ആവേശക്കലാശം; ഇനി നിശ്ശബ്ദപ്പോര്
text_fieldsകൽപറ്റയിൽ നടന്ന എൽ.ഡി.എഫ് കൊട്ടിക്കലാശത്തിൽനിന്ന്
കൽപറ്റ: ദിവസങ്ങൾ നീണ്ട പരസ്യ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തിരശ്ശീല. തദ്ദേശ തെരഞ്ഞെടുപ്പിന് സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന് മണിക്കൂറുകൾ ശേഷിക്കേ ചൊവ്വാഴ്ച വൈകീട്ട് ആറോടെയാണ് ജില്ലയിലെങ്ങും ആവേശം വിതറി പരസ്യ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ അവസാനിച്ചത്. കൊട്ടിക്കലാശത്തിന് ആയിരങ്ങളാണ് നഗരങ്ങളിലും തെരുവുകളിലും കൊടികളും ബാനറുകളും ബാൻഡ് മേളങ്ങളുമായി പങ്കാളികളായത്. ഓരോ തദ്ദേശസ്ഥാപന പരിധിയിലെയും പ്രധാന ടൗണുകൾ കേന്ദ്രീകരിച്ചായിരുന്നു കൊട്ടിക്കലാശം.
വ്യാഴാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ മനസ്സുറപ്പിക്കാൻ ബാക്കിയുള്ള മണിക്കൂറുകൾ രാഷ്ട്രീയ പാർട്ടി പ്രവർത്തകൾ നിശ്ശബ്ദ പ്രചാരണത്തിനും അവസാന കൂടിക്കാഴ്ചകൾക്കുമാകും വിനിയോഗിക്കുക. ജില്ലയിലെങ്ങും നഗരങ്ങളും ഗ്രാമങ്ങളും കേന്ദ്രീകരിച്ച് നടത്തിയ കൊട്ടിക്കലാശം മുന്നണികളുടെ കരുത്ത് വിളിച്ചറിയിക്കുന്നത് കൂടിയായി. യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികൾ മിക്കയിടങ്ങളിലും സജീവമായപ്പോൾ എൻ.ഡി.എ തങ്ങൾക്ക് കൂടുതൽ സ്വാധീനമുള്ള സ്ഥലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. മുന്നണികളില്ലാത്ത പാർട്ടികളും സ്വതന്ത്രരും ചിലയിടങ്ങളിൽ കലാശക്കൊട്ടിൽ ആവേശം വിതച്ചു.
അഞ്ചും ആറും റൗണ്ട് വീടുകൾ കയറിയുള്ള പ്രചാരണങ്ങളാണ് ഇത്തവണം സ്ഥാനാർഥികൾ നടത്തിയത്. പൊതുയോഗങ്ങളും പ്രചാരണ ജാഥകളും കുടുംബസംഗമങ്ങളും നവമാധ്യമങ്ങളിൽ റീലും പാട്ടും പോസ്റ്റുമൊക്കെയായി പ്രചാരണങ്ങൾ കൊഴുത്തു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടൊപ്പം വിവാദങ്ങളും ആരോപണങ്ങളും ജില്ലയിലെ തെരഞ്ഞെടുപ്പ് കളം നിറച്ചു. ഒരുമാസം നീണ്ട പ്രചാരണം തങ്ങൾക്കനുകൂലമാണോയെന്ന് ഉറപ്പിക്കാനുള്ള അവസാന മണിക്കൂറുകളാണ് സ്ഥാനാർഥികൾക്കിനിയുള്ളത്.
കൽപറ്റയിൽ പിണങ്ങോട് ജങ്ഷൻ കേന്ദ്രീകരിച്ചായിരുന്നു യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികളുടെ കൊട്ടിക്കലാശം. വാദ്യമേളങ്ങളുടെ അകമ്പടിയോടെയുള്ള വലിയ കൊട്ടിഘോഷം കൃത്യം ആറുമണിക്ക് തന്നെ അവസാനിച്ചു. ഡിവൈ.എസ്.പി പി.എൽ. ഷൈജുവിന്റെ നേതൃത്വത്തിലുള്ള വലിയ പൊലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. ടി. സിദ്ദീഖ് എം.എൽ.എയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് പ്രവർത്തകരുടെ പ്രകടനം പുതിയ സ്റ്റാൻഡ് ഭാഗത്തുനിന്ന് പിണങ്ങോട് ജങ്ഷനിലെത്തിയപ്പോൾ സി.പി.എം ജില്ല സെക്രട്ടറി കെ. റഫീഖിന്റെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ് റാലി പഴ സ്റ്റാൻഡ് ഭാഗത്തുനിന്നുമാണ് എത്തിയത്.


