സ്ഥല പരിമിതി; വീർപ്പുമുട്ടി കൽപറ്റ ജി.എൽ.പി സ്കൂൾ
text_fieldsകൽപറ്റ: കളിസ്ഥലം പോലുമില്ലാതെ വർഷങ്ങളായി സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുകയാണ് നഗരത്തോട് ചേർന്നുപ്രവർത്തിക്കുന്ന കൽപറ്റ ഗവ. എൽ.പി സ്കൂൾ. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയായി 168ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ടെങ്കിലും 23 സെന്റ് സ്ഥലത്ത് ഇനി ശുചിമുറി നിർമിക്കാനുള്ള സൗകര്യം പോലുമില്ല. സ്കൂൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് പി.ടി.എ ഉൾപ്പെടെ നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടാകുന്നില്ലെന്നാണ് രക്ഷിതാക്കൾ പറയുന്നത്.
സ്കൂളിന് മുന്നിൽ വലിയ കെട്ടിടങ്ങളാണ് സ്ഥിതിചെയ്യുന്നത്. ദേശീയപാതയിൽനിന്ന് സ്കൂളിലേക്ക് പ്രവേശിക്കണമെങ്കിൽ കുത്തനെയുള്ള നിരവധി പടികൾ കയറണം. ചുറ്റും വീടുകളും കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നത് കാരണം ഇടുങ്ങിയ സ്കൂളിനുള്ളിൽ ശുദ്ധവായു ശ്വസിക്കാൻപോലും പറ്റാത്ത സാഹചര്യമാണെന്ന് അധ്യാപകർ പറയുന്നു.
120 വർഷം പഴക്കമുള്ള സ്കൂളിൽ വിദ്യാർഥികൾ കുറഞ്ഞതിനെ തുടർന്ന് 2003ൽ അടച്ചുപൂട്ടാൻ സർക്കാർ നിർദേശം നൽകിയിരുന്നു. എന്നാൽ, അന്നത്തെ രാഷ്ട്രപതിയായിരുന്ന എ.പി.ജെ. അബ്ദുൽ കലാമിന് സ്കൂൾ പൂട്ടാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിദ്യാർഥി കത്തയച്ചതോടെ അദ്ദേഹം ഇടപെട്ട് സ്കൂൾ പ്രവർത്തനം തുടരാൻ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെടുകയായിരുന്നു.
നിലവിൽ ഒരു കെട്ടിടത്തിൽ ചെറിയ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് വിദഗ്ധ സമിതി പരിശോധന നടത്തി കെട്ടിടം താൽക്കാലികമായി പൂട്ടിയിടാൻ നിർദേശം നൽകിയതോടെ വിദ്യാർഥികളുടെ ദുരിതം വീണ്ടും ഇരട്ടിച്ചു. ചില ക്ലാസുകളിൽ ഞെരുങ്ങിയാണ് വിദ്യാർഥികൾ ഇരിക്കുന്നതുപോലും.
സ്കൂൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് സർക്കാറിനും മന്ത്രിമാർക്കും കലക്ടർക്കും ഉൾപ്പെടെ നിവേദനം നൽകിയെങ്കിലും നടപടികൾ വൈകുകയാണ്. കഴിഞ്ഞ ദിവസം സ്കൂൾമാറ്റവുമായി ബന്ധപ്പെട്ട് ജില്ല സർവേയർ സ്കൂളിലെത്തി സ്ഥലപരിശോധന നടത്തിയിരുന്നു. ഉരുൾദുരന്ത ബാധിതരെ താമസിപ്പിക്കാൻ ഉദ്ദേശിക്കുന്ന കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിലെ ടൗൺഷിപ്പിലേക്ക് സ്കൂൾ മാറ്റാൻ തയാറായാൽ കൂടുതൽ സൗകര്യപ്രദമാകുെമന്നാണ് രക്ഷിതാക്കൾ പറയുന്നത്.
ഇതിനായുള്ള നടപടികൾ ജില്ല ദുരന്ത നിവാരണ അതോറിറ്റിയിലടക്കം ചർച്ച ചെയ്യുകയും നടപടികളുമായി മുന്നോട്ടുപോവുകയും ചെയ്യുന്നുണ്ടെങ്കിലും സ്കൂൾ മാറ്റത്തിന് നഗരസഭയുടെ അനുമതികൂടി ലഭിക്കേണ്ടതുണ്ട്. നിലവിലുള്ള സ്ഥലത്തുനിന്ന് ഒരു കിലോ മീറ്റർ മാത്രമാണ് എൽസ്റ്റൺ എസ്റ്റേറ്റിലേക്കുള്ള ദൂരം.
തടസ്സം കൽപറ്റ നഗരസഭ -സി.പി.എം
കൽപറ്റ: സ്കൂൾ പ്രവർത്തനം എൽസ്റ്റൺ എസ്റ്റേറ്റിലെ ടൗൺഷിപ്പിലേക്ക് മാറ്റാനുള്ള ശ്രമത്തിന് കൽപറ്റ നഗരസഭ തടയിടാൻ ശ്രമിക്കുന്നതായി സി.പി.എം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ടൗൺഷിപ്പിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കമുള്ള ആധുനിക സംവിധാനങ്ങൾ ഉണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. സി.പി.എമ്മും പി.ടി.എയും നൽകിയ നിവേദനം സർക്കാർ പരിഗണിക്കുകയും ജി.എൽ.പി സ്കൂൾ, ടൗൺഷിപ്പിലേക്ക് മാറ്റാൻ തീരുമാനിക്കുകയും ചെയ്തിരുന്നു.
ഇത് നടപ്പാക്കാൻ നഗരസഭ അനുമതി നൽകാത്തതാണ് പ്രതിസന്ധിയിലാക്കുന്നത്. വിഷയത്തിൽ ഇടപെടേണ്ട കൽപറ്റ എം.എൽ.എ മൗനം പാലിക്കുകയാണ്. അടിയന്തര കൗൺസിൽ വിളിച്ച് പ്രശ്നം പരിഹരിക്കാൻ നഗരസഭ തയാറായില്ലെങ്കിൽ നഗരസഭക്ക് മുന്നിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ വി. ഹാരിസ്, സി.കെ. ശിവരാമൻ, പി.കെ. അബു, പി.കെ. ബാബുരാജ്, കെ.ടി. മഹബൂബ് എന്നിവർ പങ്കെടുത്തു


