Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightവിശ്വനാഥന്റെ മരണം;...

വിശ്വനാഥന്റെ മരണം; കോടതി ഉത്തരവുണ്ടായിട്ടും പുനരന്വേഷണം തുടങ്ങിയില്ല

text_fields
bookmark_border
വിശ്വനാഥന്റെ മരണം; കോടതി ഉത്തരവുണ്ടായിട്ടും പുനരന്വേഷണം തുടങ്ങിയില്ല
cancel

കൽപറ്റ: ആൾക്കൂട്ട വിചാരണയെത്തുടർന്ന് ആദിവാസി യുവാവിനെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് പരിസരത്തെ മരക്കൊമ്പിൽ തൂങ്ങി മരിച്ചനിലയിൽ കാണപ്പെട്ട സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട് ഒരു മാസമാകാറായിട്ടും നടപടിയില്ല.

വയനാട് കൽപറ്റ അഡലേഡ് സ്വദേശി വിശ്വനാഥന്റെ മരണം ആൾക്കൂട്ട വിചാരണയെ തുടർന്നല്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയതിനെതിരെ ബന്ധുക്കൾ നൽകിയ ഹരജിയിലാണ് പുനരന്വേഷണം നടത്തി 60 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ കോഴിക്കോട് ജില്ല പ്രിൻസിപ്പൽ കോടതി കഴിഞ്ഞ മാസം 13ന് ഉത്തരവിട്ടത്. മൂന്നാഴ്ച കഴിഞ്ഞിട്ടും ഇതുസംബന്ധിച്ച് തുടർ നടപടികളൊന്നും ഉണ്ടായിട്ടില്ല.

60 ദിവസം മാത്രമാണ് തുടരന്വേഷണത്തിന് കോടതി നൽകിയതെന്നിരിക്കെ ഒരു മാസമാകാറായിട്ടും അന്വേഷണ സംഘത്തെ നിയമിക്കുകയോ മറ്റു നടപടികളിലേക്ക് കടക്കുകയോ ചെയ്തിട്ടില്ല. വ്യാഴാഴ്ചയാണ് പുനരന്വേഷണ ഉത്തരവിന്റെ കോപ്പി കോഴിക്കോട് ജില്ല ക്രൈംബ്രാഞ്ച് ഓഫിസിൽ എത്തിയത്. അന്വേഷണത്തിന് നേതൃത്വം നൽകേണ്ട ഡിവൈ.എസ്.പി തിരുവനന്തപുരത്ത് പരിശീലനത്തിലാണ്. തുടർനടപടികൾ പൂർത്തീകരിച്ച് അന്വേഷണം എന്ന് ആരംഭിക്കാൻ കഴിയുമെന്ന കാര്യത്തിൽ നിശ്ചയമില്ല.

2023 ഫെബ്രുവരി 11നാണ് വിശ്വനാഥനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിക്കാൻ മെഡിക്കൽ കോളജിലെത്തിയ വിശ്വനാഥൻ, ആൾക്കൂട്ട വിചാര‍ണയുടെ ഇരയാണെന്ന് ആരോപിച്ച് ബന്ധുക്കളും വിവിധ സംഘടനകളും രംഗത്തെത്തിയിരുന്നു. മരിച്ചനിലയിൽ കണ്ടെത്തിയതിന്റെ തലേദിവസം വിശ്വനാഥന്റെ പേരിൽ മോഷണക്കുറ്റം ആരോപിച്ച് സെക്യൂരിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്നവരും മറ്റും ചേർന്ന് രാത്രി മർദിച്ചതായും ബന്ധുക്കൾ ആരോപിച്ചിരുന്നു. പരാതി നൽകാൻ സ്റ്റേഷനിൽ എത്തിയത് മുതൽ മുൻധാരണയോടെയായിരുന്നു പൊലീസിന്റെ സമീപനമെന്ന് കുടുംബം ആരോപിച്ചിരുന്നു.

ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച മരണം വലിയ വിവാദമാകുകയും പട്ടികജാതി ഗോത്ര കമീഷൻ ഉൾപ്പെടെ വിഷയത്തിൽ പൊലീസിനെ വിമർശിക്കുകയും ദേശീയ പട്ടികവര്‍ഗ കമീഷൻ കേസെടുക്കുകയും ചെയ്തതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത്.

എന്നാൽ, ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വനാഥന്റെ മരണം ആൾക്കൂട്ട വിചാരണയെ തുടർന്നല്ലെന്നാണ് കണ്ടെത്തിയത്. ഇതോടെ അന്വേഷണം നീതിപൂർവമല്ലെന്നും തുടരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ കോടതിയെ സമീപിക്കുകയായിരുന്നു.

അന്വേഷണ സംഘം ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തുകയോ ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയോ സംഭവസമയത്ത് ഉണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ ചോദ്യം ചെയ്യുകയോ ചെയ്തില്ലെന്ന് ബന്ധുക്കൾ കോടതിയിൽ പറഞ്ഞു.

കേസിൽ കോഴിക്കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷൻസ് കോടതി ഏഴു മാസത്തിനുള്ളിൽ 14 തവണയാണ് ഹരജിയിൽ വിധി പറയാൻ മാത്രം കേസ് മാറ്റിവച്ചത്. വിശ്വനാഥന്റെ ഭാര്യ ബിന്ദുവിന് താത്കാലിക ജോലി ഉൾപ്പെടെ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഒന്നും നടപ്പായില്ല. ജില്ല കോടതി ഉത്തരവിൽ തന്റെ കുഞ്ഞിന്റെ അച്ഛന് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ബിന്ദുവെങ്കിലും പുനരന്വേഷണ നടപടികൾ എങ്ങുമെത്താത്തത് കുടുംബത്തെ വീണ്ടും നിരാശരാക്കുകയാണ്.

Show Full Article
TAGS:mob attack Re Investigation Wayanad 
News Summary - Mob attack; no action has been taken after ordering re-investigation
Next Story