സംസ്ഥാന പ്രസിഡന്റിനെതിരെ പ്രതിഷേധം
text_fieldsകൽപറ്റ: യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മീനങ്ങാടിയിൽ നടന്ന ലീഡേഴ്സ് ക്യാമ്പിൽ സംഘർഷം. ഉരുൾ ദുരന്തവുമായി ബന്ധപ്പെട്ട് നടത്തിയ ഫണ്ട് പിരിവ് മണ്ഡലം കമ്മിറ്റികൾ പൂർത്തിയാക്കാത്തതുമായി ബന്ധപ്പെട്ടാണ് സംഘർഷവും പ്രതിഷേധവും അരങ്ങേറിയത്. സ്റ്റേജിലുണ്ടായിരുന്ന സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിനെതിരെ കനത്ത പ്രതിഷേധമാണ് ഒരു വിഭാഗം ഉയർത്തിയത്. ക്യാമ്പിന് മൂന്നു മണിക്കൂർ വൈകിയെത്തിയ സംസ്ഥാന പ്രസിഡന്റ് പ്രസംഗം തുടങ്ങിയപ്പോൾതന്നെ പ്രതിഷേധവും ഉയർന്നു.
ജില്ലയിലെ ചില ഭാരവഹികൾക്കെതിരെ നടപടിയെടുക്കുമെന്ന തരത്തിൽ സംസാരിച്ചതോടെയാണ് ക്യാമ്പ് അംഗങ്ങളിൽ ചിലർ പ്രതിഷേധവുമായി എഴുന്നേറ്റത്. ഉരുൾ ദുരന്തം നടന്ന വയനാട്ടിൽനിന്ന് യൂത്ത് കോൺഗ്രസിന്റെ ഭവനം പദ്ധതിക്കാവശ്യമായ സഹായം ലഭിച്ചില്ലെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രധാന ആരോപണം. പിരിച്ച പണം സംസ്ഥാന കമ്മിറ്റിക്ക് നൽകിയിട്ടില്ലെന്നും ഇവർക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇതോടെ കൂടുതൽ ആരോപണം നേരിട്ട ജില്ലയിലെ ഒരു നിയോജകമണ്ഡലം പ്രസിഡന്റ് സംസ്ഥാന പ്രസിഡന്റിന്റെ ഇത്തരം ഏകാധിപത്യപരമായ ഭീഷണിയുടെ സ്വരങ്ങൾ സംഘടനക്ക് ചേർന്നതല്ലെന്നു പറഞ്ഞ് എഴുന്നേറ്റു. പ്രവർത്തകർക്കെതിരെ അച്ചടക്കത്തിന് വാൾ ഓങ്ങുന്ന പ്രസിഡന്റ് എന്തുകൊണ്ട് യങ് ഇന്ത്യ കാമ്പയിൻ പൂർത്തീകരിച്ചില്ലെന്നും മുണ്ടക്കൈ ഭവന നിർമാണത്തെക്കുറിച്ച് മാധ്യമങ്ങളിൽ വാർത്ത വന്നതിനുശേഷമാണോ പ്രസിഡന്റിന് ഓർമ വന്നതെന്നും ചേദിച്ചു. ഇതാണ് പിന്നീട് വലിയ വാഗ്വാദത്തിലേക്കെത്തുകയും നിയോജകമണ്ഡലത്തിലെ ചില ഭാരവാഹികൾ പ്രസിഡന്റിനോട് മോശമായി സംസാരിക്കുന്നതിലേക്കും സംഘർഷത്തിലേക്കും എത്തിച്ചത്.
സംസ്ഥാന പ്രസിഡന്റിനെതിരെ പ്രതിഷേധവുമായെത്തിയവരെ സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി ഉൾപ്പടെയുള്ളവരാണ് തടഞ്ഞത്. മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് ചില മണ്ഡലം കമ്മിറ്റികൾ ഫണ്ട് നൽകാത്തതിൽ നേരത്തേ ജില്ലയിലെ ഏതാനും മണ്ഡലം പ്രസിഡന്റുമാരെ നേതൃത്വം സസ്പെൻഡ് ചെയ്തിരുന്നു. അതേസമയം, ഫണ്ട് കൈമാറാത്തത് സംസ്ഥാന പ്രസിഡന്റ് ചോദ്യം ചെയ്തതാണ് ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചതെന്നാണ് മറുവിഭാഗം പറയുന്നത്.
സംസ്ഥാന പ്രസിഡന്റിനെതിരെ കൈയേറ്റ ശ്രമം നടക്കുമ്പോൾ ജില്ല പ്രസിഡന്റ് മൗനം പാലിച്ചെന്നാരോപിച്ച് ഒരു വിഭാഗം രംഗത്തെത്തി. എന്തു സംഭവിച്ചാലും 31നകം പണം നൽകിയില്ലെങ്കിൽ നിയോജകമണ്ഡലം കമ്മിറ്റി പിരിച്ചുവിടുമെന്ന് സംസ്ഥാന പ്രസിഡന്റ് യോഗത്തിൽ ഭീഷണി മുഴക്കിയതോടെ മറു വിഭാഗം ഭീഷണിക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയും പുറത്താക്കണമെങ്കിൽ അങ്ങനെ ചെയ്തോ എന്ന് തിരിച്ചും ഭീഷണിയും മുഴക്കി.
കോൺഗ്രസ് മുള്ളൻകൊല്ലി മണ്ഡലംതല പരിപാടിയിൽ ഡി.സി.സി പ്രസിഡന്റിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച സംഭവം കെട്ടടങ്ങുന്നതിനു മുമ്പേ യൂത്ത് കോൺഗ്രസ് ക്യാമ്പിലുണ്ടായ സംഘർഷം പാർട്ടിക്ക് കൂടുതൽ തലവേദനയാകും.