Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightവയനാട്ടിൽ ചിത്രം...

വയനാട്ടിൽ ചിത്രം തെളിഞ്ഞു; ഇനി അങ്കം മുറുകും, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ദിവസങ്ങൾ മാത്രം

text_fields
bookmark_border
വയനാട്ടിൽ ചിത്രം തെളിഞ്ഞു; ഇനി അങ്കം മുറുകും, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ദിവസങ്ങൾ മാത്രം
cancel
camera_alt

എ​ൽ.​ഡി.​എ​ഫ് ക​ൽ​പ്പ​റ്റ​യി​ൽ ന​ട​ത്തി​യ റോ​ഡ് ഷോ 

കൽപറ്റ: നിയമസഭാ തെരെഞ്ഞെടുപ്പിൽ കൽപറ്റ നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ കൂടി പ്രഖ്യാപിച്ചതോടെ ജില്ലയിലെ ചിത്രം തെളിഞ്ഞു. എൽ.ഡി.എഫിൽ ആർ.ജെ.ഡിക്കായി നീക്കിവെച്ച സീറ്റിൽ സംസ്ഥാന കമ്മിറ്റി അംഗം പി.കെ. അനിൽകുമാർ മത്സരിക്കും. ഇതോടെ ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലും യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർഥികളായി. കഴിഞ്ഞ തവണ വിജയിച്ച മൂന്നു പേരും ഇത്തവണയും കളത്തിലങ്ങുമ്പോൾ അവരെ നേരിടാൻ മൂന്നിടങ്ങളിലും കരുത്തരെ തന്നെയാണ് മുന്നണികൾ ഇത്തവണ പരീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ദിവസങ്ങൾ മാത്രമാണുള്ളതെന്നത് കൊണ്ട് തന്നെ ഒരോ മണിക്കൂറുകളും സ്ഥാനാർഥികൾക്കും പാർട്ടികൾക്കും നിർണായകമാകും.

കൽപറ്റയിൽ സിറ്റിങ് എം.എൽ.എ കോൺഗ്രസിന്റെ ടി. സിദ്ദീഖിനെ നേരിടാൻ പി.കെ. അനിൽകുമാറിനെ എൽ.ഡി.എഫ് രംഗത്തിറക്കുമ്പോൾ സുൽത്താൻ ബത്തേരിയിൽ തുടർച്ചയായി മൂന്ന തവണ എം.എൽ.എ ആയ കോൺഗ്രസിലെ ഐ.സി. ബാലകൃഷ്ണനെ നേരിടാൻ കഴിഞ്ഞ തവണത്തെ സ്ഥാനാർഥിയെ തന്നെയാണ് ഇത്തവണയും എൽ.ഡി.എഫ് രംഗത്തിറക്കിയത്. എം.എസ്. വിശ്വനാഥനന്റെ സ്ഥാനാർഥിത്വം സുൽത്താൻ ബത്തേരി മണ്ഡലത്തിൽ കനത്ത പോരാട്ടത്തിന് വേദിയാകുമെന്നാണ് വിലയിരുത്തൽ. മാനന്തവാടിയിൽ കഴിഞ്ഞ തവണ വിജയിച്ച് പിന്നീട് മന്ത്രി പദത്തിലെത്തിയ ഒ.ആർ. കേളുവിനെ നേരിടാൻ തെരഞ്ഞടുപ്പിൽ ഇതുവരെ പരാജയം രുചിച്ചിട്ടില്ലാത്ത ഉഷാ വിജയനെയാണ് യു.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ മൂന്ന് മണ്ഡലങ്ങളിലും യു.ഡി.എഫിന് വ്യക്തമായ ആധിപത്യം ലഭിച്ചതിന്റെ കരുത്തിൽ ജില്ലയിൽ വലിയ പ്രതീക്ഷയിലാണ് ഐക്യ ജനാധിപത്യമുന്നണി ക്യാമ്പ്. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തെരഞ്ഞെടുപ്പിന് വിലയിരുത്താനാവില്ലെന്നും ഒട്ടേറെ ഘടകങ്ങൾ തങ്ങൾക്കനുകൂലമാണെന്നുമാണ് ഇടതുമുന്നണി പറയുന്നത്. സുൽത്താൻ ബത്തേരിയിലും മാനന്തവാടിയിലും എൻ.ഡി.എ സ്ഥാനാർഥികളെ പ്രഖ്യാപിച്ചുണ്ടെങ്കിലും കൽപറ്റയിൽ അനിശ്ചിതത്വം തുടരുകയാണ്. ആം ആദ്മി പാർട്ടി നേരത്തേതന്നെ കൽപറ്റയിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരുന്നു. സി.എ. റഫീക്കാണ് ഇവിടെ ജനവിധി തേടുന്നത്. നിലവിൽ മൂന്ന് നിയമസഭ മണ്ഡലങ്ങളിൽ രണ്ടിടത്ത് യു.ഡി.എഫും ഒരിടത്ത് എൽ.ഡി.എഫുമാണ്.

വയനാട്ടിലെ ഭൂരിപക്ഷം പഞ്ചായത്തുകളും യു.ഡി.എഫാണ് ഭരിക്കുന്നത്. ആകെയുള്ള 23 പഞ്ചായത്തുകളിൽ 17 ഇടത്തും യു.ഡി.എഫാണ് ഭരിക്കുന്നത്. ആറിടത്താണ് എൽ.ഡി.എഫ് ഭരണം. കൽപറ്റ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന 10 പഞ്ചായത്തുകളിൽ എട്ടിലും സുൽത്താൻ ബത്തേരിയിലെ ഏഴിൽ നാലിലും മാനന്തവാടിയിലെ ആറിൽ അഞ്ചിലും യു.ഡി.എഫാണുള്ളത്. നഗരസഭയിൽ മൂന്നിൽ രണ്ടും ഭരണം യു.ഡി.എഫിന്റെ കൈയിലാണ്. ആകെയുള്ള നാല് ബ്ലോക്ക് പഞ്ചായത്തുകളും യു.ഡി.എഫ് പിടിച്ചെടുത്തിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ മുന്നേറ്റം നിയമസഭാ തെരഞ്ഞെടുപ്പിലും ഉണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. റോഡ് ഷോ നടത്തിയും പൊതുയോഗങ്ങൾ സംഘടിപ്പിച്ചും മത, സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക നേതാക്കളെ കണ്ടും തെരഞ്ഞെടുപ്പ് കൊഴുപ്പിക്കുകയാണ് മുന്നണികൾ.

Show Full Article
TAGS:election campaign Kerala Assembly Election 2026 Candidates 
News Summary - The picture has emerged in Wayanad; Now the election campaign will intensify, just days away
Next Story