അപേക്ഷ റെഡി ആണോ....? ഒരാഴ്ചക്കകം പാസ്പോർട്ട് ലഭ്യമാകും
text_fieldsനഗരത്തിലെ ഹെഡ് പോസ്റ്റ് ഓഫിസ് കെട്ടിടത്തോടു ചേർന്ന് പ്രവർത്തനം
തുടങ്ങിയ പാസ്പോർട്ട് സേവ കേന്ദ്രം
കൽപറ്റ: ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ ജില്ലയിലെ ആദ്യത്തെ പോസ്റ്റ് ഓഫിസ് പാസ്പോർട്ട് സേവാ കേന്ദ്രം (പി.ഒ.പി.എസ്.കെ) കൽപറ്റ ഹെഡ് പോസ്റ്റ് ഓഫിസിൽ പ്രവർത്തനമാരംഭിച്ചു. കോഴിക്കോട് റീജനൽ പാസ്പോർട്ട് ഓഫിസിന്റെ അധികാര പരിധിയിലുള്ള രണ്ടാമത്തെ പോസ്റ്റ് ഓഫിസ് പാസ്പോർട്ട് സേവാ കേന്ദ്രവും രാജ്യത്തെ 447ാമത്തെ കേന്ദ്രവുമാണിത്.
തുടക്കത്തിൽ പ്രതിദിനം 50 അപേക്ഷകർക്കു സേവനം നൽകുന്നതായി അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിൽ പ്രതിദിനം 120 അപേക്ഷകൾ വരെ ലഭ്യമാക്കാനാണ് പദ്ധതി. പാസ്പോർട്ട് സേവാ പോർട്ടൽ (www.passportindia.gov.in) അല്ലെങ്കിൽ mPassport സേവാ മൊബൈൽ ആപ്പ് (Android, iOS എന്നിവയിൽ ലഭ്യമാണ്) ജനനതീയതി തെളിയിക്കുന്ന രേഖ, പാൻകാർഡ്, എസ്.എസ്.എൽ.സി ബുക്ക്, വോട്ടർ ഐ.ഡി എന്നിവ ഉപയോഗിച്ച് ആർക്കും അക്ഷയ/ഡിജിറ്റൽ സേവ കേന്ദ്രങ്ങൾ വഴിയും സ്മാർട്ട് ഫോൺ ഉപയോഗിച്ചും ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷകർക്ക് അപ്പോയിൻമെന്റ് രജിസ്ട്രേഷൻ നമ്പർ ലഭിച്ചാൽ സമയമനുസരിച്ച് വിദേശകാര്യ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന വെരിഫിക്കേഷൻ ഓഫിസറുടെ നേതൃത്വത്തിൽ ഫിസിക്കൽ ടെസ്റ്റിന്റെ ഭാഗമായി ലൈവ് ഫോട്ടോക്ക് ഹാജരാകേണ്ടതാണ്. തുടർന്ന് ഒറിജിനൽ പാസ്പോർട്ട് കൈയിൽ കിട്ടുന്നതുവരെ ഫയൽ നമ്പർ ലഭിക്കുന്നതാണ്.
ഇതു പ്രകാരം നിലവിൽ അപേക്ഷകർക്ക് ഒരാഴ്ചക്കുള്ളിൽ പാസ്പോർട്ട് ലഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. പാസ്പോർട്ടിനും അനുബന്ധ സേവനങ്ങൾക്കുമായി അയൽ ജില്ലകളിലേക്ക് ദീർഘദൂരം സഞ്ചരിക്കേണ്ടി വന്നിരുന്ന വയനാട്ടുകാർക്ക് ഇനിമുതൽ ആശ്വാസമാകും. വിദേശകാര്യ മന്ത്രാലയവും ഭാരതീയ തപാല്‍ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
പാസ്പോർട്ട് വെരിഫിക്കേഷൻ, പുതുക്കൽ എന്നിവക്കു പുറമെ വിദേശരാജ്യങ്ങളിലേക്ക് പോകുന്നതിനുള്ള പൊലീസ് ക്ലിയറൻസ്, ഗവൺമെന്റ് ജോലിയിൽ പ്രവേശിപ്പിക്കുന്നതിനുള്ള പി.സി.സി സർട്ടിഫിക്കറ്റ് രജിസ്ട്രേഷനും ഇവിടെ ലഭ്യമാണ്. പാസ്പോര്‍ട്ട് സേവനങ്ങള്‍ വേഗത്തിലും സുഗമമായും ജനങ്ങളിലേക്കെത്തിക്കുകയാണ് ലക്ഷ്യം. തിങ്കൾ മുതൽ വെള്ളിവരെ രാവിലെ ഒമ്പതു മുതൽ വൈകീട്ട് 5.30 വരെയാണ് ഓഫിസിന്റെ പ്രവർത്തന സമയം.