പ്രാരംഭ പ്രവൃത്തി തുടങ്ങി; ഔദ്യോഗിക നിർമാണോദ്ഘാടനം 31ന്
text_fieldsകള്ളാടി-ആനക്കാംപൊയിൽ തുരങ്കപാതയുടെ പ്രാരംഭ പ്രവൃത്തി കള്ളാടിയിൽ നടക്കുന്നു
കൽപറ്റ: പ്രതീക്ഷകൾക്കൊപ്പം ആശങ്കയും നിറക്കുന്ന കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാത നിർമാണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ആഗസ്റ്റ് 31ന്. വൈകീട്ട് മൂന്നിന് ആനക്കാംപൊയിലിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവഹിക്കുക. കൊങ്കൺ റെയിൽവേ കോർപറേഷന്റെ മേൽനോട്ടത്തിൽ ഭോപാൽ ആസ്ഥാനമായ ദിലിപ് ബിൽഡ്കോൺ കമ്പനിയാണ് പ്രവൃത്തി നടത്തുക. പ്രധാന റോഡിന്റെ 300 മീറ്റർ അകലെനിന്നാണ് തുരങ്ക നിർമാണം ആരംഭിക്കുക. ഇവിടേക്ക് നിർമാണ സമഗ്രികൾ എത്തിക്കുന്നതിനുള്ള പാതയുടെ പ്രവൃത്തി ഇതിനകം തുടങ്ങിക്കഴിഞ്ഞു.
മേപ്പാടി-ചൂരൽമല റോഡിൽനിന്നുള്ള നിർമാണമാണ് മണ്ണുമാന്തി യന്ത്രം കൊണ്ട് തുടങ്ങിയത്. പാതയുടെ പ്രധാന പ്രവൃത്തി കള്ളാടിയിൽ നിന്നാണ് ആരംഭിക്കുക. ആധുനിക യന്ത്രസഹായത്തോടെയാവും നിർമിതി. തൊഴിലാളികൾക്ക് താമസിക്കുന്നതിനുള്ള സൗകര്യം നിർമാണ കമ്പനി ഒരുക്കി. ഓഫിസ് ഒരുക്കുന്നതിനുള്ള കണ്ടെയ്നറും എത്തിച്ചു.
ഒന്നാം പിണറായി സർക്കാറിന്റെ നൂറുദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുരങ്കപാത പദ്ധതിക്ക് തുടക്കമിട്ടത്. തുരങ്കപാത യാഥാർഥ്യമാകുന്നതോടെ ആനക്കാംപൊയിലിൽനിന്ന് 22 കിലോമീറ്റർകൊണ്ട് മേപ്പാടിയിലെത്താം. ഏറ്റവും കൂടുതൽ പ്രയോജനം വയനാടൻ ജനതക്കാണ്. തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് പ്രദേശവാസികൾ. ആനക്കാംപൊയിലിൽ 31ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ മേപ്പാടിയിൽനിന്നും നിരവധി പേർ പങ്കെടുക്കും. ആനക്കാംപൊയിലിലും മേപ്പാടിയിലും സംഘാടക സമിതികൾ രൂപവത്കരിച്ചിട്ടുണ്ട്.
പ്രതീക്ഷകൾക്കൊപ്പം ആശങ്കയും
വയനാട്ടിലേക്കുള്ള ബദൽപാതയെന്ന നിലക്കാണ് തുരങ്കപാത പരിഗണിക്കപ്പെടുന്നത്. യാഥാര്‍ഥ്യമായാല്‍ ആനക്കാംപൊയിലില്‍നിന്ന് 16 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മേപ്പാടിയിലെത്താം. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളുടെ വികസനത്തിനും ചരക്കുനീക്കത്തിനും ടൂറിസം പദ്ധതികള്‍ക്കും കുതിച്ചുചാട്ടമുണ്ടാകും. മലപ്പുറത്തുനിന്നും കോഴിക്കോട്ടുനിന്നും കര്‍ണാടകയിലേക്കുള്ള ദൂരവും ഗണ്യമായി കുറയും. റോഡ് നിർമാണത്തിന് ഉണ്ടാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ പോലും തുരങ്ക പാതക്കുണ്ടാകില്ലെന്നാണ് അനുകൂലിക്കുന്നവർ പറയുന്നത്.
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പഠനങ്ങളിൽ പ്രകൃതി ദുരന്തങ്ങളുടെ സാധ്യതാപ്പട്ടികയിലുള്ള പ്രദേശത്തുകൂടിയാണ് തുരങ്കപ്പാത പോകുന്നത്. 298 പേരുടെ മരണത്തിനിടയാക്കിയ ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ പ്രദേശങ്ങൾ കൂടിയാണിത്. നിരവധിപേരുടെ ജീവനെടുത്ത 1984ലെയും 2019ലെയും മുണ്ടക്കൈ ഉരുൾപൊട്ടൽ, 1962ലെയും 1996ലെയും ചെമ്പ്ര ഉരുൾപൊട്ടൽ എന്നിവ നടന്ന പ്രദേശം തുരങ്കപാത പദ്ധതിക്ക് അടുത്താണ്. കോഴിക്കോട്ടെ തിരുവമ്പാടി വില്ലേജും വയനാട്ടിലെ വെള്ളരിമല വില്ലേജും ഇ.എസ്.എ വില്ലേജുകളാണ്. പദ്ധതിയുടെ 5.76 കിലോമീറ്റർ വനഭൂമിയിലൂടെ കടന്നുപോകുന്നു. വയനാട്ടിലെ ആദിവാസി സെറ്റിൽമെന്റായ അരണമല കാട്ടുനായ്ക്ക കോളനിയിലെ 27 കുടുംബങ്ങളെ പദ്ധതി ബാധിക്കുമെന്നും ആശങ്കയുണ്ട്.