മദ്യവും തോട്ടയും പിടികൂടിയ സംഭവം; യഥാർഥ പ്രതികളെ കണ്ടെത്താനായില്ല
text_fieldsജയിൽ മോചിതനായ തങ്കച്ചന് നൽകിയ സ്വീകരണം
കൽപറ്റ: പുൽപള്ളിയിൽ കാർ പോർച്ചിൽ മദ്യവും സ്ഫോടകവസ്തുവായ 15 ഓളം തോട്ടകളും കണ്ടെത്തിയ സംഭവത്തിൽ യഥാർഥ പ്രതികളെ കണ്ടെത്താനായില്ല. കഴിഞ്ഞ മാസം 22ന് അറസ്റ്റിലായ പുൽപള്ളി, മരക്കടവ്, കാനാട്ടുമലയിൽ തങ്കച്ചൻ (അഗസ്റ്റിൻ) നിരപരാധിയാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് 16 ദിവസത്തെ ജയിൽ വാസത്തിനുശേഷം അദ്ദേഹം ജയിൽ മോചിതനാകുകയും ചെയ്തു.
കോൺഗ്രസിന്റെ ഗ്രൂപ്പ് പോരിന്റെ ഭാഗമായി തങ്കച്ചനെ കുടുക്കാനായിരുന്ന ഒരു വിഭാഗം പദ്ധതിയിട്ടത്. ഇതിന്റെ ഭാഗമായി പ്രതികൾ മദ്യവും സ്ഫോടക വസ്തുക്കളും തങ്കച്ചന്റെ വീട്ടിലെ നിർത്തിയിട്ട കാറിനടിയിൽ കൊണ്ടുവെക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പുൽപള്ളി സി.ഐയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കേസിൽ തങ്കച്ചൻ നിരപരാധിയാണെന്ന് തെളിഞ്ഞതും യഥാർഥ പ്രതികളിലേക്ക് സൂചന ലഭിക്കുന്നതും.
നിലവിൽ അഗസ്റ്റിനെ കുടുക്കാൻ കർണാടക ഭാഗത്തുപോയി മദ്യം വാങ്ങിയ മരക്കടവ് പുത്തൻവീട് പി.എസ്. പ്രസാദിനെ മാത്രമാണ് പൊലീസിന് അറസ്റ്റ് ചെയ്യാനായത്. മദ്യവും സ്ഫോടക വസ്തുക്കളും കാർ ഷെഡിൽ കൊണ്ടുവെച്ച പ്രതികളെ കണ്ടെത്താനായിട്ടില്ല. ഇവർക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. ഗൂഡാലോചനയിൽ കൂടുതൽ പേർ പങ്കെടുത്തിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിച്ച് വരുകയാണ്. തങ്കച്ചൻ നിരപരാധിയാണെന്ന് കുടുംബം അന്നുതന്നെ പറഞ്ഞിരുന്നു.
ജയിലിലടച്ചതിന് പിന്നിൽ മുതിർന്ന നേതാക്കൾ - തങ്കച്ചൻ
കൽപറ്റ: വീട്ടിൽ മദ്യവും സ്ഫോടക വസ്തുക്കളും വെച്ച് തന്നെ ജയിലിൽ അടച്ചതിന് പിന്നിൽ കോൺഗ്രസിലെ മുതിർന്ന നേതാക്കളായ എൻ.ഡി. അപ്പച്ചൻ, പി.ഡി. സജി തുടങ്ങിയ നേതാക്കൾക്കും പങ്കുണ്ടെന്ന് വൈത്തിരി സബ് ജയിലിൽനിന്ന് പുറത്തിറങ്ങിയ തങ്കച്ചൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ഇപ്പോൾ പിടിയിലായ പ്രസാദ് മാത്രമല്ല കേസിലെ പ്രതി. ഗൂഢാലോചന അന്വേഷിക്കണമെന്നും നിരപരാധിയെന്ന് കണ്ട് വെറുതെ വിട്ട തങ്കച്ചൻ പറഞ്ഞു. നിരപരാധിയെന്ന് കണ്ടെത്തിയിരുന്നില്ലെങ്കിൽ താൻ ഇപ്പോഴും ജയിലിൽ കിടക്കേണ്ടി വരുമായിരുന്നു. തനിക്ക് ജാമ്യം ലഭിക്കാതിരിക്കാൻ അഡ്വ. പി.ഡി. സജിയുടെ നേതൃത്വത്തിൽ ശ്രമം നടന്നതായും അദ്ദേഹം ആരോപിച്ചു. തന്നെ അറസ്റ്റ് ചെയ്തപ്പോൾ നിരപരാധിയാണെന്നും തന്നെ കുടുക്കിയതാണെന്നും കാണിച്ച് കെ.പി.സി.സിക്ക് കത്തെഴുതിയിരുന്നതായും തങ്കച്ചൻ പറഞ്ഞു.
