മെഡിക്കൽ കോളജ് ആശുപത്രി; അംഗീകാര നിറവിൽ വയനാടിന് അഭിമാനം
text_fieldsകൽപറ്റ: വയനാട് ഗവ. മെഡിക്കൽ കോളജിന് നാഷനൽ മെഡിക്കൽ കമീഷൻ (എൻ.എം.സി) അംഗീകാരം ലഭിച്ചതോടെ ജില്ലക്ക് അഭിമാനം. നീണ്ട കാത്തിരിപ്പിനൊടുവിലാണ് അംഗീകാരം ലഭിച്ചത്. പരിമിതമായ സൗകര്യത്തിനുള്ളിൽ നിന്ന് മെഡിക്കൽ കോളേജ് പ്രവർത്തനക്ഷമമാക്കാനുള്ള ഇടപെടലാണ് ഫലം കണ്ടത്. ആശുപത്രിയോട് ചേർന്ന് 45 കോടി ചെലവിൽ നിർമിച്ച ആറുനില മൾട്ടിപർപ്പസ് കെട്ടിടമാണ് കോളജിൽ എം.ബി.ബി.എസ് പഠനത്തിന് വഴി തെളിയിച്ചത്.
കെ.കെ. ശൈലജ ആരോഗ്യമന്ത്രിയായിരിക്കെ 2021 ഫെബ്രുവരിയിലാണ് ജില്ല ആശുപത്രിയെ മെഡിക്കൽ കോളജാക്കി ഉയർത്തിയത്. മെഡിക്കൽ കോളജായി ഉയർത്തിയെങ്കിലും അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിൽ വേണ്ടത്ര ശ്രദ്ധിച്ചില്ല. പരിശോധനാ സംവിധാനങ്ങളോ കെട്ടിടമോ അനുബന്ധസൗകര്യങ്ങളോ ഒരുക്കാത്തതും ഡോക്ടർമാരുടെ തസ്തിക ഒരുക്കാത്തതും വിവാദമായിരുന്നു.
ചികിത്സ തേടിയെത്തുന്നവരെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യാനുള്ള റഫറൽ മെഡിക്കൽ കോളജായി മാറിയെന്ന ആരോപണവും ശക്തമായിരുന്നു. തവിഞ്ഞാൽ ബോയ്സ് ടൗണിൽ അക്കാദമിക് കെട്ടിടം നിർമിക്കാൻ സ്ഥലം കണ്ടെത്തിയെങ്കിലും ഇത് കോടതിയുടെ പരിഗണനയിലാണ്. കാർഡിയോളജി മാത്രമാണ് വയനാട് ഗവ. മെഡിക്കൽ കോളജിൽ സൂപ്പർ സ്പെഷാലിറ്റിയിലുള്ള തസ്തിക. കഴിഞ്ഞ ജൂൺ 23നാണ് എൻ.എം.സി സംഘം പരിശോധനയ്ക്കായി എത്തിയത്. ജില്ല ആശുപത്രി മെഡിക്കൽ കോളജായി ഉയർത്തിയ ശേഷം രണ്ടാംതവണയായിരുന്നു സംഘത്തിന്റെ പരിശോധന.
യു.ഡി.എഫ് സർക്കാറിന്റെ കാലത്താണ് വയനാട്ടിൽ ഗവ. മെഡിക്കൽ കോളജ് തുടങ്ങുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയത്. അന്ന് കൽപറ്റയിലെ വെള്ളാരം കുന്നിൽ തറക്കല്ലിട്ടെങ്കിലും എൽ.ഡി.എഫ് സർക്കാർ മാനന്തവാടിയിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.
നിലവിൽ 45 കോടി രൂപ ചെലവില്‍ മള്‍ട്ടി പര്‍പസ് ബ്ലോക്ക് യാഥാർഥ്യമാക്കിയതിന് പുറമെ 60 സീറ്റുകളോട് കൂടി നഴ്സിങ് കോളജും ആരംഭിച്ചു. ആദ്യവര്‍ഷ ക്ലാസുകള്‍ ആരംഭിക്കുന്നതിന് 115 അധ്യാപക തസ്തികകളും 25 അനധ്യാപക തസ്തികകളും ഉള്‍പ്പെടെ 140 തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തി. 2.30 കോടി വിനിയോഗിച്ച് മോഡേണ്‍ മോര്‍ച്ചറി കോംപ്ലക്സ് സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചു. 8.23 കോടി വിനിയോഗിച്ച് കാത്ത് ലാബ് നിര്‍മാണം പൂര്‍ത്തിയാക്കി. ആന്‍ജിയോപ്ലാസ്റ്റി നടപടികൾ ആരംഭിച്ചു. 18 ലക്ഷം ഉപയോഗിച്ച് പവര്‍ ലോണ്ട്രി സ്ഥാപിച്ചു.
ലക്ഷ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലേബര്‍ റൂം സ്റ്റാന്‍ഡര്‍ഡൈസേഷന്‍ നടപ്പാക്കി. പീഡിയാട്രിക് ഐ.സി.യുവും സജ്ജീകരിച്ചു. സംസ്ഥാനത്ത് ആദ്യമായി സിക്കിള്‍ സെല്‍ യൂനിറ്റ് പ്രവര്‍ത്തനമാരംഭിച്ചു. ജില്ലയില്‍ ആദ്യമായി അരിവാള്‍ കോശ രോഗിയില്‍ ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും നടത്തി. 70 ലക്ഷം വിനിയോഗിച്ച് സ്കില്‍ ലാബ് സജ്ജമാക്കി. മുട്ടു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും നടത്തി. ഇ-ഹെല്‍ത്ത്, ഇ-ഓഫിസ് സംവിധാനങ്ങള്‍ ആശുപത്രിയില്‍ പ്രാവര്‍ത്തികമാക്കി. 20.61 ലക്ഷം രൂപയുടെ ഓക്സിജന്‍ ജനറേറ്റര്‍ പ്ലാന്റ് പൂര്‍ത്തിയായി. ദന്തല്‍ വിഭാഗത്തില്‍ അത്യാധുനിക ചികിത്സകളും ആരംഭിച്ചു.