ഏഴാം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യ; സ്‌കൂളിനെതിരെ പരാതിയുമായി പിതാവ്
text_fieldsഫാത്തിമ
കൽപറ്റ: കഴിഞ്ഞ ദിവസം ഏഴാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂളിനെതിരെ പരാതിയുമായി കുട്ടിയുടെ പിതാവ്. ആത്മഹത്യ ചെയ്ത പീച്ചങ്കോട് മണിയോത്ത് ഫാത്തിമയുടെ പിതാവ് റഹീമാണ് ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. കഴിഞ്ഞ 16 നായിരുന്നു സംഭവം. ദ്വാരക എ.യു.പി സ്‌കൂളില്‍നിന്നും തന്റെ മകള്‍ക്ക് കടുത്ത മാനസിക പീഡനവും അപമാനവും നേരിട്ടെന്നും അതാണ് ആത്മഹത്യക്കിടയാക്കിയതെന്നും പിതാവ് പരാതിയിൽ പറയുന്നു.
സ്‌കൂളിലെ ചില അധ്യാപകരുടെയും പ്രത്യേകിച്ച് ഒരു അധ്യാപികയുടേയും ക്രൂരമായ പെരുമാറ്റവും അവഗണനയും കുട്ടിക്ക് നേരെയുണ്ടായതായി അദ്ദേഹം പറയുന്നു. സ്‌കൂള്‍ വിട്ടുവന്ന് യൂനിഫോമിലാണ് കുട്ടി ആത്മഹത്യ ചെയ്തത്.
ക്ലാസ്സില്‍ ഏതോ കുട്ടികള്‍ മഷി ഒഴിച്ചതായും എന്നാല്‍, അത് തന്റെ മകളുടെ പേരില്‍ ചാര്‍ത്തി ക്ലാസ് മുറി തുടപ്പിച്ചെന്നും മകളുടെ ആത്മാഭിമാനത്തിന് ക്ഷതമേറ്റതാണ് ആത്മഹത്യയുടെ കാരണമെന്നും പരാതിയില്‍ പറയുന്നു. അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നാണ് പരാതിയിലാവശ്യപ്പെടുന്നത്. സ്‌കൂളിലെ ഡാന്‍സ് ഗ്രൂപ്പില്‍ സജീവമായി പങ്കെടുത്തിരുന്ന മകളെ യാതൊരു കാരണമില്ലാതെ അതില്‍നിന്ന് മാറ്റി നിര്‍ത്തി.
ഇത് അവളെ ഏറെ വേദനിപ്പിച്ചുവെന്ന് കുട്ടി വീട്ടില്‍ പറഞ്ഞിരുന്നതായും മറ്റ് കുട്ടികള്‍ക്കു മുന്നില്‍ അവഗണിക്കപ്പെട്ടെന്നും പിതാവിന്‍റെ പരാതിയിലുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി അനിവാര്യമാണെന്നും അദ്ദേഹം പരാതിയിൽ പറയുന്നു. സംഭവത്തില്‍ മാനന്തവാടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.
അന്വേഷണം വേണം -മഹല്ല് കമ്മിറ്റി
മാനന്തവാടി: പീച്ചംകോട് കിഴക്കുംമൂല മഹല്ല് നിവാസിയായ മണിയോത് റഹീമിന്റെ മകള്‍ ദ്വാരക എ.യു.പി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാഥിനി ഫാത്തിമ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം നടത്തി ദുരൂഹത നീക്കണമെന്ന് കിഴക്കുംമൂല ഖിദ്മതുല്‍ ഇസ് ലാം മഹല്ല് കമ്മറ്റി ആവശ്യപ്പെട്ടു. കമ്മറ്റി പ്രസിഡന്‍റ് അബ്ദുല്ല പൂക്കോത്ത് അധ്യക്ഷത വഹിച്ചു. ഇബ്രാഹിം മുസ് ലിയാര്‍, എടവെട്ടന്‍ സിദ്ദീഖ്, കെ. മൊയ്തീന്‍, പൂളക്കോട് മുസ്തഫ തുടങ്ങിയവര്‍ സംസാരിച്ചു.


