവെച്ചിരിക്കുകയാണന്നാണ് സ്റ്റോക്കിസ്റ്റുകൾ പറയുന്നത്. ഹോട്ടലുകളിൽ പാചകം ചെയ്യാൻ എൽ.പി.ജിക്ക് പകരം ബദൽ മാർഗങ്ങൾ ഒരുക്കുക അത്ര എളുപ്പമല്ല. ജില്ലയിലെ പല സ്ഥലങ്ങളിലും സിലണ്ടർ ലഭ്യതക്കുറവ് മൂലം ഹോട്ടലുകൾ അടഞ്ഞുകിടക്കുന്ന സാഹചര്യമുണ്ട്.

സിലിണ്ടർ പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ ലോണെടുത്തും മറ്റും കച്ചവടം തുടങ്ങിയവർക്ക് വലിയ തിരിച്ചടിയാകും. പാചക വാതക പ്രതിസന്ധി ഗാര്‍ഹിക ഉപഭോക്താക്കളെ തല്‍ക്കാലം ബാധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാർ പറയുന്നുണ്ടെങ്കിലും ബുക്കിങ് തടസ്സം നേരിടുന്നതായി വീട്ടമ്മമാര്‍ പറയുന്നു. പലപ്പോഴും ബുക്കിങ് സൗകര്യം ലഭ്യമാകുന്നുമില്ല. നെറ്റ്‍വർക്കുകളും തകരാറിലാണ്.

Show Full Article
TAGS:Cooking Gas crisis hotel And restaurant 
News Summary - Cooking gas crisis; Small hotels face closure
Next Story