ജയിൽ മോചിതനായ തങ്കച്ചന് സ്വീകരണം
പുൽപള്ളി: ജയിൽ മോചിതനായ പെരിക്കല്ലൂർ കാനാട്ടുകാലായിൽ തങ്കച്ചന് സ്വീകരണം നൽകി. പെരിക്കല്ലൂർ ടൗണിൽ കോൺഗ്രസ് പ്രവർത്തകർ അടക്കം തങ്കച്ചനെ വരവേറ്റു . പിന്നീട് പ്രകടനമായി വീട്ടിലേക്ക് ആനയിച്ചു. മുദ്രാവാക്യം വിളികളും പടക്കം പൊട്ടിച്ചുമെല്ലാം ആഘോഷമാക്കിയാണ് പ്രവർത്തകർ തങ്കച്ചനെ വരവേറ്റത്. മനോജ് ഉതുപ്പാൻ, തോമസ് പഴൂക്കാരൻ , ജോയ് വാഴയിൽ , ശിവരാമൻ പാറക്കുഴി, ജില്ലാ പഞ്ചായത്ത് അംഗം ബീന ജോസ് , മേഴ്സി ബെന്നി, സുനിൽ പാലമറ്റം തുടങ്ങിയവർ നേതൃത്വം നൽകി . തന്നെ ജയിലിലടച്ചവർക്കെതിരെനിയമ പോരാട്ടം തുടരുമെന്ന് തങ്കച്ചൻ പറഞ്ഞു.
പൊലീസിനെതിരെ നടപടി സ്വീകരിക്കണം -എ.ഐ.ടി.യു.സി
പുൽപള്ളി: സ്റ്റേഷൻ പരിധിയിൽ മദ്യവും സ്ഫോടക വസ്തുക്കളും പിടിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം കൃത്യമായി നടന്നിട്ടില്ല എന്നതിന് തെളിവാണ് നിരപരാധിയെ ജയിലിൽ അടക്കാൻ കാരണമെന്ന് എ.ഐ.ടി.യു.സി മണ്ഡലം കമ്മിറ്റി. കോൺഗ്രസ് ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായി നടന്ന സംഭവമാണ് എന്ന് അറിഞ്ഞിട്ടും നീതി നിർവഹണം നടത്തേണ്ട പൊലീസ് കൃത്യമായി കേസ് അന്വേഷിക്കാതെ നിരപരാധിയെ ജയിലിൽ അടച്ച സംഭവം അംഗീകരിക്കാൻ ആവില്ല. കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. ടി.എ. ബാബുരാജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി.എം. ജയചന്ദ്രൻ, അനിൽ സി. കുമാർ, മനു ചാമപ്പാറ, ടി.ഡി. സുധീഷ് തുടങ്ങിയവർ സംസാരിച്ചു
മന:സാക്ഷിയെ ഞെട്ടിക്കുന്നതെന്ന്
പുൽപള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ കോൺഗ്രസ് ഗ്രൂപ്പുവഴക്കിൽ നിരപരാധി ജയിലിൽ കിടന്ന വിഷയം ഗൗരവമേറിയതാണെന്ന് ബി.ജെ.പി മണ്ഡലം കമ്മിറ്റി. നേതാക്കന്മാർ തമ്മിലടിച്ചതിന്റെ പ്രതികാരം തീർക്കാൻ നിരപരാധിയായ ഒരാളെ കുറ്റവാളി ആക്കി മാറ്റിയ സംഭവം മന:സാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഇതിൽ ഉന്നത തല ഗൂഢാലോചന ഉണ്ട്.
ഇതിൽ ഭാഗമായ എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടു വന്നു ശിക്ഷ നൽകാൻ പൊലീസ് തയാറാകണം. മണ്ഡലം പ്രസിഡന്റ് മനു പ്രസാദ് അധ്യക്ഷത വഹിച്ചു. ഗോപാലകൃഷ്ണൻ ഐക്കരശ്ശേരി, അനിൽ, രാജൻ പാറക്കൽ, ജോബിഷ് മാവാടിയിൽ എന്നിവർ സംസാരിച്ചു
തങ്കച്ചൻ കോൺഗ്രസ് ഗ്രൂപ്പിന്റെ ബലിയാട്
കൽപറ്റ: തങ്കച്ചൻ കോൺഗ്രസ് ഗ്രൂപ്പിന്റെ ബലിയാടെന്ന് ആർ.ജെ.ഡി സംസ്ഥാന കമ്മിറ്റി അംഗം പി.കെ. അനിൽ കുമാർ. ക്വാറി സംബന്ധിച്ച തർക്കം മണ്ഡലം കമ്മറ്റികളിൽ നിരന്തരം വാക്ക് തർക്കങ്ങളിലേക്കും അടിയിലും കലാശിക്കുകയായിരുന്നു. ഇതിനെ തുടർന്ന് മണ്ഡലം പ്രസിഡന്റിനെ മാറ്റണമെന്ന ആവശ്യവും പ്രവർത്തകർ ഉന്നയിച്ചിരുന്നു. ഇതിനും ഡി.സി.സി പരിഹാരം കണ്ടില്ല. ഇതാണ് തങ്കച്ചനെ കള്ള കേസിൽ കുടുക്കാൻ നേതാക്കൾ തീരുമാനിച്ചത്. ഇതിന് പിന്നിൽ പ്രവർത്തിച്ച നേതാക്കളുടെ പേരിൽ കേസ് എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോൺഗ്രസ് നേതാക്കളായ മുഴുവൻ പ്രതികളെയുംഅറസ്റ്റ് ചെയ്യണമെന്ന് സി.പി.എം
പുൽപള്ളി: പെരിക്കല്ലൂർ കാനാട്ട് മലയിൽ തങ്കച്ചനെ കള്ളക്കേസിൽ കുടുക്കിയ കോൺഗ്രസ് നേതാക്കളായ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സി.പി.എം ഏരിയ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കോൺഗ്രസ് ഗ്രൂപ്പ് വൈരം തീർക്കാൻ നീചമായ പ്രവർത്തിയാണ് ഉന്നത കോൺഗ്രസ് നേതാക്കൾ അടങ്ങിയ സംഘം ചെയ്തത്.
