പ്രതിദിനം 300 രൂപ സഹായം വാക്കിൽ മാത്രം ഒതുങ്ങി; ഉത്തരവിറങ്ങിയിട്ടും വയനാട് ദുരന്തബാധിതർക്ക് ധനസഹായ വിതരണം തുടങ്ങിയില്ല
text_fieldsടൗൺഷിപ്പിലെ വീടുപണി ബുധനാഴ്ച തുടങ്ങിയപ്പോൾ
കൽപറ്റ: ഉപജീവന സഹായം കിട്ടാതായതോടെ തുടർജീവിതത്തിൽ ദുരിതവുമായി മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ ദുരന്തബാധിതർ. ദിവസേന 300 രൂപ സഹായം വീണ്ടും നൽകുമെന്ന സര്‍ക്കാര്‍ ഉത്തരവിറങ്ങി ഒരാഴ്ച പിന്നിട്ടിട്ടും ഇതുവരെ വിതരണം ആരംഭിച്ചിട്ടില്ല. സർക്കാറിന്റെ അറിയിപ്പും അതിന്റെ പോസ്റ്ററുകളും കിട്ടിയതല്ലാതെ സഹായം കിട്ടിത്തുടങ്ങിയിട്ടില്ലെന്ന് ദുരിതബാധിതർ പറയുന്നു.
ജീവനോപാധി നഷ്ടപ്പെട്ട കുടുംബങ്ങളിലെ രണ്ടു വ്യക്തികള്‍ക്ക് വീതം സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍നിന്നും (എസ്.ഡി.ആര്.എഫ്) കിടപ്പുരോഗികളുള്ള കുടുംബത്തിലെ ഒരാള്‍ക്ക് കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും പ്രതിദിനം 300 രൂപ വീതം ഒമ്പത് മാസത്തേക്കുകൂടി ദീര്‍ഘിപ്പിച്ച് ഏപ്രില്‍ ഏഴിനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടും തുക വിതരണം ഇതുവരെ ആരംഭിച്ചിട്ടില്ല. ദുരന്തത്തിനുശേഷം മൂന്നു മാസം മാത്രമാണ് ഈ തുക കുടുംബങ്ങള്‍ക്ക് ലഭിച്ചത്.
അതേസമയം പുതിയ ഉത്തരവു പ്രകാരം മുഴുവന്‍ ദുരന്തബാധിതര്‍ക്കും ഉപജീവന സഹായം ലഭിക്കില്ലെന്നാണ് സൂചന. മറ്റൊരു ഉപജീവന മാര്‍ഗവും ഇല്ലാത്തവര്‍ക്ക് മാത്രമാകും സഹായം ലഭിക്കുക. സഹായധനം ലഭിക്കാന്‍ മറ്റൊരു ഉപജീവന മാര്‍ഗവും ലഭ്യമല്ലെന്ന സത്യവാങ്മൂലവും ദുരന്തബാധിതര്‍ നല്‍കണം. നേരത്തെ പ്രത്യക്ഷത്തിലും പരോക്ഷമായും ദുരന്തം ബാധിച്ച മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഉപജീവന സഹായം നല്‍കിയിരുന്നു.
ടൗൺഷിപ് മാതൃകവീടുകളുടെ നിർമാണം തുടങ്ങി
കൽപറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾദുരന്ത ബാധിതരുടെ പുനരധിവാസത്തിനുള്ള ടൗൺഷിപ്പിലെ വീടുകളുടെ നിർമാണം തുടങ്ങി. രണ്ടു വീടുകൾ നിർമിക്കാനുള്ള തറ കുഴിക്കൽ പണികളാണ് ബുധനാഴ്ച രാവിലെ തുടങ്ങിയത്. ടൗൺഷിപ് പദ്ധതിയുടെ നിർമാണം ആറു മാസത്തിനകം പൂർത്തീകരിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് സ്പെഷൽ ഓഫിസർ എസ്. സുഹാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പൊതു റോഡ്, അംഗൻവാടി, പൊതു മാർക്കറ്റ്, മാതൃകാ ആശുപത്രി എന്നിവയുടെയും പ്രവൃത്തി അടുത്ത ദിവസങ്ങളിൽ തുടങ്ങും.
നാല് ക്ലസ്റ്ററുകളായി തിരിച്ചായിരിക്കും വീടുകൾ നിർമിക്കുക. മെയ്-ജൂൺ മാസങ്ങളിൽ കാലവർഷം ശക്തി പ്രാപിക്കുന്നതിനാൽ പ്രവൃത്തി വേഗത്തിൽ നടക്കുമെന്നും അധികൃതർ പറയുന്നു.
ദുരന്ത ബാധിതര്‍ക്കുള്ള സഹായം തുടരും-മന്ത്രി കെ. രാജന്
കൽപറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കുള്ള സര്‍ക്കാര്‍ സഹായം തുടരുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്. ദുരന്തബാധിതരായ, ജീവനോപാധി നഷ്ടപ്പെട്ട ഒരു കുടുംബത്തിലെ രണ്ടുപേര്‍ക്ക് 300 രൂപ വീതം ഒമ്പതു മാസത്തേക്ക് നല്കാന് സര്‍ക്കാര്‍ ഉത്തരവായി. കിടപ്പുരോഗികളുള്ള കുടുംബത്തിലെ ഒരാള്‍ക്ക് 300 രൂപ വീതം ഒമ്പതു മാസത്തേക്ക് നല്‍കും.
നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ഒരു മാസം 1000 രൂപയുടെ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നതിനുള്ള കൂപ്പണ്‍ ജില്ല ഭരണകൂടം മുഖേന നല്‍കിയിട്ടുണ്ട്. മറ്റൊരു ഉപജീവനമാര്‍ഗം ലഭ്യമല്ലെന്ന സത്യവാങ്മൂലം ലഭ്യമാക്കിയ ശേഷമായിരിക്കും തുക അനുവദിക്കുക.
സത്യവാങ്മൂലം നല്‍കണം
കൽപറ്റ: ഏപ്രില്‍ ഏഴിലെ ഉത്തരവ് പ്രകാരമുള്ള തുക ലഭിക്കുന്നതിന് മറ്റൊരു ഉപജീവന മാര്‍ഗം ലഭ്യമല്ലെന്ന സത്യവാങ്മൂലം ജില്ല കലക്ടര്‍ക്ക് സമര്‍പ്പിക്കണം. ഇതിന് കലക്ടറേറ്റ് റൗണ്ട് കോണ്‍ഫറന്‍സ് ഹാളില്‍ വൈത്തിരി തഹസില്‍ദാര്‍ സൗകര്യമേര്‍പ്പെടുത്തി. മുണ്ടക്കൈ-ചൂരല്‍മല ഫേസ് ഒന്നിലെ ഗുണഭോക്തൃ ലിസ്റ്റില്‍പ്പെട്ടവര്‍ക്ക് ഏപ്രില്‍ 19ന് രാവിലെ 9.30 മുതല്‍ ഒരുമണി വരെയും ഫേസ് രണ്ട് എ, രണ്ട് ബി ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഉച്ചക്ക് രണ്ട് മുതല്‍ അഞ്ച് വരെയും മുമ്പ് ആനുകൂല്യം ലഭിച്ചവര്‍ക്ക് ഏപ്രില്‍ 21ന് രാവിലെ 9.30 മുതലും സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സൗകര്യമേര്‍പ്പെടുത്തും