മേളക്കിടെ സ്പോർട്സ് കൗൺസിൽ തെരഞ്ഞെടുപ്പ്; കായികമേളയുടെ നിറം കെടുത്തി സംഘാടകർ
text_fieldsകെ.എം. ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്
മരവയൽ: ജില്ല കായിക മേളക്കിടെ ജില്ല സ്പോർട്സ് കൗൺസിൽ തെരഞ്ഞെടുപ്പ് നടത്തിയത് വിവാദമാകുന്നു. ഡി.ഡി.ഇ ഉൾപ്പടെയുള്ളവർ സ്പോർട്സ് കൗൺസിൽ തെരഞ്ഞെടുപ്പിന് പോയതോടെ മരവയൽ ജില്ല സ്റ്റേഡിയത്തിൽ നടക്കുന്ന കായിക മേളയുടെ രണ്ടാം ദിനം നാഥനില്ലാ കളരിയായി. കായികാധ്യാപകരുടെ പരോക്ഷമായ നിസ്സഹകരണവും ഉദ്യോഗസ്ഥരുടെ പങ്കാളിത്തവും ഇല്ലാതായതോടെ ഇത്തവണത്തെ കായിക മേളയുമായി ബന്ധപ്പെട്ട് നിരവധി പരാതികളുയർന്നു.
ചൊവ്വാഴ്ചനടന്ന ഉദ്ഘാടന സമ്മേളനത്തിൽ ഡി.ഡി.ഇ ഉൾപ്പടെയുള്ളവരുടെ അസാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു. മേള ഉദ്ഘാടനം ചെയ്ത ഐ.സി. ബാലകൃഷ്ണൻ തന്നെ ഉദ്ഘാടന പ്രസംഗത്തിൽ പ്രധാന സംഘാടകരുടെ അസാന്നിധ്യവും മേളയുടെ പോരായ്മകളും ചൂണ്ടിക്കാട്ടുകയും ചെയ്തത് നാണക്കേടായി.
ജില്ല സ്പോർട്സ് കൗൺസിൽ തെരഞ്ഞെടുപ്പിനായാണ് ഉന്നത വിദ്യാഭ്യസ ഓഫിസർമാർ സ്റ്റേഡിയം വിട്ടത്. ഡി.ഡി.ഇയോടൊപ്പം എ.ഇയും സ്റ്റേഡിയം വിട്ടു. കൂടാതെ മേള നടത്തിപ്പിന്റെ ചുമതലയുള്ളവരും വിവിധ സബ് കമ്മിറ്റികളുടെ ചാർജുമാരും വോട്ട് ചെയ്യുന്നതിന് പോയതോടെയാണ് സംഘാടനം പാളിയത്. ഉദ്ഘാടനത്തടോനുബന്ധിച്ചുള്ള മാർച്ച് പാസ്റ്റിനും വിരലിലെണ്ണാവുന്ന വിദ്യർഥികളെ മാത്രമാണ് അണി നിരത്താനായത്.
അതേസമയം, സ്പോർട്സ് കൗൺസിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും നിരവധി വിവാദങ്ങളുയർന്നിട്ടുണ്ട്. വോട്ടിനിട്ടാണ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഉൾപ്പടെയുള്ളവരെ തെരഞ്ഞെടുത്തത്. രാഷ്ട്രീയ അതിപ്രസരണത്തിൽ സ്പോർട്സുമായി യാതൊരു ബന്ധവുമില്ലാത്ത പലരുമാണ് കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതെന്ന് ഒരു വിഭാഗം ആരോപിക്കുന്നു.
വോട്ടെടുപ്പിൽ വിജയിക്കുന്നതിന് ഉദ്യോഗസ്ഥരെ നിർബന്ധിച്ച് സ്ഥലത്ത് എത്തിക്കുകയായിരുന്നെന്നും രഹസ്യ ബാലറ്റെന്ന് പറഞ്ഞ് നടത്തിയ വോട്ടെടുപ്പിൽ ബാലറ്റിന് പിന്നിൽ വോട്ട് ചെയ്യുന്നവരുടെ പേര് എഴുതി ഒപ്പിടാൻ നിർദേശിച്ചത് വോട്ട് ചെയ്യുന്ന ഉദ്യാഗസ്ഥരെ സ്വാധീനിക്കാനായിരുന്നെന്നുമാണ് പറയുന്നത്. ഈ നടപടിക്കെതിരേ ഒരു വിഭാഗം കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്. അതേസയമം, കലക്ടറെ തെറ്റിദ്ധരിപ്പിച്ച് അർഹരല്ലാത്ത നോമിനികളെ തിരുകിക്കയറ്റിയതായും ഒരു വിഭാഗം ആരോപിക്കുന്നു. ഇതു സംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടുണ്ട്.


