ഉരുൾദുരന്തം; ലീഗിന്റെ പുനരധിവാസ ഭൂമി നിയമക്കുരുക്കിലേക്ക്
text_fieldsകൽപറ്റ: മുണ്ടക്കൈ ഉരുൾദുരന്തബാധിതരുടെ പുനരധിവാസ പദ്ധതിക്ക് മുസ്ലിം ലീഗ് വയനാട്ടിൽ വാങ്ങിയ ഭൂമി നിയമക്കുരുക്കിലേക്ക്. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വില്ലേജിലെ വെള്ളിത്തോടുള്ള 11.27 ഏക്കറിൽ ഒരു ഏക്കർ ഒഴികെ മറ്റെല്ലാം തോട്ടഭൂമിയാണെന്നും ഇതു തരംമാറ്റിയെന്നുമുള്ള പരാതിയാണ് ഉയർന്നത്. ഇതു സംബന്ധിച്ച് നേരത്തേ തൃക്കൈപ്പറ്റ വില്ലേജ് ഓഫിസർ പരിശോധന നടത്തുകയും താലൂക്ക് ലാൻഡ് ബോർഡിന് റിപ്പോർട്ട് കൈമാറുകയും ചെയ്തിരുന്നു. ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട കെ.എൽ.ആർ സെക്ഷൻ 105 പ്രകാരം വൈത്തിരി താലൂക്ക് സ്പെഷല്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ഭൂമി വിൽപന നടത്തിയവർക്കും വാങ്ങിയവർക്കും ഹിയറിങ്ങിന് ഹാജരാകാൻ നോട്ടീസ് നൽകുകയും ചെയ്തിരുന്നു.
തോട്ടം ഭൂമി തരംമാറ്റിയെന്നും അല്ലെന്ന് തെളിയിക്കുന്ന രേഖകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കണമെന്നും കാണിച്ചാണ് ലീഗിന് ഭൂമി കൈമാറിയ സ്ഥലമുടമകളായ അഡ്വ. കല്ലങ്കോടൻ മൊയ്തു, സുനിൽ, ഷംജിത്, ഷംജിതിന്റെ ബന്ധുക്കൾ എന്നിവർക്ക് നോട്ടീസ് നൽകിയത്. ഇതനുസരിച്ച് അഡ്വ. കല്ലങ്കോടൻ മൊയ്തു ഹിയറിങ്ങിന് ഹാജരായിരുന്നു. താൻ വിൽക്കുമ്പോൾ ഭൂമി തോട്ടഭൂമിയാണെന്നാണ് ഇദ്ദേഹം നൽകിയ മൊഴിയെന്നാണ് സൂചന.
നേരത്തേ സ്ഥലത്ത് പരിശോധന നടത്തിയ തൃക്കൈപ്പറ്റ വില്ലേജ് ഓഫിസർ, ഇവിടെയുള്ള മരങ്ങൾ മുറിച്ചുമാറ്റി ഭൂമി തരംമാറ്റിയെന്ന് സംശയമുണ്ടെന്ന റിപ്പോർട്ടാണ് ലാൻഡ് ബോർഡ് അധികൃതർക്ക് നൽകിയത്. ഇതിനെ തുടർന്ന് വെള്ളിത്തോടിലെ സ്ഥലത്ത് ലാൻഡ് ബോർഡ് അധികൃതർ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിട്ടുണ്ടെന്ന് തൃക്കൈപ്പറ്റ വില്ലേജ് ഓഫിസർ ‘മാധ്യമ’ത്തോട് പറഞ്ഞു.
താലൂക്ക് ലാൻഡ് ബോർഡിൽ നിലവിൽതന്നെ 315/73 നമ്പർ പ്രകാരം കേസുള്ള ഭൂമിയാണിത്. അതേസമയം, ലീഗിന്റെ പുനരധിവാസ ഭൂമിയെ നിയക്കുരുക്കിലാക്കാൻ ബോധപൂർവ ശ്രമം നടക്കുന്നതായി മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി ടി. മുഹമ്മദ് പ്രതികരിച്ചു. കൂടുതൽ വിവരങ്ങൾ നിലവിൽ വെളിപ്പെടുത്താനാകില്ലെന്നും രണ്ടാഴ്ചക്കുള്ളിൽ എല്ലാം കലങ്ങിത്തെളിയുമെന്നും അദ്ദേഹം പറഞ്ഞു. മുട്ടില്‍-മേപ്പാടി പ്രധാന റോഡിന്റെ ഓരം ചേര്‍ന്നാണ് ഭവന പദ്ധതിക്ക് 11 ഏക്കര്‍ സ്ഥലം മുസ്ലിം ലീഗ് വാങ്ങിയത്. കഴിഞ്ഞ ഏപ്രിൽ 29ന് ഭവന പദ്ധതിക്ക് തറക്കല്ലിടുകയും ചെയ്തു. 105 വീടുകളാണ് ദുരന്തബാധിതർക്കായി ഇവിടെ നിർമിക്കുന്നത്.