നായ്ക്കളുടെ കടിയേൽക്കുന്നത് വർധിക്കുന്നു; തെരുവിലും ഭീതിയുടെ ദിനങ്ങൾ
text_fieldsകൽപറ്റ: ജില്ലയിൽ തെരുവുനായ്ക്കളുടെ ആക്രമണം രൂക്ഷമാകുമ്പോഴും നായ്ക്കളുടെ വന്ധ്യംകരണം അടക്കമുള്ള പ്രതിരോധ നടപടികൾ കാര്യക്ഷമമാക്കാതെ അധികൃതർ. ജില്ലയിൽ തെരുവുനായ്ക്കളുടെ ആക്രമണമില്ലാത്ത ദിവസങ്ങളില്ലെന്നു തന്നെ പറയാം. തെരുവുനായ് ശല്യം രൂക്ഷമായതിനെ തുടർന്ന് ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ല മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ പ്രഖ്യാപിച്ച എ.ബി.സി (അനിമൽ ബർത്ത് കൺട്രോൾ) പദ്ധതി ആരംഭിച്ചിട്ടുണ്ടെങ്കിലും ഒച്ചിഴയും വേഗത്തിലാണ് നടപടികൾ. സുൽത്താൻ ബത്തേരി, പടിഞ്ഞാറത്തറ എന്നിവിടങ്ങളിലായി ജില്ലിയിൽ രണ്ട് എ.ബി.സി കേന്ദ്രങ്ങളാണ് നിലവിൽ പ്രവർത്തിക്കുന്നത്.
തെരുവുനായ്ക്കളെ പിടികൂടി എ.ബി.സി കേന്ദ്രത്തിൽ എത്തിച്ച് വന്ധ്യംകരണം നടത്തി പേവിഷ ബാധക്കെതിരായ കുത്തിവെപ്പും നടത്തി മൂന്നു ദിവസം സംരക്ഷിച്ച ശേഷം തിരികെവിടുന്നതാണ് പദ്ധതി. വന്ധ്യംകരണം അടക്കമുള്ള പ്രതിരോധ നടപടികൾ വൈകുന്നത് തെരുവുനായ് ശല്യം രൂക്ഷമാക്കുകയാണ്. കൂട്ടത്തോടെയെത്തുന്ന തെരുവു നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് മദ്റസ, സ്കൂൾ വിദ്യാർഥികൾ അടക്കമുള്ളവർ കഷ്ടിച്ചാണു രക്ഷപ്പെടുന്നത്.
ശല്യം വർധിച്ചതോടെ സ്ത്രീകൾ ഉൾപ്പെടെ ഒട്ടേറെപ്പേർ പ്രഭാതസവാരി പോലും ഉപേക്ഷിച്ചു. കൽപറ്റ നഗരത്തിൽ തെരുവുനായ് ശല്യം അതി രൂക്ഷമാണ്. നഗരത്തിലെ പല സ്ഥലങ്ങളിലായി നൂറുകണക്കിന് തെരുവു നായ്ക്കളാണ് തമ്പടിക്കുന്നത്. പിണങ്ങോട് റോഡ്, പഴയ ബസ് സ്റ്റാൻഡ് പരിസരം, എച്ച്.ഐ.എം.യു.പി സ്കൂളിനു സമീപം, അനന്തവീര തിയറ്ററിനു സമീപം, പള്ളിത്താഴെ റോഡ്, പുതിയ ബസ് സ്റ്റാൻഡ് പരിസരം എന്നിങ്ങനെ നഗരത്തിലെ പ്രധാനപ്പെട്ട മേഖലകളിലെല്ലാം നായ്ക്കൾ തമ്പടിച്ചിക്കുന്നുണ്ട്.
വൈത്തിരി, മേപ്പാടി, വെള്ളമുണ്ട, പടിഞ്ഞാറത്തറ, കണിയാമ്പറ്റ, മാനന്തവാടി, ബത്തേരി, പുൽപള്ളി ടൗണുകളിലും പരിസരങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമാണ്. മാനന്തവാടിയിൽ പൊലീസ് സ്റ്റേഷൻ പരിസരം, ബസ് സ്റ്റാൻഡ്, എരുമത്തെരുവ് ഭാഗങ്ങളിലാണു ശല്യം കൂടുതൽ. പനമരം ടൗണും പരിസരങ്ങളിലും തെരുവ് നായ് ശല്യത്തിൽ ജനങ്ങൾ പൊറുതി മുട്ടിയ അവസ്ഥയാണ്. മീനങ്ങാടിയിൽ ബസ് സ്റ്റാൻഡ് പരിസരത്താണു വിളയാട്ടം.
അടുത്തകാലത്തായി ഒട്ടേറെപ്പേർക്ക് തെരുവു നായ്ക്കളുടെ കടിയേറ്റതും ഗുരുതര പരിക്കേറ്റതുമെല്ലാം ആശങ്കക്കിടയാക്കുകയാണ്. റോഡിലൂടെ പോവുന്ന വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കുംനേരേ പാഞ്ഞടുക്കുകയാണ് നായ്ക്കൾ. കമ്പളക്കാട് സ്കൂൾ റോഡിൽ നാലുകുട്ടികളെ തെരുവുനായ്ക്കൾ ആക്രമിച്ചുപരിക്കേൽപ്പിച്ചിരുന്നു. കൂടാതെ കോഴി, പൂച്ച, ആട് തുടങ്ങി വളർത്തുമൃഗങ്ങളെ കൊല്ലുകയും ചെയ്തു. മീനങ്ങാടി സ്കൂൾ റോഡിലെ സ്വകാര്യ ക്വാർട്ടേഴ്സിന് പുറക് വശത്ത് മാനിനെ ചത്ത നിലയിൽ കണ്ടെത്തിയത് തെരുവു നായ്ക്കൾ ആക്രമിച്ചതെന്നാണ് നിഗമനം. കഴിഞ്ഞ ജൂണിൽ പൊഴുതനയിൽ അഞ്ചു പേർക്കാണ് തെരുവുനായ് ആക്രമണത്തിൽ പരിക്കേറ്റത്.
മാനന്തവാടിയിൽ കഴിഞ്ഞ മാസം ബസ് സ്റ്റാൻഡിന് സമീപത്തെ എൽ.എഫ് സ്കൂൾ പരിസരത്ത് വച്ച് വായോധികന് ഉൾപ്പടെ നാലു പേർക്ക് കടിയേറ്റിരുന്നു. ഏപ്രിലിൽ കണിയാമ്പറ്റയിൽ തെരുവ് നായയുടെ ആക്രമണത്തിൽ മദ്റസയിലേക്ക് പോകുകയായിരുന്ന 12കാരിക്ക് ഗുരുതര പരിക്കേറ്റു. നായ്ക്കളുടെ ആക്രമണം തടയുന്നതിന് നടപടി സ്വീകരിക്കുകയും എ.ബി.സി പദ്ധതി കാര്യക്ഷമമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.