ഉരുൾ ദുരന്തമുഖത്തുണ്ടായിരുന്ന യുവതിക്ക് വീടൊരുങ്ങി
text_fieldsദുരന്ത ബാധിതക്കായി കേരള സ്റ്റേറ്റ് ടിമ്പർ മർച്ചന്റ്സ് അസോസിയേഷൻ നിർമിച്ച സ്നേഹ വീട്
കൽപറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾ ദുരന്തബാധിത പ്രദേശത്ത് താമസിച്ചിരുന്ന യുവതിക്ക് കേരള സ്റ്റേറ്റ് ടിമ്പർ മർച്ചന്റ്സ് അസോസിയേഷൻ നിർമിച്ച സ്നേഹ വീട് സെപ്റ്റംബർ എട്ടിന് കൈമാറുമെന്ന് ഭാരവാഹികൾ അറിയിച്ചു. പനമരം എരനല്ലൂരിൽ 10 സെന്റിൽ ആയിരം ചതുരശ്ര അടിയിലാണ് വീട് നിർമിച്ചത്.
35 ലക്ഷം രൂപയാണ് ഇതിനായി ചെലവായത്. ടിമ്പർ മർച്ചന്റ്സ് അസോസിയേഷൻ അംഗങ്ങളിൽ നിന്നാണ് തുക സമാഹരിച്ചത്. ആറുമാസം കൊണ്ടാണ് വീട് നിർമാണം പൂർത്തീകരിച്ചത്. ഉച്ചക്ക് നടക്കുന്ന ചടങ്ങിൽ മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ. ശശീന്ദ്രൻ രേഖകൾ കൈമാറും. കെ.എസ്.ടി.എം.എ. സംസ്ഥാന പ്രസിഡന്റ് വക്കച്ചൻ പുല്ലാട്ട് കണ്ണൂർ അധ്യക്ഷത വഹിക്കും. എം.എൽ.എമാരായ ടി. സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണൻ, ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ, അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.എസ്. നാസർ അടിമാലി എന്നിവർ പങ്കെടുക്കും. വിവിധ ജില്ലകളിലെ ഭാരവാഹികളും അംഗങ്ങളും പങ്കെടുക്കും.
ഉരുൾ ദുരന്തമേഖലയിൽ ഗോ സോൺ പരിധിയിലായതിനാൽ സർക്കാർ വീട് ലഭ്യമാക്കാൻ യോഗ്യതയില്ലായിരുന്നു. ചൂരൽ മലയിലെ മാട്ടറ കുന്നിൽ ഷെഡിലായിരുന്നു താമസം. ദുരന്തത്തിന്റെ ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഭർത്താവ് മരണപ്പെട്ടത്. സി.എച്ച്. മുനീർ കണ്ണൂർ, ജയിംസ് അമ്പലവയൽ, കെ.സി.കെ തങ്ങൾ, വി.ജെ. ജോസ്, കെ.എ. ടോമി, കെ.പി. ബെന്നി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.