ബ്രഹ്മഗിരി സൊസൈറ്റിയിൽ പ്രതിസന്ധി രൂക്ഷം; എ.കെ.ജി സെന്ററിൽ ആത്മഹത്യ ചെയ്യുമെന്ന് നിക്ഷേപകൻ
text_fieldsകൽപറ്റ: സി.പി.എം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയുമായി ബന്ധപ്പെട്ട പ്രതിസന്ധി രൂക്ഷമാകുന്നു. 100 കോടിയോളം രൂപയുടെ ബാധ്യതയുമായി രണ്ടര വർഷം മുമ്പ് പ്രവർത്തനം നിലച്ച സ്ഥാപനത്തിലെ നിക്ഷേപകരെ അനുനയിപ്പിക്കാൻ കഴിഞ്ഞ ദിവസം സുൽത്താൻ ബത്തേരിയിൽ യോഗം ചേർന്നെങ്കിലും വാഗ്ദാനങ്ങൾ മാത്രമായതോടെ പ്രതിഷേധവുമായി നിക്ഷേപകർ രംഗത്തെത്തി. പാർട്ടിയുടെ പ്രധാന നേതാക്കളും സൊസൈറ്റി മാനേജ്മെന്റ് പ്രതിനിധികളുമാണ് യോഗത്തിനെത്തിയിരുന്നത്. 45 കോടിയോളം രൂപ നിക്ഷേപമിറക്കിയ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അറുനൂറോളം പേരിൽ 90 ശതമാനവും പാർട്ടി പ്രവർത്തകരോ അനുഭാവികളോ ആണ്. ഇതിൽ 122 പേരാണ് കഴിഞ്ഞ ദിവസം യോഗത്തിനെത്തിയത്.
ഇനിയും പണം തിരിച്ചുനൽകിയില്ലെങ്കിൽ എ.കെ.ജി സെന്ററിലെത്തി ആത്മഹത്യ ചെയ്യുമെന്നാണ് 16 ലക്ഷം രൂപ സൊസൈറ്റിയിൽ നിക്ഷേപിച്ച പാർട്ടി അംഗം യോഗത്തിൽ അറിയിച്ചത്. പാർട്ടി ആവശ്യപ്പെട്ടതനുസരിച്ച് സൊസൈറ്റിയിൽ പണം നിക്ഷേപിച്ചതിന്റെ പേരിൽ സാമ്പത്തിക പ്രതിസന്ധിയിലായ താൻ ചെക്ക് കേസിൽ ജയിലിലായിട്ടും ഒരു നേതാവും തിരിഞ്ഞുനോക്കിയില്ലെന്നും ഇനിയും മിണ്ടാതിരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 10 ലക്ഷം നിക്ഷേപിച്ച വീട്ടമ്മ കുട്ടികളെ ഉൾപ്പെടെ വേദിയിലേക്ക് കൊണ്ടുവന്ന് സി.പി.എം നേതാക്കൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു. നിലവിൽ വീട് പോലുമില്ലാത്തത് കാരണം അടച്ചുറപ്പില്ലാത്ത പാടിയിലാണ് താമസിക്കുന്നതെന്നും നിക്ഷേപം തിരിച്ചുകിട്ടിയില്ലെങ്കിൽ ആത്മഹത്യയല്ലാതെ മാർഗമില്ലെന്നും ഇവർ പറഞ്ഞു.
അതേസമയം, ഫാക്ടറി നടത്തിപ്പിന് ഇസാഫുമായി ഏകദേശ ധാരണയിലെത്തിയതായും അടുത്ത മാസത്തോടെ ഫാക്ടറി തുറക്കാനാകുമെന്നുമാണ് നിക്ഷേപകരുടെ യോഗത്തിൽ നേതാക്കൾ അറിയിച്ചത്. ഇതു, പറയാൻ തുടങ്ങിയിട്ട് കാലം കുറേ ആയെന്നും പണം തിരിച്ചുതരാനുള്ള നടപടികൾ മാത്രമാണ് ആവശ്യമെന്നുമായിരുന്നു നിക്ഷേപകരുടെ മറുപടി.
220ഓളം തൊഴിലാളികളുണ്ടായിരുന്ന സ്ഥാപനം പൂട്ടിയതോടെ നിക്ഷേപമിറക്കിയവരും ജീവനക്കാരും പട്ടിണിയിലായി. സൊസൈറ്റിക്ക് വേണ്ടി വിവിധ ബാങ്കുകളിൽ നിന്നെടുത്ത കോടികളുടെ വായ്പയിൽ നിലവിൽ ജപ്തി ഭീഷണി നേരിടുകയാണ്. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ മഞ്ഞാടിയിലുള്ള ഫാക്ടറി നവീകരണത്തിനും നടത്തിപ്പിനുമായി 10 കോടി രൂപ വകയിരുത്തുകയും 50 ശതമാനം ലാഭവിഹിതത്തിൽ കമ്പനിയിൽ നിക്ഷേപമിറക്കാൻ സ്വകാര്യ കമ്പനി തയാറാവുകയും ചെയ്തതോടെ ഫാക്ടറി വീണ്ടും തുറക്കാനുള്ള നീക്കം നടന്നിരുന്നു. എന്നാൽ, നൂറു കോടിയോളം രൂപയുടെ ബാധ്യത പരിഹരിക്കാൻ കഴിയാതായതോടെ ചർച്ചകൾ വഴിമുട്ടി.