ജില്ലയിലെ ബാങ്കുകളിൽ അവകാശികളില്ലാതെ 33.05 കോടി രൂപ
text_fieldsകൽപറ്റ: വയനാട് ജില്ലയിലെ ബാങ്കുകളിൽ അവകാശികളില്ലാതെ കിടക്കുന്നത് 33.05 കോടി രൂപ. ദേശസാൽകൃത ബാങ്കുകളിലും വിവിധ ധനകാര്യ സ്ഥാപനങ്ങളിലുമായി പത്ത് വർഷത്തിലേറെയായി ഇടപാടുകളില്ലാത്ത അക്കൗണ്ടുകളിലെ തുകയാണിത്. ഏകദേശം 2.16 ലക്ഷം അക്കൗണ്ടുകളിലായാണ് ഈ തുക നിക്ഷേപമായി കിടക്കുന്നത്. ഈ തുക തിരിച്ചുകിട്ടാനായി അവകാശികളാരും എത്തിയിട്ടില്ല. ഇതിനാൽ ഇത്തരം നിക്ഷേപങ്ങൾ അവകാശികൾക്കോ ഉടമകൾക്കോ തിരികെ നൽകുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ജില്ലതല മെഗാ കാമ്പയിൻ നടത്തുകയാണെന്ന് ലീഡ് ബാങ്ക് മാനേജർ ടി.എം മുരളീധരൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
‘നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം’ എന്ന സന്ദേശവുമായി നടത്തുന്ന ജില്ലയിലെ കാമ്പയിൻ ഡിസംബർ 29ന് കൽപറ്റ ഹോളിഡേയ്സ് റെസ്റ്റോറന്റ് ആൻഡ് റിസോർട്ടിൽ രാവിലെ 10 മുതൽ ഉച്ചക്ക് 12 വരെയാണ് നടക്കുക. സേവന വകുപ്പ് ആർ.ബി.ഐയുടെ നേതൃത്വത്തിൽ ഐ.ആർ.ഡി.എ.ഐ, സെബി, പി.എഫ്.ആർ.ഡി.എ തുടങ്ങിയ സ്ഥാപനങ്ങളുമായി ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.പത്ത് വർഷത്തിലധികമായി ഇടപാടുകളില്ലാത്ത അക്കൗണ്ടുകളെയാണ് അവകാശികളില്ലാത്ത നിക്ഷേപങ്ങളായി കണക്കാക്കുന്നത്.
ബാങ്ക് രേഖകളിലുള്ള വിലാസങ്ങളിൽ അന്വേഷണവും അറിയിപ്പുകളും നൽകിയിട്ടും പ്രതികരണം ലഭിക്കാത്ത അക്കൗണ്ടുകളിലെ നിക്ഷേപങ്ങൾ യഥാർഥ അവകാശികളിലേക്കെത്തിക്കുക എന്നതാണ് കാമ്പയിന്റെ പ്രധാന ലക്ഷ്യം. വയനാട് ജില്ല ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കാമ്പയിനിലൂടെ പൊതുജനങ്ങൾക്ക് അവരുടെ നിക്ഷേപ വിവരങ്ങളറിയാനും അവകാശവാദം ഉന്നയിക്കുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ച് വ്യക്തമായ മാർഗനിർദേശങ്ങൾ ലഭിക്കും. ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, മ്യൂച്ചൽ ഫണ്ട്, പെൻഷൻ ഫണ്ട് സ്ഥാപനങ്ങൾ തുടങ്ങിയവയുടെ സഹായ കൗണ്ടറുകളും ക്യാമ്പിൽ ഒരുക്കിയിട്ടുണ്ട്.
അവകാശികളില്ലാത്ത നിക്ഷേപങ്ങളെക്കുറിച്ച് അറിയാൻ ബന്ധപ്പെട്ട ബാങ്കുകളുടെ വെബ്സൈറ്റുകൾ പരിശോധിക്കാനും, നിലവിൽ 30 ബാങ്കുകളെ ഉൾക്കൊള്ളുന്ന ആർ.ബി.ഐയുടെ ഉദ്ഗം (യു.ഡി.ജി.എ.എം) പോർട്ടൽ (https://udgam.rbi.org.in) വഴിയും വിവരങ്ങൾ തേടാനാവുമെന്നും അദ്ദേഹം അറിയിച്ചു.


