വയനാട് തെരഞ്ഞെടുപ്പ്; ബി.എല്‍.ഒമാര്‍ വീടുകളിലേക്ക്
text_fieldsകലക്ടറേറ്റിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ സംസാരിക്കുന്നു
കൽപറ്റ: ചൊവ്വാഴ്ച മുതൽ നടക്കുന്ന തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനായി വയനാട്ടില്‍ 567 ബൂത്ത്തല ഓഫിസര്‍മാർ. ഒരുക്കങ്ങൾ പൂർത്തിയായതായി കലക്ടറേറ്റിൽ നടത്തിയ വാർത്തസമ്മേളനത്തില്‍ ജില്ല കലക്ടര്‍ ഡി.ആര്. മേഘശ്രീ അറിയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എസ്.ഐ.ആർ (സ്പെഷല്‍ ഇന്റന്‍സീവ് റിവിഷന്‍) ആണ് നടക്കുന്നത്. ഇതിനായി ഇന്നുമുതല്‍ ബൂത്ത്തല ഓഫിസര്‍മാര്‍ വോട്ടര്‍മാരുടെ വീടുകളിലെത്തും. ഇതിനായുള്ള എന്യൂമറേഷന് ഫോമിന്റെ ജില്ലതല വിതരണോദ്ഘാടനം ഇന്ന് രാവിലെ 8.45ന് പത്മശ്രീ ചെറുവയല്‍ രാമന് വീട്ടിലെത്തി നൽകി ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ല കലക്ടര്‍ നിര്‍വഹിക്കും. വോട്ടര്‍ പട്ടിക പരിഷ്കരണത്തിലൂടെ യോഗ്യതയുള്ള ഒരു വോട്ടറേയും ഒഴിവാക്കില്ല. അര്‍ഹരല്ലാത്ത ഒരാളും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും ഉറപ്പാക്കും.
2002ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കിയാണ് എസ്.ഐ.ആര് നടത്തുന്നത്. 2025ൽ നിയമസഭാ തെരഞ്ഞെടുപ്പിന് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്ത മുഴുവന്‍ സമ്മതിദായകരുടെയും വീടുകളില്‍ ബൂത്ത്തല ഓഫിസര്‍മാരെത്തി എന്യൂമറേഷന് ഫോം കൈമാറി വിവരശേഖരണം നടത്തും. ഡിസംബര്‍ നാലു വരെയാണ് വിവര ശേഖരണം നടക്കുക. ഡിസംബര്‍ ഒമ്പതിന് പ്രാഥമിക വോട്ടര്‍ പട്ടികയും 2026 ഫെബ്രുവരി ഏഴിന് അന്തിമ പട്ടികയും പ്രസിദ്ധീകരിക്കും.
ബി.എല്‍.ഒമാര്‍ക്ക് നിലവിൽ രേഖകള്‍ നല്‍കേണ്ട
ഡിസംബര്‍ നാല് വരെ വിവര ശേഖരണത്തിനായി വീടുകളിലെത്തുന്ന ബി.എല്‍.ഒമാര്‍ക്ക് രേഖകള്‍ ഒന്നും നിലവിൽ നല്‍കേണ്ടതില്ല. 2025ലെ പട്ടികയില്‍ ഉള്‍പ്പെട്ടവരും 2002ലെ പട്ടികയില്‍ ഇല്ലാത്തവരും ആണെങ്കില്‍ അവരുടെ മാതാപിതാക്കള്‍ 2002ലെ പട്ടികയില്‍ ഉള്‍പ്പെട്ടതാണെങ്കില്‍ രേഖകള്‍ നല്‍കേണ്ടതില്ല.
2002ലെ പട്ടികയില്‍ ഇല്ലാത്ത വ്യക്തിയോ മാതാപിതാക്കളോ ആണെങ്കില്‍ തെരഞ്ഞെടുപ്പ് കമീഷന് നിര്‍ദേശിക്കുന്ന 12 രേഖകളില്‍ ഒന്ന് നല്‍കണം. വിവരശേഖരണത്തിനെത്തുന്ന ബി.എല്‍.ഒമാര്‍ രണ്ട് എന്യൂമറേഷന് ഫോമുകള്‍ നല്‍കും. ഒന്ന് പൂരിപ്പിച്ച് തിരികെ നല്‍കുകയും മറ്റൊന്ന് സൂക്ഷിക്കുകയും ചെയ്യണം.
ഫോം പൂരിപ്പിക്കാനും ഓണ്‍ലൈനായി അപ് ലോഡ് ചെയ്യാനും ബി.എല്‍.ഒയുടെ സഹായം ലഭിക്കും. കളര്‍ ഫോട്ടോ അപ് ലോഡ് ചെയ്യാനും സംവിധാനമുണ്ട്. പുതുതായി വോട്ട് ചേര്‍ക്കാന്‍ ഫോം 6, ഒഴിവാക്കാന്‍ ഫോം 7, തിരുത്താനോ വോട്ട് മാറ്റാനോ ഫോം 8 എന്നിവ നല്‍കും.
