തദ്ദേശ തെരഞ്ഞെടുപ്പ്; ജില്ലയിൽ 6.47 ലക്ഷം വോട്ടര്‍മാര്‍
text_fieldsജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ ഡി.ആര്. മേഘശ്രീ കലക്ടറേറ്റിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു. ജില്ല പൊലീസ് മേധാവി തപോഷ് ബസുമതാരി സമീപം
കൽപറ്റ: വയനാട്, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾ വ്യാഴാഴ്ച തദ്ദേശ തെരഞ്ഞെടുപ്പിനായി ബൂത്തുകളിലെത്തും. വയനാട്ടിൽ തെരഞ്ഞെടുപ്പിനായുള്ള ക്രമീകരണങ്ങളെല്ലാം സജ്ജമായതായി ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ല കലക്ടർ ഡി.ആർ. മേഘശ്രീയും ജില്ല പൊലീസ് മേധാവി തപോഷ് ബസുമതാരിയും വാർത്തസമ്മേളനത്തിൽ അറിയിച്ചു. വയനാട്ടിലടക്കം പരസ്യപ്രചാരണം ചൊവ്വാഴ്ച അവസാനിക്കും. ജില്ലയില്‍ സമ്മതിദാനവകാശം വിനിയോഗിക്കാന്‍ ആകെ 6,47,378 വോട്ടര്‍മാരാണുള്ളത്. 3,13,049 പുരുഷ വോട്ടര്‍മാരും 3,34,321 സ്ത്രീ വോട്ടര്‍മാരും എട്ട് ട്രാന്‍സ്ജന്‍ഡര്‍ വോട്ടര്‍മാരുമാണ് അന്തിമ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 20 പ്രവാസി വോട്ടര്‍മാരും പട്ടികയിലുണ്ട്.
ജില്ലയിലെ മൂന്ന് നഗരസഭകളിലും 23 ഗ്രാമപഞ്ചായത്തുകളിലുമായി ആകെ 828 പോളിങ് ബൂത്തുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്. നഗരസഭകളില്‍ 104 ബൂത്തുകളും ഗ്രാമപഞ്ചായത്തുകളില്‍ 724 ബൂത്തുകളുമുണ്ട്. 23 ഗ്രാമപഞ്ചായത്തുകളിലെ 450 വാര്‍ഡുകളിലേക്കും നാല് ബ്ലോക്ക് പഞ്ചായത്തുകളിലെ 59 ഡിവിഷനുകളിലേക്കും ജില്ല പഞ്ചായത്തിന്റെ 17 ഡിവിഷനുകളിലേക്കും മൂന്ന് നഗരസഭകളിലെ 103 വാര്‍ഡുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്‍റ് ഡയറക്ടർ കെ.കെ. വിമൽരാജ് ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ നിജു കുര്യൻ ജില്ല ഇൻഫർമേഷൻ ഓഫിസർ പി. റഷീദ് ബാബു എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ സജ്ജം
തദ്ദേശ തെരഞ്ഞെടുപ്പിന് പോളിങ് ബൂത്തുകളിലേക്കുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ സജ്ജമായി. 828 ബൂത്തുകളിലേക്ക് 3663 ബാലറ്റ് യൂനിറ്റുുകളും 1379 കണ്‍ട്രോള്‍ യൂനിറ്റുുകളുമാണ് സജ്ജീകരിച്ചിട്ടുള്ളത്. റിസര്‍വായി സൂക്ഷിക്കുന്ന മെഷീനുകളുടെ എണ്ണം ഉള്‍പ്പെടെയാണിത്. കല്‍പറ്റ ബ്ലോക്കിലേക്ക് 280 കണ്‍ട്രോള്‍ യൂനിറ്റും 840 ബാലറ്റ് യൂനിറ്റുകളുമാണ് സജ്ജമാക്കുന്നത്. മാനന്തവാടി ബ്ലോക്കിലേക്ക് 210 കണ്‍ട്രോള്‍ യൂനിറ്റും 630 ബാലറ്റ് യൂനിറ്റും പനമരം ബ്ലോക്കിലേക്ക് 240 കണ്‍ട്രോള്‍ യൂനിറ്റും 720 ബാലറ്റ് യൂനിറ്റും സുല്‍ത്താന്‍ ബത്തേരി ബ്ലോക്കിലേക്ക് 200 കണ്‍ട്രോള്‍ യൂനിറ്റും 600 ബാലറ്റ് യൂനിറ്റും സജ്ജമാക്കി.
