പുൽപള്ളി സഹകരണ ബാങ്ക്; തട്ടിപ്പിനിരയായവർ കൽപറ്റ ജെ.ആർ ഓഫിസിൽ സമരത്തിൽ
text_fieldsപറമ്പേക്കാട്ടിൽ ഡാനിയേലും ഭാര്യ സാറാക്കുട്ടിയും കൽപറ്റ ജെ.ആർ ഓഫിസിനു മുന്നിൽ നിരാഹാര സത്യഗ്രഹം നടത്തുന്നു
കൽപറ്റ: പുൽപള്ളി സർവിസ് സഹകരണബാങ്കിന്റെ വായ്പാത്തട്ടിപ്പിനിരയായവർ കൽപറ്റ ജെ.ആർ (ജോയന്റ് രജിസ്ട്രാർ) ഓഫിസിനു മുന്നിൽ നടത്തുന്ന നിരാഹാര സത്യാഗ്രഹം തുടരുന്നു. കേളക്കവല പറമ്പേക്കാട്ടിൽ ഡാനിയേൽ, ഭാര്യ സാറക്കുട്ടി, കടക്കെണിയിൽ കുടുങ്ങി ആത്മഹത്യ ചെയ്ത രാജേന്ദ്രൻ നായരുടെ ഭാര്യ ജലജ, മോഹനൻ കരിന്തകരയക്കലിന്റെ ഭാര്യ സതി എന്നിവരാണ് വ്യാഴാഴ്ച മുതൽ സമരം തുടങ്ങിയത്.
ജെആർ ഓഫിസിലെത്തി ഉദ്യോഗസ്ഥരുമായി ഡാനിയേൽ ഉൾപ്പെടെയുള്ള തട്ടിപ്പിനിരയായവർ ചർച്ചനടത്തിയെങ്കിലും ഫലം കാണാതായതോടെയാണ് സമരം തുടങ്ങിയത്. ഡാനിയേൽ- സാറാക്കുട്ടി ദമ്പതിമാർ അറിയാതെ ഇവരുടെ പേരിൽ ബാങ്കിൽ നിന്ന് തട്ടിപ്പുകാർ വായ്പ എടുക്കുകയായിരുന്നു. 75 ലക്ഷമാണ് ബാങ്കിൽ നിലവിലുള്ള ഇവരുടെ സാമ്പത്തിക ബാധ്യത. സമാനരീതിയലാണ് മറ്റുള്ളവരും കബളിക്കപ്പെട്ടത്. ഡാനിയേൽ, സാറാകുട്ടിയുടെ വായ്പകളിൽ പ്രശ്നപരിഹാരത്തിന് 2023ൽരജിസ്ട്രാറിന്റെ ഉത്തരവുണ്ടായിരുന്നു.
എന്നാൽ ഇവരുടെ പേരുകളടക്കം ഇല്ലാത്തതിനാൽ ഇവർക്ക് ഗുണം ലഭിച്ചില്ല. എന്നാൽ തിരുവനന്തപുരത്തുപോയി നടപടികളിൽ തിരുത്തൽ വരുത്തണമെന്നാണ് ജെ.ആർ ഓഫിസ് അധികൃതർ ഇവരോട് പറയുന്നത്. ഇതിനാൽ കൽപറ്റയിൽ സമരം തുടരാനാണ് തീരുമാനമെന്നും തട്ടിപ്പിനിരയായവർ പറഞ്ഞു.
ഇവരുടെ പേരിലുള്ള സ്ഥലം ഈടാക്കിവെച്ച് തട്ടിപ്പ് നടത്തിയ കേസിൽ സഹകരണ വകുപ്പ് അന്വേഷണത്തിൽ കണ്ടെത്തിയ രേഖകൾ പുറത്തുവിടുക, പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ നൽകിയ ഉറപ്പുകൾ പാലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സത്യഗ്രഹം. തങ്ങളുടെ പേരിൽ തട്ടിപ്പുസംഘം ബാങ്കിൽ വരുത്തിവെച്ച ബാധ്യതകൾ എഴുതിതള്ളി ഭൂമിയുടെ പ്രമാണങ്ങൾ തിരിച്ചു നൽകുക, കുറ്റക്കാരെ ശിക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
ഇതേ ആവശ്യങ്ങളുന്നയിച്ച് മുമ്പ് ബാങ്ക് മുൻ പ്രസിഡന്റ് കെ.കെ. അബ്രഹാമിന്റെ വീടിന്റെ മുന്നിലും ബസ് സ്റ്റാൻഡിലും സാറാക്കുട്ടി നിരാഹാര സമരം നടത്തിയിരുന്നു.


