ചുരത്തിലെ വീതികൂട്ടൽ പ്രവൃത്തി ഉടൻ തുടങ്ങും
text_fieldsചുരം എട്ടാം വളവിൽ നവീകരണത്തിന്റെ ഭാഗമായി മുറിച്ചിട്ട മരങ്ങൾ നീക്കുന്നു (ഫയൽ ചിത്രം)
കൽപറ്റ: ഗതാഗതക്കുരുക്കിന് പരിഹാരമായി താമരശ്ശേരി ചുരത്തിലെ വളവുകൾ വീതികൂട്ടി നവീകരിക്കുന്ന പ്രവൃത്തി അടുത്തയാഴ്ച തുടങ്ങും. ആറ്, ഏഴ്, എട്ട് വളവുകൾ വീതികൂട്ടുന്നതിന് ദേശീയപാത വിഭാഗം ഏറ്റെടുത്ത വനഭൂമിയിലെ മരങ്ങൾ കഴിഞ്ഞ മാസം മുറിച്ചുനീക്കിയിരുന്നു. ഈ സ്ഥലത്ത് മണ്ണുപരിശോധന നടത്തുകയും ചെയ്തിരുന്നു.
തുടർന്ന് തയാറാക്കിയ ഡിസൈൻ വർക്കിൽ ആറാം വളവിന്റെ പ്രവൃത്തികൾക്ക് ഐ.ഐ.ടിയുടെ അംഗീകാരം ലഭിച്ചു. ബാക്കി രണ്ട് വളവുകളുടെ ഡിസൈൻ പൂർത്തിയാക്കിയിട്ടുണ്ട്. ഇതിന് അടുത്തുതന്നെ അംഗീകാരം ലഭിക്കുമെന്നാണു വിവരം. ഡൽഹി ആസ്ഥാനമായ കമ്പനിയാണ് കരാറെടുത്തത്. മൂന്നു വളവുകളിലും മരങ്ങൾ മുറിച്ചുമാറ്റി അരികുഭിത്തി കെട്ടിപ്പൊക്കി റോഡ് വീതികൂട്ടി ടാർ ചെയ്യുന്നതിന് 22 കോടിയുടെ ടെൻഡറാണ് കമ്പനി ഏറ്റെടുത്തത്.
ഇവിടെ വനഭൂമി ഉൾപ്പെട്ടതിനാൽ ബന്ധപ്പെട്ട വകുപ്പിന്റെ അനുമതി ആവശ്യമായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ദേശീയപാത വിഭാഗത്തിന് വനം വകുപ്പിന്റെ അനുമതി ലഭ്യമായത്. വളവുകൾ കൂടി വീതികൂട്ടുന്നത് ചുരത്തിലെ രൂക്ഷമാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.