താൽകാലികമായി സ്ഥലം മാറി നില്ക്കുന്ന വോട്ടര്‍മാര്‍ക്ക് ഓണ്‍ലൈനായി എന്യൂമറേഷന് ഫോമുകള്‍ നല്‍കാം. വീടുകളിലെത്തുന്ന ബി.എല്‍.ഒ മാര്‍ക്കൊപ്പം രാഷ്ട്രീയപാര്‍ട്ടിയില്‍ ചുമതലപ്പെടുത്തുന്ന ബൂത്ത് ലെവല്‍ ഏജന്റുമാരുണ്ടാവും.
ഡിസംബര്‍ ഒമ്പതിന് കരട് വോട്ടര്‍ പട്ടിക
ഡിസംബര്‍ നാലിനകം ലഭിക്കുന്ന പൂരിപ്പിച്ച വോട്ടര്‍പട്ടിക പരിഷ്കരണ ഫോറങ്ങള്‍ പരിശോധിച്ച് ബന്ധപ്പെട്ട നിയമസഭാ മണ്ഡലത്തിലെ ഇലക്ട്രല്‍ രജിസ്ട്രേഷന് ഓഫിസര്‍മാര്‍ ഡിസംബര്‍ ഒമ്പതിന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. വോട്ടര്‍ പട്ടികയില്‍ വിവരങ്ങള്‍ രേഖപ്പെടുത്താത്തവര്‍ക്കും തെറ്റായ വിവരം രേഖപ്പെടുത്തിയവര്‍ക്കും രേഖകള്‍ ഹാജരാക്കാന്‍ നോട്ടീസ് നല്‍കും.
പട്ടികയുമായി ബന്ധപ്പെട്ട് ഡിസംബര്‍ ഒമ്പത് മുതല്‍ ജനുവരി എട്ട് വരെ ബന്ധപ്പെട്ട ഇലക്ട്രല്‍ രജിസ്ട്രേഷന് ഓഫിസര്‍മാര്‍ മുമ്പാകെ ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാം. നിലവിലെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാത്തവരും 2026 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാകുന്ന വോട്ടര്‍മാര്‍ക്കും ഫോറം ആറിലുള്ള അപേക്ഷയും സത്യവാങ്മൂലവും പൂരിപ്പിച്ച് ബി.എല്‍.ഒമാര്‍ക്ക് നല്‍കാം.
ഇലക്ട്രറല്‍ രജിസ്ട്രേഷന് ഓഫിസര്‍മാരുടെ തീരുമാനത്തിനെതിരെ ആക്ഷേപമുണ്ടെങ്കില്‍, ജില്ല കലക്ടര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാം. എന്യൂമറേഷന് സംബന്ധിച്ചുളള പൊതുജനങ്ങളുടെ സംശയങ്ങള്‍ പരിഹരിക്കാന്‍ കലക്ടറേറ്റില്‍ എസ്.ഐ.ആര് ഹെല്പ് ഡെസ്ക് പ്രവര്‍ത്തിക്കും. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്രസമ്മേളനത്തില്‍ സബ് കലക്ടര്‍ അതുല്‍ സാഗര്‍, ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്) കെ. മനോജ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
എന്യൂമറേഷൻ ഫോറം വിതരണം
പ്രത്യേക വോട്ടർപട്ടിക പുതുക്കൽ യജ്ഞം ചൊവ്വാഴ്ച ആരംഭിക്കും. എന്യൂമറേഷൻ ഫോമുകളുടെ വിതരണോദ്ഘാടനം മാനന്തവാടിയിൽ സംവിധായകൻ നിതിൻ ലൂക്കോസ് നിർവഹിച്ചു. ബൂത്ത് ലെവൽ ഓഫിസർമാരുടെ നേതൃത്വത്തിലാണ് വോട്ടർ പട്ടിക പുതുക്കൽ പ്രവൃത്തി നടക്കുന്നത്. സംക്ഷിപ്ത വോട്ടർ പട്ടിക പരിഷ്കരണത്തിനായുള്ള ഫോമുകൾ, ബാഗ്, തൊപ്പി എന്നിവ പരിപാടിയിൽ വിതരണം ചെയ്തു.
മാനന്തവാടി താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫിസറും സബ് കലക്ടറുമായ അതുൽ സാഗർ അധ്യക്ഷത വഹിച്ചു. മാനന്തവാടി തഹസിൽദാർ പി.യു. സിത്താര, ഇലക്ട്രൽ ലിറ്ററസി ക്ലബ് ജില്ല കോഓഡിനേറ്റർ രാജേഷ് കുമാർ എന്നിവർ സംസാരിച്ചു.


