കൊടിതോരണങ്ങള്‍ നീക്കിക്കോ...പിഴ വീഴും
text_fieldsകൽപറ്റ: പൊതുസ്ഥലങ്ങളിലെ കൊടിതോരണങ്ങൾ ഉടൻ നീക്കം ചെയ്യണമെന്ന് മുന്നറിയിപ്പ്. ഇല്ലെങ്കിൽ ഉത്തരവാദപ്പെട്ടവർക്ക് പിഴ വീഴും. വ്യക്തികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, സംഘടനകള്‍, മതസ്ഥാപനങ്ങള്‍, സ്വകാര്യ ഏജന്‍സികള്‍ എന്നിവ ബോര്‍ഡുകള്‍, ബാനറുകള്‍, പോസ്റ്ററുകള്‍, കൊടിതോരണങ്ങള്‍ എന്നിവ സ്ഥാപിക്കുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്യരുതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോ. ഡയറക്ടര്‍ അറിയിച്ചു.
പൊതുഇടങ്ങള്‍, റോഡുകള്‍, നടപ്പാതകള്‍, കൈവരികള്‍, സെന്റര്‍ മീഡിയനുകള്‍, ട്രാഫിക് ഐലന്റുകൾ എന്നിവിടങ്ങളിൽ ചട്ടവിരുദ്ധമായി സ്ഥാപിച്ച അനധികൃത ബോര്‍ഡുകള്‍, ബാനറുകള്‍, ഫ്ലക്സുകള്‍ എന്നിവ സ്ഥാപിച്ച വ്യക്തി/സ്ഥാപനം സ്വന്തം ഉത്തരവാദിത്തത്തില്‍ ഇവ നീക്കം ചെയ്യണം.
അല്ലാത്തപക്ഷം ഉടൻ നീക്കം ചെയ്യുമെന്നും അനധികൃതമായി സ്ഥാപിക്കുന്ന ഓരോ ബോര്‍ഡിനും 5000 രൂപ വീതം പിഴ ചുമത്തുമെന്നും അധികൃതര്‍ അറിയിച്ചു.
നീക്കം ചെയ്യുന്ന വസ്തുക്കള്‍ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് വരുന്ന ചെലവ് ഉത്തരവാദികളില്‍നിന്ന് ഈടാക്കി അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. അനധികൃത ബോര്‍ഡുകള്‍ നീക്കംചെയ്ത് പിഴ ഈടാക്കാന്‍ തദ്ദേശ ഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് കര്‍ശന നിർദേശം നല്‍കിയതായി ജോ. ഡയറക്ടര്‍ പി.സി. മജീദ് അറിയിച്ചു.
അനധികൃതമായി സ്ഥാപിച്ച ബോര്‍ഡ്, കൊടിമരങ്ങള്‍ എന്നിവ നീക്കം ചെയ്യുമ്പോള്‍ ആവശ്യമായ പൊലീസ് സംരക്ഷണം നല്‍കും. ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് ശക്തമായ നടപടി സ്വീകരിക്കും.
പൊതുസ്ഥലങ്ങളുടെ സുരക്ഷയും വ്യക്തതയും ഉറപ്പാക്കുന്നതിന് എല്ലാവരുടെയും സഹകരണം അത്യന്താപേക്ഷിതമാണെന്ന് എല്‍.എസ്.ജി.ഡി ജില്ല ജോ. ഡയറക്ടര്‍ അറിയിച്ചു.


