കായിക താരങ്ങൾക്ക് സ്വീകരണം; ഭിന്നശേഷിക്കാരെ അവഗണിച്ച് സ്പോർട്സ് കൗൺസിൽ
text_fieldsസംസ്ഥാന സ്കൂൾ കായിക മേളയിൽ മികച്ച വിജയം നേടിയ ജില്ലയിലെ
കായിക താരങ്ങളെ കൽപറ്റ നഗരത്തിലൂടെ ആനയിക്കുന്നു
കല്‍പറ്റ: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ മികച്ച പ്രകടനം നടത്തിയവര്‍ക്കുള്ള അനുമോദന ചടങ്ങില്‍ ഇന്‍ക്ലുസിവ് കായികമേള താരങ്ങളെ അവഗണിച്ചതായി ആരോപണം. തിരുവനന്തപുരത്ത് നടന്ന മേളയില്‍ വയനാടിനായി സ്വര്‍ണമുള്‍പ്പെടെ നേടിയ താരങ്ങളാണ് വയനാട് സ്പോർട്സ് കൗൺസിൽ അനുമോദന ചടങ്ങില്‍ അവഗണിക്കപ്പെട്ടത്. താരങ്ങള്‍ക്ക് ഔദ്യോഗിക ക്ഷണം പോലുമുണ്ടായില്ലെന്നാണ് ലഭിക്കുന്ന വിവരം.
14 വയസിന് താഴെയുള്ള കാഴ്ച പരിമിതര്‍ക്കുള്ള 100 മീറ്ററില്‍ സ്വര്‍ണം നേടിയ ആദിവാസി വിഭാഗത്തിൽപ്പെട്ട ജി.വി.എച്ച്.എസ്.എസ് മാനന്തവാടിയിലെ അതുല്യ ജയനും ഗൈഡ് റണ്ണറായിരുന്ന അനീഷ എന്നിവരുള്‍പ്പെടെയുള്ളവരാണ് ജില്ല ഭരണകൂടവും സ്‌പോര്‍ട്‌സില്‍ കൗണ്‍സിലും സംഘടിപ്പിച്ച അനുമോദന പരിപാടിയിലേക്ക് ക്ഷണിക്കപ്പെടാതെപോയത്.
സവിശേഷ പരിഗണന അര്‍ഹിക്കുന്നവരോട് വിവേചനം വേണ്ടെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിന്റെ ഭാഗമായാണ് ഇത്തവണ ഇന്‍ക്ലുസിവ് കായിക മേളയും സംസ്ഥാന സ്‌കൂള്‍ കായിക മേളയ്‌ക്കൊപ്പം നടത്തിയത്. എന്നാല്‍, മേളയില്‍ പങ്കെടുത്തവര്‍ക്കുള്ള അനുമോദനത്തില്‍ താരങ്ങളെ അവഗണിച്ചതിനെതിരേ പ്രതിഷേധം ശക്തമാണ്. അതേസമയം, ഇവർക്ക് ഘോഷയാത്രയിൽ പങ്കെടുക്കാനാവാത്തത് കൊണ്ടാണ് വിളിക്കാതിരുന്നതെന്നായിരുന്നു വിശദീകരണമെന്ന് പറയുന്നു.
സംഭവം വിവാദമായതോടെ ഇന്‍ക്ലുസീവ് കായികമേള താരങ്ങള്‍ക്കായി പ്രത്യേക അനുമോദന ചടങ്ങ് സംഘടിപ്പിക്കുമെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. എന്നാൽ, സർക്കാർ ഇത്തരം വിഭാഗങ്ങളെ ചേർത്ത പിടിക്കുമ്പോൾ വലിയ ആഘോഷത്തോടെ നടത്തിയ സ്പോർട്സ് കൗൺസിൽ സ്വീകരണ ചടങ്ങിൽ ആ വിഭാഗം വിദ്യാർഥികളെ പങ്കെടുപ്പിക്കാത്തത് വിവേചനമാണെന്നാണ് രക്ഷിതാക്കൾ പറയുന്നത്.


