Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightkalpettachevron_rightദുരിതജീവിതം മാറുമോ..?...

ദുരിതജീവിതം മാറുമോ..? പുതിയ സർക്കാറിൽ പ്രതീക്ഷയുമായി തോട്ടം മേഖല

text_fields
bookmark_border
ദുരിതജീവിതം മാറുമോ..? പുതിയ സർക്കാറിൽ പ്രതീക്ഷയുമായി തോട്ടം മേഖല
cancel
camera_alt

കാ​ല​പ്പ​ഴ​ക്കം മൂ​ലം ത​ക​ർ​ച്ച ഭീ​ഷ​ണി നേ​രി​ടു​ന്ന ചു​ണ്ടേ​ൽ പ്ര​ദേ​ശ​ത്തെ എ​സ്റ്റേ​റ്റ് ല​യം

കൽപറ്റ: ഒരുപതിറ്റാണ്ടിന് ശേഷം ഭരണമാറ്റം വന്നതോടെ തോട്ടം മേഖലയിലെ അടിസ്ഥാന പ്രശ്നങ്ങൾക്ക് സമഗ്രമാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ തോട്ടം തൊഴിലാളികൾ. ജില്ലയിലെ പൊഴുതന, വൈത്തിരി, മേപ്പാടി, മൂപ്പെനാട്, മാനന്തവാടി ഭാഗങ്ങളിലാണ് തോട്ടം തൊഴിലാളികൾ കൂടുതലായുള്ളത്. നൂറുകണക്കിന് തൊഴിലാളി കുടുംബങ്ങൾ താമസിച്ച എസ്റ്റേറ്റ് മേഖല ഇപ്പോൾ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.

പാടികളുടെ ശോച്യാവസ്ഥ, കൂലിവർധന, കുടിവെള്ളം, കുട്ടികളുടെ വിദ്യാഭ്യാസം, ഗ്രാറ്റുവിറ്റി ആനുകൂല്യം എന്നിവക്ക് മാറ്റമില്ലാതയതോടെ അഞ്ചുവർഷത്തിനിടെ തോട്ടംമേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ സർക്കാറും മാനേജ്മെന്റുകളും കാണിക്കുന്ന അവഗണനയാണ് തൊഴിൽ മേഖല പ്രതിസന്ധിയിലാകുന്നതിന് കാരണം. ചാറ്റൽമഴ പെയ്താൽ പോലും കാലപ്പഴക്കത്താൽ ചോർന്നൊലിക്കുന്ന എസ്റ്റേറ്റ് പാടികളാണ് മിക്ക ഡിവിഷനുകളിലുമുള്ളത്. ഇവയുടെ അറ്റകുറ്റപ്പണി നടത്താതായതോടെ മിക്കതും കാടുകയറി ആൾതാമസം ഇല്ലാതെയായി. താമസസ്ഥലങ്ങൾക്ക് പുറമെ കമ്പനി നൽകുന്ന പല ആനുകൂല്യങ്ങളും ഇപ്പോഴും പല ഡിവിഷനുകളിലും ലഭിക്കാറില്ല. 540 രൂപ ദിവസക്കൂലി മാത്രമാണ് ലഭിക്കുന്നത് എന്നതിനാൽ കുട്ടികൾ അടങ്ങുന്ന കുടുംബം മുന്നോട്ടുപോകാൻ കഷ്ടപ്പെടുകയാണെന്ന് തൊഴിലാളി കുടുംബങ്ങൾ പറയുന്നു.

നിലവിൽ മിക്ക എസ്റ്റേറ്റുകളിലും ഇതര സംസ്ഥാന തൊഴിലാളികളുടെ വരവ് വർധിച്ചിട്ടുണ്ട്. ബിഹാർ, ഛത്തീസ്ഗഡ്, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ തൊഴിലാളികളാണ് ജില്ലയിൽ കൂടുതലായി എത്തിപ്പെടുന്നത്. കുറഞ്ഞ കൂലിയും വാസയോഗ്യമല്ലാത്ത എസ്റ്റേറ്റ് ലയങ്ങളും നൽകിയാൽ തന്നെ മാനേജ്മെന്റുകൾക്ക് ഇത്തരം തൊഴിലാളികളെ കിട്ടാൻ പ്രയാസമില്ലാതായി.

തോട്ടം മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനായി പുതിയ പാർപ്പിട സൗകര്യങ്ങളുടെ നിർമാണത്തിനും തൊഴിലാളികളുടെ നിലവിലുള്ള വീടുകളുടെ നവീകരണത്തിനും ബജറ്റ് വിഹിതമായി അഞ്ചുകോടി രൂപയും അധിക വിഹിതമായി 10 കോടി രൂപയും കഴിഞ്ഞ സർക്കാർ വകയിരുത്തിരുന്നു. എന്നാൽ, കഴിഞ്ഞ സർക്കാറിന്റെ കാലത്ത് വിഭാവനം ചെയ്ത പദ്ധതികളായ ലയങ്ങളുടെ നവീകരണം പ്രഖ്യാപനത്തിലൊതുങ്ങി. ഓരോ ബജറ്റിലും പ്രത്യേകം തുക വകയിരുത്തുന്നതിനപ്പുറം തുടർനടപടികളൊന്നും ഉണ്ടാകാറില്ല. തോട്ടം മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇനിയും പഠനം വേണമെന്ന നിലപാടിലാണ് മാറിമാറി വരുന്ന സർക്കാറുകൾക്കുള്ളത്. തോട്ടം മേഖലയിൽ കാതലായ മാറ്റം വരുത്തി പുതിയ സർക്കാർ പ്രത്യേക പാക്കേജ് ഉണ്ടാക്കുമെന്നാണ് തൊഴിലാളികളുടെ പ്രതീക്ഷ.

Show Full Article
TAGS:Plantation Sector New Government Wayanad 
News Summary - The plantation sector is hopeful about the new government
Next Story