നല്ലോണം ആഘോഷിക്കാം; ജില്ലതല ഓണം വാരാഘോഷം 24 മുതല്‍ 30 വരെ
text_fieldsഓണാഘോഷപരിപാടികളെക്കുറിച്ച് ചർച്ച ചെയ്യാൻ മന്ത്രി ടി. സിദ്ദീഖിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം
കൽപറ്റ: ജില്ലതല ഓണം വാരാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 24 മുതല്‍ 30 വരെ ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കൃഷി മന്ത്രി അഡ്വ.ടി. സിദ്ദീഖിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആലോചനയോഗത്തില്‍ തീരുമാനമായി. ജില്ല ഭരണകൂടം, ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുടെ ജില്ലതല ഉദ്ഘാടനം കല്പറ്റയില് നടക്കും. ദുരന്തങ്ങളില്‍നിന്ന് കരകയറിയ ജില്ലയുടെ വിനോദ സഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്തും വിധത്തില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഓണം വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളില്‍ മത്സരങ്ങളും പരിപാടികളും സംഘടിപ്പിക്കും. ജില്ല-താലൂക്ക്- പ്രാദേശിക തലങ്ങളില്‍ പൂക്കള മത്സരങ്ങള്‍, വടംവലി ഉള്‍പ്പെടെ മറ്റു മത്സരങ്ങള്‍ നടത്തും. വിനോദസഞ്ചാരികള്‍ക്കും പ്രദേശവാസികള്‍ക്കും ഒരുപോലെ പങ്കെടുക്കാന്‍ കഴിയുന്ന തരത്തിലായിരിക്കും ആഘോഷവും മത്സരങ്ങളും. ടൂറിസം കേന്ദ്രങ്ങളില്‍ ഏഴ് ദിവസം വൈദ്യുത ദീപാലങ്കാരം സജ്ജീകരിക്കും. വിവിധ സ്ഥലങ്ങളില്‍ പ്രാദേശിക കലാകാരന്മാരുടെ പരിപാടികള്‍ സംഘടിപ്പിക്കും. കുടുംബശ്രീയുമായി ചേര്‍ന്ന് ജില്ലതല പാരമ്പര്യ ഭക്ഷ്യമേള, സംസ്ഥാനതല കയാക്കിങ് മത്സരം, ജില്ലതല മഡ് ഫുഡ്ബാള്‍, മഡ് വോളിബാള്‍, ജല സാഹസിക യാത്ര എന്നിവ ഓണം വാരാഘോത്തോടനുബന്ധിച്ച് ജില്ലയിലെത്തുന്ന സഞ്ചാരികള്‍ക്ക് വ്യത്യസ്തമായ അനുഭവം സമ്മാനിക്കും.
ഇതിനുപുറമെ, ജില്ല ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പ്രാദേശിക ക്ലബുകളുമായി സഹകരിച്ചും വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. വിവിധ പ്രദേശങ്ങളില്‍ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികളില്‍ റിസോര്‍ട്ടുകളുടെയും മറ്റു സ്വകാര്യ സ്ഥാപനങ്ങളുടെയും സഹകരണം ഉറപ്പാക്കും. ആഘോഷ പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് കൃഷി മന്ത്രി അഡ്വ.ടി. സിദ്ദീഖ്, എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്, ഉഷ വിജയന് എന്നിവര്‍ രക്ഷാധികാരികളായും കലക്ടര്‍ ഡി.ആര്. മേഘശ്രീ ചെയര്‍മാനും ജില്ല ടൂറിസം പ്രമോഷന് കൗണ്‍സിലില്‍ സെക്രട്ടറി കണ്‍വീനറായി സ്വാഗത സംഘം രൂപവത്കരിച്ചു.
സാംസ്കാരിക പരിപാടികളോടെയുള്ള ഓണം വാരാഘോഷത്തിന്റെ സമാപനം 30ന് സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കും. കലക്ടറേറ്റില്‍ ചേര്‍ന്ന് ആലോചനയോഗത്തില്‍ എം.എല്‍.എ ഉഷ വിജയന്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്, കലക്ടര്‍ ഡി.ആര്. മേഘശ്രീ, സബ് കലക്ടര്‍ അതുല്‍ സാഗര്‍, വിവിധ തദ്ദേശ സ്ഥാപന അധ്യക്ഷര്‍, ജനപ്രതിനിധികള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രതിനിധികള്‍, ക്ലബ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


