പരസ്യപ്രതിഷേധം, ബഹിഷ്കരണം; വയനാട് സി.പി.എമ്മിൽ പൊട്ടിത്തെറി
text_fieldsകൽപറ്റ: ലോക്കൽ, ഏരിയ കമ്മിറ്റികൾ നേതൃത്വത്തിനെതിരെ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ വയനാട്ടിൽ സി.പി.എമ്മിനുള്ളിൽ പൊട്ടിത്തെറി. കർഷക സംഘം ജില്ല പ്രസിഡന്റായ എ.വി. ജയനെ സാമ്പത്തിക തിരിമറിയുടെ പേരിൽ പുൽപള്ളി ഏരിയ കമ്മിറ്റിയിൽനിന്ന് ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. ഇതിനെതിരായ പ്രതിഷേധം വിവിധ ലോക്കൽ, ഏരിയ കമ്മിറ്റികളിലേക്ക് പടരുകയാണ്. ജില്ല സമ്മേളനത്തിൽ മുൻ സെക്രട്ടറി പി. ഗഗാറിന്റെ കൂടെ നിന്നവരെ വെട്ടിനിരത്തുകയാണെന്നും ഇതാണ് ജയനെതിരായ നടപടിക്ക് പിന്നിലെന്ന ആരോപണമാണ് മറുവിഭാഗത്തിന്റേത്.
ഇതിന്റെ പേരിൽ കഴിഞ്ഞ ദിവസങ്ങളിൽ പരസ്യ പ്രതികരണമാണ് പ്രാദേശിക നേതാക്കളിൽ നിന്നടക്കം ഉണ്ടായത്. കണിയാമ്പറ്റ ലോക്കൽ കമ്മിറ്റിയിലെ ആറ് അംഗങ്ങൾ ഉള്‍പ്പെടെയുള്ള 200 ഓളം പേര് പാർട്ടി പ്രവർത്തനത്തിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചിട്ടുണ്ട്. മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരായ കെ. ഇബ്രാഹിം, കെ. മരക്കാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരസ്യ പ്രതിഷേധം. ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ. മധു, വി.വി. ബേബി എന്നിവർ വിഭാഗീയ പ്രവർത്തനങ്ങൾ നടത്തുകയാണെന്ന് ഇവർ പരസ്യമായി പ്രതികരിച്ചു. കോട്ടത്തറ ഏരിയ കമ്മിറ്റിയിലും പരസ്യപ്രതികരണമാണ് ഉണ്ടായത്.
ജയനെതിരായ നടപടി റിപ്പോർട്ട് ചെയ്യാൻ കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത പുൽപള്ളി ഏരിയ കമ്മിറ്റി യോഗത്തിൽനിന്ന് നാല് നേതാക്കൾ ഇറങ്ങിപ്പോയി പരസ്യപ്രതികരണം നടത്തിയത് നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. പിന്നാലെ കേണിച്ചറിയിലെ പൂതാടി ലോക്കൽ കമ്മിറ്റി ഓഫിസ് ഏരിയ നേതൃത്വം താഴിട്ടുപൂട്ടി. തദ്ദേശതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ല നേതൃത്വം നടത്തിയ നാല് ലോക്കൽ കമ്മിറ്റികളുടെ ശിൽപശാലയിൽ 112 പേർക്ക് പകരം ആകെ 25ൽ താഴെയാളുകൾ മാത്രമാണ് പങ്കെടുത്തത്. പൂതാടി, കേണിച്ചിറ ലോക്കൽ കമ്മിറ്റിയിലെ പാർട്ടി അംഗങ്ങളുടെ ജനറൽ ബോഡിയിലും 50ൽതാഴെ മാത്രമായിരുന്നു പങ്കാളിത്തം.
ജില്ല സെക്രട്ടറി കെ. റഫീഖ്, സംസ്ഥാന കമ്മിറ്റിയംഗം സി.കെ. ശശീന്ദ്രന് എന്നിവര്‍ പങ്കെടുത്ത യോഗത്തിലും ബഹിഷ്കരണമുണ്ടായത് നേതൃത്വത്തിന് വെല്ലുവിളിയായി. കഴിഞ്ഞ ജില്ല സമ്മേളനത്തിൽ ഒരു ടേം കൂടിയുണ്ടായിരുന്നിട്ടും പി. ഗഗാറിനെ മാറ്റി കെ. റഫീഖിനെ ജില്ല സെക്രട്ടറിയാക്കിയിരുന്നു. മുൻ എം.എൽ.എയായ സി.കെ. ശശീന്ദ്രനാണ് ഇതിന് ചരടുവലിച്ചത്. അന്നുമുതൽ പാർട്ടിയിൽ പുകച്ചിൽ തുടങ്ങിയിരുന്നു. ഗഗാറിന് ഒപ്പമുള്ള നേതാക്കളെ ഒതുക്കുന്നത് തുടരുകയാണെന്നും ഇത് അനുവദിക്കില്ലെന്നുമാണ് വിവിധ നേതാക്കൾ പറയുന്നത്. ചൊവ്വാഴ്ച ചേർന്ന ജില്ല കമ്മിറ്റി യോഗത്തിലും നേതാക്കൾക്കെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്.
അതേസമയം, സാമ്പത്തിക തിരിമറി മൂലമാണ് എ.വി. ജയനെതിരായ നടപടിയെന്നും പാർട്ടിയെ പൊതുമധ്യത്തിൽ അപമാനിക്കുന്ന നിലയിലുള്ള പ്രതികരണങ്ങൾ സംഘടന വിരുദ്ധവും കടുത്ത അച്ചടക്ക ലംഘനവുമാണെന്നും പാർട്ടിയിൽ ഒരു തരത്തിലുള്ള പ്രശ്നങ്ങളുമില്ലെന്നുമാണ് സി.പി.എം ജില്ല കമ്മിറ്റിയുടെ നിലപാട്.
അടുത്തിടെയായി വിവിധ പ്രശ്നങ്ങളിൽ ആരോപണവിധേയമാണ് ജില്ലയിലെ സി.പി.എം. സ്കൂളുകളിലെ സൂംബ ഡാൻസുമായി ബന്ധപ്പെട്ട് മൂലങ്കാവ് ലോക്കൽ കമ്മിറ്റിയംഗം കെ.ജി. ഷാജി മുസ്ലിംകൾക്കെതിരെ വിദ്വേഷകരമായ ഫേസ്ബുക്ക് പോസ്റ്റിട്ടത് ഏറെ വിവാദമായിരുന്നു. ഇയാളെ പിന്നീട് പാർട്ടി സസ്പെൻഡ് ചെയ്തു. സി.പി.എം നിയന്ത്രണത്തിലുള്ള വയനാട്ടിലെ ബ്രഹ്മഗിരി സൊസൈറ്റി അറുനൂറോളം നിക്ഷേപകരില്‍ നിന്ന് 70 കോടിയോളം രൂപ പിരിച്ചിരുന്നു. വാഗ്ദാനം പാലിക്കാത്തതിനാൽ പണം തിരിച്ചുനൽകണമെണന്ന് ആവശ്യപ്പെട്ട് നിക്ഷേപകർ സമരപാതയിലാണ്.