വി.എസിനൊപ്പമുള്ള ഓർമകളുമായി കേട്ടെഴുത്തുകാരൻ
text_fieldsകൽപറ്റ റസ്റ്റ് ഹൗസിൽ നിന്ന് പുറത്തേക്ക് വരുന്ന വി.എസ്. അച്യുതാനന്ദൻ (ഫയൽ ഫോട്ടോ
കൽപറ്റ: അന്തരിച്ച വി.എസ്. അച്യുതാനന്ദനൊപ്പമുള്ള ഓർമകളുമായി അദ്ദേഹത്തിന്റെ കേട്ടെഴുത്തുകാരനും പിന്നീട് ഗൺമാനുമായിരുന്ന മുട്ടിൽ കൊളവയൽ സ്വദേശി മടത്തിപ്പറമ്പിൽ ആന്റണി.
1996 ആഗസ്ത് 14ന് എ.കെ.ജി സെന്ററിൽ ജോലിക്കെത്തിയപ്പോഴാണ് വി.എസിനെ ആദ്യമായി കാണുന്നത്. തിരുവനന്തപുരവും എ.കെ.ജി സെന്ററുമെല്ലാം അന്നാണ് ആദ്യമായി കാണുന്നത്. വെളുത്ത വലിയ ജുബ്ബ ധരിച്ച് കാർക്കശ്യമുഖഭാവത്തോടെ ഓഫിസിലേക്ക് നടന്നുനീങ്ങിയ വി.എസിനെ കണ്ടപ്പോൾ മറ്റു പലരും ധരിച്ചതു പോലെ ഒരു കർക്കശക്കാരനാണല്ലോ എന്നായിരുന്നു ധാരണയെന്ന് ആന്റണി ഓർത്തെടുക്കുന്നു. 22കാരനായ തനിക്ക് അധിക കാലമൊന്നും ഇവിടെ നിൽകാൻ കഴിയില്ലെന്നുറപ്പിച്ചു.
രണ്ടാം ദിവസം ഓഫിസ് സെക്രട്ടറി വിളിച്ച് വി.എസിന്റെ ഓഫിസ് മുറിയിൽ ചെല്ലാൻ പറഞ്ഞു. മുന്നിൽ ചെന്ന തന്നോട് ഇരിക്കാൻ പറഞ്ഞെങ്കിലും പേടി കാരണം ഇരുന്നില്ല. എന്നാൽ, നിന്ന് എഴുതാമോ എന്നായി വി.എസ്. അപ്പോഴാണ് എന്തോ എഴുതാനാണ് വിളിപ്പിച്ചതെന്ന് മനസ്സിലായത്. അന്ന് വി.എസ് പറഞ്ഞത് കേട്ടെഴുതിയപ്പോൾ പലതും വിറച്ച് വിട്ടുപോയിരുന്നു. ഓരോ പേജും എഴുതി തീർത്താൽ അത് വായിച്ച് തിരുത്തി തരും.
2004ൽ പൊലീസ് ജോലി കിട്ടി എ.കെ.ജി. സെന്ററിൽ നിന്ന് തിരികെ വരുന്നതുവരെ അദ്ദേഹത്തിന്റെ സ്റ്റാഫ് ഇല്ലാത്ത ദിവസങ്ങളിൽ വി.എസിനെ കേട്ടെഴുതുകയായിരുന്നു ജോലി. വി.എസ് മുഖ്യമന്ത്രിയായ സമയത്ത് കണ്ണൂർ ക്യാമ്പിൽ നിന്ന് വയനാട്ടിൽ പൊലീസ് ഡ്യൂട്ടി ചെയ്തുവരികയായിരുന്നു ആന്റണി. ഒരു ദിവസം ക്യാമ്പിലെ ഡെപ്യൂട്ടി കമാണ്ടന്റിന്റെ വിളി. നാളെ തന്നെ തിരുവനന്തപുരത്തെത്തണം, മുഖ്യമന്ത്രിയുടെ സെക്യൂരിറ്റി സ്റ്റാഫിലേക്ക് ജോയിൻ ചെയ്യണം. പിന്നെ മറ്റൊന്നും ഓർത്തില്ല, അന്ന് തന്നെ വണ്ടി കയറി.
അവടുന്നങ്ങോട്ട് 2013 ജൂൺ വരെ വി.എസിന്റെ ഗൺമാനായി. കഴിഞ്ഞ വർഷം വി.എസിനെ വീട്ടിൽ പോയി കണ്ടിരുന്നെങ്കിലും തന്നെ മനസ്സിലായില്ലെന്ന് ആന്റണി പറയുന്നു. ബുധനാഴ്ച ആലപ്പുഴയിൽ വി.എസിനെ അവസാനമായി കാണാൻ ആന്റണിയുമെത്തും. നിലവിൽ മുൻ എം.എൽ.എ സി.കെ. ശശീന്ദ്രന്റെ ഗൺമാനായി ജോലി ചെയ്യുകയാണ് എ.എസ്.ഐ ആയ ആന്റണി.