എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളി സമരം താൽക്കാലികമായി അവസാനിപ്പിച്ചു
text_fieldsവിവിധ തൊഴിലാളി സംഘടന നേതാക്കളുമായി
ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ നടത്തിയ ചർച്ച
കൽപറ്റ: എൽസ്റ്റൺ എസ്റ്റേറ്റ് തൊഴിലാളികൾ നടത്തിവന്ന സമരം താൽക്കാലികമായി അവസാനിപ്പിച്ചു. ജില്ല കലക്ടറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികള്‍ക്ക് അര്‍ഹമായ ആനുകൂല്യം ഉറപ്പാക്കാന്‍ സര്‍ക്കാറിലേക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ജില്ല കലക്ടര്‍ ഡി.ആര്. മേഘശ്രീ അറിയിച്ചു.
മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിത പ്രദേശത്തെ അതിജീവിതര്‍ക്ക് വേണ്ടി കല്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത 64 ഹെക്ടര്‍ ഭൂമിയിലുള്‍പ്പെട്ട തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്ന് വിവിധ തൊഴിലാളി സംഘടന നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ കലക്ടര്‍ അറിയിച്ചു. തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് തൊഴിലാളി സംഘടനകള്‍ നടത്തിയ സമരത്തിന്റെ ഭാഗമായാണ് സംഘടന നേതാക്കളുമായി ജില്ല കലക്ടര്‍ ചര്‍ച്ച നടത്തിയത്.
സംയുക്ത ട്രേഡ് യൂനിയന്‍ പ്രതിനിധികളുമായി ഏപ്രില്‍ 26ന് കലക്ടറേറ്റില്‍ വീണ്ടും യോഗം ചേരും. റീജനല്‍ ജോയിന്റ് ലേബര്‍ കമീഷണര്‍ കെ.വി. വിപിന്‍ ലാല്‍, ഡെപ്യൂട്ടി ലേബര്‍ ഓഫിസര്‍ എസ്.പി. ബഷീര്‍, പ്ലാന്റേഷന് ഇന്‍സ്പെക്ടര്‍ ആര്. പ്രിയ, വിവിധ തൊഴിലാളി സംഘടന നേതാക്കളായ പി. ഗഗാറിന്, പി.പി. ആലി, എന്‍. വേണുഗോപാലന്‍, എന്‍.ഒ. ദേവസി, സുരേഷ് ബാബു, കെ.ടി. ബാലകൃഷ്ണന്, യു. കരുണന്, കെ.കെ. രാജേന്ദ്രന്, കെ. സൈതലവി, ടി. ഹംസ, സി.എച്ച്. മമ്മി എന്നിവര്‍ പങ്കെടുത്തു. 26ന് നടക്കുന്ന ചർച്ചയിൽ ശാശ്വത പരിഹാരമുണ്ടായില്ലെങ്കിൽ വീണ്ടും സമരവുമായി രംഗത്തുവരാനാണ് തൊഴിലാളികളുടെ തീരുമാനം.