വന്യമൃഗ ശല്യം; കാടിറക്കത്തിന്റെ ശൗര്യത്തിൽ വയനാട് ഭീതിയിൽ
text_fieldsഅച്ചൂർ ചാത്തോത്ത് റൂട്ടിൽ വനംവകുപ്പ് സഥാപിച്ച കൂട്
കൽപറ്റ: വന്യമൃഗങ്ങളുടെ നാടിറക്കത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന ഗ്രാമങ്ങളാണ് വയനാട്ടിലെങ്ങും. പകൽ പോലും സ്വസ്ഥമായി പുറത്തിറങ്ങാൻ പേടിയാകുന്ന അവസ്ഥ. വന ഭാഗങ്ങൾ പോലും ഇല്ലാത്തിടത്ത് നഗരമെന്നോ ഗ്രാമമെന്നോ വ്യത്യാസമില്ലാതെ വന്യമൃഗ ശല്യം രൂക്ഷമാകുകയാണ്. പരിസ്ഥിതി, വന, വന്യജീവി സംരക്ഷണത്തിന് നിയമങ്ങളേറെയുണ്ടെങ്കിലും വന്യമൃഗങ്ങളില്‍ നിന്ന് മനുഷ്യനെ സംരക്ഷിക്കാനുള്ള നടപടികളെല്ലാം കടലാസിലൊതുങ്ങുകയാണ്. നിരവധി മനുഷ്യജീവനുകളാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നഷ്ടപ്പെട്ടത്.
ജില്ലയിലെ പ്രധാന ഉപജീവന മാര്‍ഗമായ ഹെക്ടര്‍ കണക്കിന് കൃഷികൾ വന്യമൃഗങ്ങൾ നശിപ്പിക്കുന്നു. വന്യമൃഗ ശല്യം കാരണം തരിശിടുന്ന കൃഷിയിടങ്ങളുടെ വിസ്തൃതി വ്യാപിക്കുയാണ്. ഉപജീവന മാർഗമായ വളർത്തു മൃഗങ്ങളെയും വന്യമൃഗങ്ങൾ കൊന്ന് തിന്നുമ്പോൾ മതിയായ നഷ്ടപരിഹാരം പോലും ലഭിക്കുന്നില്ലെന്ന് കർഷകർ പരാതിപ്പെടുന്നു. വന്യമൃഗ ശല്യത്തിനെതിരെ മതിയായ പ്രതിരോധമൊരുക്കാൻ വനം വകുപ്പും തയാറാകുന്നില്ല.
ജില്ലയിലെ പ്രധാന ടൗണുകളില്‍ പോലും വന്യജീവികളെത്തുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ്. ഇതുവരെ വന്യ മൃഗങ്ങൾ എത്തിപ്പെടാത്ത ഇടങ്ങളിൽ പോലും ഇവയുടെ സാന്നിധ്യം സ്ഥിതീകരിക്കുന്നത് പതിവായിരിക്കയാണ്. നേരം വെളുക്കും മുമ്പ് ജോലിക്കു പോകുന്നവരും മക്കളെ വിദ്യാലയങ്ങളിലേക്കയക്കുന്ന മാതാപിതാക്കളും ഭീതിയിലാണ്.
പനമരം ഭാഗങ്ങളിൽ ഇടക്കിടെ കാട്ടാനയെത്തുന്നത് വലിയ ഭീതി സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പനമരത്ത് കളത്തിൽ ഉണങ്ങാനിട്ടിരിക്കുന്ന നെല്ല് കാട്ടാനയെത്തി പാടെ തിന്നു നശിപ്പിച്ചു. സുൽത്താൻ ബത്തേരി, പുൽപള്ളി ഭാഗങ്ങളിലെല്ലാം കടുവയുടെയും പുലിയുടേയും കാട്ടാനയുടേയുമെല്ലാം സാന്നിധ്യം നിത്യ സംഭവമാണ്. വന്യ മൃങ്ങൾ മനുഷ്യനെ കൊല്ലുമ്പോഴുണ്ടാകുന്ന പ്രതിഷേധത്തിനും നഷ്ടപരിഹാരത്തിനും അപ്പുറം ശാശ്വതമായ പരിഹാര നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് കർഷകർ പറയുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഇണചേരലിന്റെ ഭാഗമായി വന്യ മൃഗങ്ങൾ വനത്തിന് പുറത്തിറങ്ങാനും സഞ്ചരിക്കാനും സാധ്യത ഉണ്ടെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പൊഴുതനക്കാരുടെ ഉറക്കംകെടുത്തി പുള്ളിപ്പുലി; മുത്താരിക്കുന്നിൽ ആടിനെ കൊന്നു
പൊഴുതന: പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്ന പുള്ളിപുലിക്ക് കൂട് സ്ഥാപിച്ച് 10 ദിവസം പിന്നിട്ടിട്ടും പിടികൂടാനായില്ല. രാപ്പകൽ ഭേദമന്യേ പുലി പലഭാഗങ്ങളിലും പ്രത്യക്ഷപ്പെടുന്നത് കാരണം തൊഴിലാളികൾക്ക് തോട്ടം മേഖലയിൽ ജോലിക്ക് പോകാൻ കഴിയാത്ത സാഹചര്യമാണ്.
ഞായറാഴ്ച പുലർച്ച മുത്താരിക്കുന്ന് ഉന്നതിയിലെ ലക്ഷ്മി സോമന്റെ കൂട്ടിൽ കെട്ടിയിട്ട ആടിനെ പുലി കടിച്ചുകൊന്നു. വനംവകുപ്പും പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവർ സ്ഥലത്തെത്തി വളർത്തു മൃഗത്തെ കൊന്നത് പുലിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രാത്രി പെരിങ്കോട കൈയേറ്റ ഭൂമിക്ക് സമീപം പുലിയെ കണ്ടതായും പറയുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ പശു, നായ, ആട് തുടങ്ങിയ മൂന്നാമത്തെ വളർത്തു മൃഗത്തെയാണ് പുലി പിടികൂടുന്നത്. അച്ചൂർ ചാത്തോത്ത് റൂട്ടിൽ വനംവകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും പുലിയെ പിടികൂടാൻ സാധിച്ചിട്ടില്ല.


