സൈബർ തട്ടിപ്പ്: ജില്ലയിൽ വ്യാപക പരിശോധന, 27 കേസുകൾ
text_fieldsകൽപറ്റ: സൈബർ സംവിധാനങ്ങൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുന്നതിനെതിരെ ജില്ലയിൽ വ്യാപക പരിശോധന. സംസ്ഥാന വ്യാപകമായി കഴിഞ്ഞ ദിവസം നടത്തിയ സൈ -ഹണ്ട് ഓപറേഷന്റെ ഭാഗമായി ജില്ലയിൽ 38 ഇടങ്ങളിലാണ് പരിശോധന നടത്തിയത്. 27 കേസുകൾ രജിസ്റ്റർ ചെയ്തു. 21 പേരെ പിടികൂടി നോട്ടിസ് നൽകി. ബാങ്ക് അകൗണ്ടുകൾ കേന്ദ്രീകരിച്ചുള്ള മ്യൂൾ അകൗണ്ടുകൾ, ചെക്ക്, എ.ടി.എം കാർഡ് തുടങ്ങിയവ ഉപയോഗിച്ച് വിവിധ തരത്തിലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെയാണ് പൊലീസ് നടപടി സ്വീകരിച്ചത്.
കേരള സൈബർ ഡിവിഷന്റെ നേതൃത്വത്തിൽ ബാങ്ക് അകൗണ്ടുകൾ കേന്ദ്രീകരിച്ചും മറ്റും സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ നിരന്തരമായി നിരീക്ഷിച്ചാണ് പൊലീസ് സൈബർ ഹണ്ട് ഓപ്പറേഷൻ നടപ്പിലാക്കിയത്. ജില്ല പൊലീസ് മേധാവി എസ്. ദേവ മനോഹറിന്റെ മേൽനോട്ടത്തിൽ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചാണ് പരിശോധന നടത്തിയത്. ബാങ്ക് അകൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി സൈബർ കുറ്റകൃത്യങ്ങളിൽ ബന്ധമുള്ള മറ്റു പ്രതികളെ കണ്ടെത്തി തുടർ നടപടികൾ സ്വീകരിക്കും.
ബാങ്കിൽനിന്നാണെന്ന വ്യാജേന മൊബൈൽ ഫോണിലേക്ക് മെസേജ് അയച്ചുള്ള തട്ടിപ്പ്, ഗതാഗതവകുപ്പിൽ നിന്ന് വാഹനത്തിന് പിഴ ഉണ്ടെന്ന് പറഞ്ഞ് പ്രത്യേക ലിങ്കോട് കൂടി ഫോണിലേക്ക് മെസേജ് അയക്കൽ, വിദ്യാർഥികളുടെതടക്കം ബാങ്ക് അകൗണ്ട് വിവരങ്ങൾ ചോദിച്ച് ആ അകൗണ്ടുകളിലേക്ക് വൻതോതിൽ പണമയക്കൽ, ഇതിനായി അകൗണ്ട് ഉടമക്ക് പ്രതിഫലം നൽകൽ, പാർട്ട് ടൈം ജോലിയുടെ പേരിലുളള തട്ടിപ്പ്, അകൗണ്ടിൽ പണമയക്കൽ, ബാങ്ക് കെവൈ.സി വിവരങ്ങൾക്കാണെന്ന വ്യാജേനയുള്ള ഫോൺ വിളികൾ, മൊബൈൽ സന്ദേശമയക്കൽ തുടങ്ങിയ കാര്യങ്ങളെല്ലാം സൈബർതട്ടിപ്പിന്റെ പരിധിയിൽ വരും. ഇത്തരം മെസേജുകൾ വരുമ്പോൾ പ്രതികരിക്കുകയോ ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈമാറുകയോ ചെയ്യരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നുണ്ട്.



