അമ്പലവയൽ കൃഷി വിജ്ഞാന കേന്ദ്രം; പീഡനപരാതിയിൽ അധ്യാപകന് സ്ഥലംമാറ്റം ഇഷ്ടസ്ഥലത്തേക്ക്
text_fieldsകൽപറ്റ: അമ്പലവയൽ കൃഷി വിജ്ഞാന കേന്ദ്രത്തിലെ വിദ്യാർഥിനികളുടെ പരാതിയെ തുടർന്ന് ആരോപണ വിധേയനായ അധ്യാപകനെ സ്ഥലംമാറ്റി, പക്ഷേ ഇഷ്ടസ്ഥലത്തേക്കാണെന്നു മാത്രം. അസി. പ്രഫസർ ഡോ. ജി.എസ്. അരുൾ അരശനെ തൃശൂർ മണ്ണുത്തി കമ്യൂണിക്കേഷൻ സെന്ററിലേക്ക് സ്ഥലംമാറ്റി കഴിഞ്ഞ ദിവസം വൈകീട്ടാണ് കാർഷിക സർവകലാശാല ഉത്തരവിറക്കിയത്.
ഇയാൾ കുറ്റക്കാരനാണെന്ന ആഭ്യന്തര പരിഹാര സമിതിയുടെ കണ്ടെത്തലിനെ തുടർന്നാണ് നടപടി. അമ്പലവയൽ കൃഷി വിജ്ഞാന കേന്ദ്രത്തിൽ പരിശീലനത്തിനെത്തിയ കൃഷി ബിരുദ വിദ്യാർഥിനികളോട് ഡോ. അരുൾ അരശൻ അപമര്യാദയായി പെരുമാറുകയും അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിക്കുകയും ചെയ്തുവെന്നാണ് പരാതി.
സംഭവം പുറത്തറിയുകയും അധ്യാപകൻ കുറ്റം സമ്മതിക്കുകയും ചെയ്തിട്ട് ഏറെ കാലമായെങ്കിലും നടപടി വൈകുന്നതിൽ പ്രതിഷേധമുയർന്നിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. വി.പി. രാജനെ ഉപരോധിക്കുകയും ചെയ്തു. ഇതേ തുടർന്നായിരുന്നു സ്ഥലംമാറ്റം നൽകിയത്. എന്നാൽ, ഇഷ്ടസ്ഥലമായ തൃശൂർ മണ്ണുത്തി കമ്യൂണിക്കേഷൻ സെന്ററിലേക്കാണ് അരുൾ അരശന് സ്ഥലംമാറ്റം നൽകിയതെന്ന ആരോപണവും ശക്തമായിട്ടുണ്ട്.
സർവകലാശാല എക്റ്റൻഷൻ വിഭാഗം അധ്യാപകനായ ഇയാൾ മുമ്പ് സർവകലാശാലയുടെ പ്രധാന വിജ്ഞാന സ്ഥാപനമായ മണ്ണുത്തി കമ്യൂണിക്കേഷൻ സെന്റർ മേധാവിയായിരുന്നു. വനിതകൾ ഉൾപ്പെടെ കൃഷി പരിശീലനത്തിന് എത്തുന്ന സ്ഥാപനമാണിത്. ഓഫിസ് മേധാവിയായിരിക്കെ ഗുരുതര സാമ്പത്തിക ക്രമക്കേട് നടത്തിയ ഇയാളെ മുൻ വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബുവാണ് അമ്പലവയലിലേക്ക് ശിക്ഷാനടപടിയുടെ ഭാഗമായി സ്ഥലംമാറ്റിയത്.
എന്നാൽ, ഡോ. ചന്ദ്രബാബു വി.സി സ്ഥാനത്തുനിന്ന് മാറിയതോടെ സർവകലാശാല തുടർനടപടി സ്വീകരിച്ചില്ല. ഗുരുതര സാമ്പത്തിക ക്രമക്കേടുകളും വിദ്യാർഥിനി പീഡനവും നടത്തിയ ഇയാൾക്ക് ഇപ്പോൾ പീഡനപരാതിയുടെ മറവിൽ വീണ്ടും സൗകര്യപ്രദമായ മണ്ണുത്തിയിലേക്കാണ് സ്ഥലംമാറ്റം നൽകിയതെന്നാണ് വിദ്യാർഥികളും അധ്യാപകരും ആരോപിക്കുന്നത്. ഭരണകക്ഷിയായ പാർട്ടിക്കാരായ ഉദ്യോഗസ്ഥരുടെ പിന്തുണമൂലമാണിതെന്നാണ് ആക്ഷേപം. അരുൾ അരശൻ കുറ്റക്കാരനാണെന്ന് ആഭ്യന്തര പരിഹാര സമിതി കണ്ടെത്തി റിപ്പോർട്ട് നൽകി മാസങ്ങളായിട്ടും സർവകലാശാല അച്ചടക്ക നടപടി സ്വീകരിച്ചിരുന്നില്ല.
പൊലീസിൽ പരാതി നൽകാനും തയാറാകാതെ സംരക്ഷിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്. 2023 മാർച്ച് മുതൽ കാർഷികോൽപാദന കമീഷണർ ഡോ. ബി. അശോകിനാണ് കാർഷിക സർവകലാശാല വൈസ് ചാൻസലറുടെ അധികച്ചുമതല.