കല്‍പറ്റ നഗരസഭയില്‍ 40 കണ്‍ട്രോള്‍ യൂനിറ്റും 40 ബാലറ്റ് യൂനിറ്റും സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി നഗരസഭകളില്‍ 50 വീതം കണ്‍ട്രോള്‍ യൂനിറ്റുകളും ബാലറ്റ് യൂനിറ്റുമാണ് ഉപയോഗിക്കുന്നത്. ഗ്രാമപഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും വെള്ള നിറത്തിലുള്ള ബാലറ്റ് ലേബലുകളും ബ്ലോക്ക് പഞ്ചായത്തിലേക്ക് പിങ്ക് നിറത്തിലും ജില്ല പഞ്ചായത്തിലേക്ക് ആകാശനീല നിറത്തിലുള്ള ബാലറ്റ് ലേബലുമാണ് ഉപയോഗിക്കുന്നത്. ഡിസംബര്‍ 10ന് അതത് വിതരണ കേന്ദ്രങ്ങള്‍ മുഖേന രാവിലെ ഏഴ് മുതല്‍ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്യും.
189 പോളിങ് ബൂത്തുകളില്‍ വെബ്കാസ്റ്റിങ് സൗകര്യം
തദ്ദേശ തെരഞ്ഞെടുപ്പിന് ജില്ലയിലെ 189 പോളിങ് ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സൗകര്യം ഒരുക്കും. കല്‍പറ്റ ബ്ലോക്കില്‍ 69 ബൂത്തുകളും പനമരം ബ്ലോക്കില്‍ 32 ബൂത്തുകളും സുല്‍ത്താന്‍ ബത്തേരി ബ്ലോക്കില്‍ 25 ബൂത്തുകളും മാനന്തവാടി ബ്ലോക്കില്‍ 63 ബൂത്തുകളുമാണ് വെബ്കാസ്റ്റിങ് സംവിധാനം ഒരുക്കുന്നത്. കെല്‍ട്രോണും അക്ഷയയും സംയുക്തമായാണ് ബൂത്തുകളില്‍ വെബ് കാസ്റ്റിങ് സജ്ജീകരണം ഒരുക്കുന്നത്. 4 ജി സി.സി ടി.വി കാമറകളിലൂടെ ലഭിക്കുന്ന ദൃശ്യങ്ങള്‍ കലക്ടറേറ്റ് എ.പി.ജെ ഹാളില്‍ സജ്ജമാക്കുന്ന കണ്‍ട്രോള്‍ റൂമില്‍ തത്സമയ നിരീക്ഷിക്കും.
ഓരോ ബൂത്തിലെയും ദൃശ്യങ്ങള്‍ നിരീക്ഷിക്കാനായി പ്രത്യേകം ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കും. ബൂത്തുകളില്‍ അക്ഷയയുടെ സഹായത്തോടെ കാമറ ഓപറേറ്റര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓരോ ബ്ലോക്കുകളിലും ബ്ലോക്ക് ലെവല്‍ കാമറ ഓപ്പറേറ്റര്‍മാരുടെ ടീം പ്രവര്‍ത്തിക്കും. ജില്ല കലക്ടര്‍, തെരഞ്ഞെടുപ്പ് നിരീക്ഷകന്‍, പൊലീസ്, ഫയര്‍ഫോഴ്‌സ്, കെ.എസ്.ഇ.ബി, ബി.എസ്.എന്‍.എല്‍, ഐ.ടി മിഷന്‍, അക്ഷയ, കെല്‍ട്രോണ്‍, കെ-ഫോണ്‍ വിഭാഗം ഉദ്യോഗസ്ഥര്‍ പോളിങ് ദിവസം കണ്‍ട്രോള്‍ റൂമിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുമെന്ന് വെബ് കാസ്റ്റിങ് നോഡല്‍ ഓഫിസര്‍ എസ്. നിവേദ് അറിയിച്ചു.
ആകെ 828 പോളിങ് ബൂത്തുകൾ
- പുരുഷ വോട്ടർമാർ: 3,13,049
- സ്ത്രീകൾ: 3,34,321
- ട്രാന്‍സ്ജന്‍ഡര്‍: എട്ട്
- പ്രവാസി വോട്ടര്‍മാർ: 20
വയനാടിന്റെ ആകെ ചിത്രം ഇങ്ങനെ
- ജില്ല പഞ്ചായത്ത്: 17 ഡിവിഷനുകൾ, സ്ഥാനാർഥികൾ- 58
- നാലു ബ്ലോക്ക് പഞ്ചായത്തുകൾ: ആകെ വാർഡുകൾ- 58, സ്ഥാനാര്‍ഥികള്‍- 189
- 23 ഗ്രാമപഞ്ചായത്തുകൾ: ആകെ 441 വാർഡുകൾ, സ്ഥാനാര്‍ഥികള്‍-1369
- മൂന്ന് നഗരസഭകൾ: വാർഡുകൾ- 103, സ്ഥാനാര്‍ഥികള്‍- 319