ഡി.സി.സി പ്രസിഡന്റിന്റെ വലം കൈയായി മുള്ളൻകൊല്ലിയിൽ പ്രവർത്തിക്കുന്ന ക്രിമിനൽ സംഘമാണ് ഇപ്പോൾ അറസ്റ്റിലായ പ്രസാദിന് ക്വട്ടേഷൻ കൊടുത്തു സ്ഫോടക വസ്തുക്കളും കർണാടക നിർമിത മദ്യവും സജീവ കോൺഗ്രസ് പ്രവർത്തകനായ തങ്കച്ചന്റെ വീട്ടിൽ കൊണ്ടുവെപ്പിച്ചത്. പിടിയിലായ പ്രസാദ് കർണാടകയിൽ നിന്ന് മദ്യം മാത്രമേ വാങ്ങിയിട്ടുള്ളു എന്ന് പറയപ്പെടുന്നു.
തോട്ടയും ഡിറ്റനേറ്ററുകളും നൽകിയത് കോൺഗ്രസ് നേതാക്കൾ ആണ്. ഇതെവിടെ നിന്ന് കിട്ടിയെന്ന് പൊലീസ് കർശനമായി പരിശോധിക്കണം. സംഭവത്തിൽ പോലീസ് അധികാരികൾക്ക് വന്ന വീഴ്ചയും പരിശോധിക്കണം. ജില്ല പൊലീസ് മേധാവിയുടെ കീഴിലുള്ള സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. സംഭവത്തിൽ പ്രതിഷേധിച്ചു 10 ന് വൈകീട്ട് അഞ്ചിന് പെരിക്കല്ലൂരിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. ജില്ല സെക്രട്ടറി കെ. റഫീഖ് ഉദ്ഘാടനം ചെയ്യും.
കോൺഗ്രസിന് പങ്കില്ലെന്ന് എൻ.ഡി. അപ്പച്ചൻ
മുള്ളൻകൊല്ലി സംഭവവുമായി ബന്ധപ്പെട്ടു വരുന്ന വാർത്തകളിൽ പാർട്ടിക്കോ പാർട്ടി നേതൃത്വത്തിനോ യാതൊരുവിധ പങ്കുമില്ലെന്ന് ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ. കുറച്ചാളുകൾ നല്ല നിലയിൽ പ്രവർത്തിച്ച് കൊണ്ടിരുന്ന മുള്ളൻകൊല്ലി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയെ അപകീർത്തിപ്പെടുത്തുവാൻ തുടങ്ങിയിട്ട് കുറേക്കാലമായി.
കെ.പി.സി.സി പാർട്ടിയിൽനിന്നും പുറത്താക്കിയവരെ കൂട്ടുപിടിച്ച് പാർട്ടിയേയും നേതാക്കൻന്മാരെയും മോശമാക്കാൻ നടത്തുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ പുതുതായി ഉയർന്നുവന്ന ആരോപണങ്ങൾ. മദ്യവും തോട്ടയും പിടിച്ച സംഭവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രസാദ് എന്ന വ്യക്തിയുമായി പാർട്ടിക്ക് യാതൊരുവിധ ബന്ധവുമില്ല.
ഈ വിഷയവുമായി ബന്ധപ്പെട്ട് പാർട്ടി പ്രവർത്തകർക്ക് ആർക്കെങ്കിലും ബന്ധമുണ്ടെങ്കിൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കും. കാരാട്ടുമല തങ്കച്ചൻ എന്ന വാർഡ് പ്രസിഡന്റിനെ അകാരണമായി യാതൊരു തെളിവുകളും ഇല്ലാതെ അറസ്റ്റ് ചെയ്ത് റിമാൻഡിൽ അയച്ചത് പിണറായി സർക്കാറിന്റെയും ആഭ്യന്തരവകുപ്പിന്റെയും വീഴ്ചയും കേരളത്തിൽ കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും എതിരെ പൊലീസ് നടത്തുന്ന നരനായാട്ടിന്റെ ഭാഗമാണെന്നും അപ്പച്ചൻ പറഞ്ഞു.