അപകീര്‍ത്തികരമായ രീതിയില്‍ നോട്ടീസ് വിതരണം; ടി. സിദ്ദിഖ് പരാതി നല്‍കി
text_fieldsകല്‍പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിച്ചതിന് പിന്നാലെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ നോട്ടീസ് വിതരണം ചെയ്ത സംഭവത്തില്‍ കൽപറ്റ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. ടി. സിദ്ദിഖ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണക്ക് പരാതി നല്‍കി.
എല്‍.ഡി.എഫ് സ്ഥാനാർഥി എം.വി. ശ്രേയാംസ്‌കുമാറിന്‍റെയും അദ്ദേഹത്തിന്‍റെ തെരഞ്ഞെടുപ്പ് ഏജന്‍റായ പി. അനുപമന്‍റെയും അറിവോടെയും സമ്മതത്തോടെയുമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലും വീടുകളില്‍ നേരിട്ടും സോഷ്യല്‍മീഡിയ വഴിയും നോട്ടീസ് പ്രചരിപ്പിക്കുന്നതെന്ന് സിദ്ദിഖ് പരാതിയില്‍ വ്യക്തമാക്കുന്നു.
ജില്ല തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ല കലക്ടര്‍, ജില്ല പൊലീസ് മേധാവി, കൽപറ്റ നിയോജക മണ്ഡലം വരണാധികാരി, ജില്ല സൈബര്‍സെല്‍ ഡിവൈ.എസ്.പി എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
പ്രസ്തുത നോട്ടീസ് വീടുകളിലും സ്ഥാപനങ്ങളിലും വിതരണം ചെയ്തത് എം.വി. ശ്രേയാംസ്‌കുമാറിന്‍റെ പാര്‍ട്ടിയായ എല്‍.ജെ.ഡിയുടെയും സി.പി.എമ്മിന്‍റെയും സജീവ പ്രവര്‍ത്തകരാണ്. പ്രസിദ്ധീകരിച്ച് വിതരണം ചെയ്ത നോട്ടീസിലെ പ്രസ്താവനകള്‍ തീര്‍ത്തും കളവാണ്. നോട്ടീസ് നല്‍കിയതുമായി ബന്ധപ്പെട്ട് നിരവധി പേരാണ് വിവരം വിളിച്ചറിയിച്ചത്.
ഇത്തരത്തില്‍ അപകീര്‍ത്തിപരമായ രീതിയില്‍ നോട്ടീസ് പ്രചരിപ്പിക്കുന്നത് 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 123 (4) പ്രകാരം കുറ്റകരമാണ്. ഈ സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പരാതിയില്‍ ആവശ്യപ്പെട്ടു.