ജില്ല സ്കൂൾ കായിക മേള; കിരീടത്തിൽ മുത്തമിട്ട് കാട്ടിക്കുളം
text_fieldsമരവയല്‍: കൗമാര കായിക കിരീടം നിലനിര്‍ത്തി കാട്ടിക്കുളം. 32 താരങ്ങളുമായെത്തിയ ജി.വി.എച്ച്.എസ്.എസ് കാട്ടിക്കുളം 112 പോയന്റുമായാണ് 15ാമത് കൗമാര കായിക മേളയില്‍ കിരീടത്തിൽ മുത്തമിട്ടത്.
14 സ്വര്‍ണവും 11വെള്ളിയും ഒമ്പത് വെങ്കലവുമാണ് കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ കാട്ടിക്കുളത്തിന്റെ സമ്പാദ്യം. രണ്ടാം സ്ഥാനത്തെത്തിയ ജി.എച്ച്.എസ്.എസ് മീനങ്ങാടിയെ 14 പോയന്റുകള്‍ക്ക് പിന്നിലാക്കിയാണ് കാട്ടിക്കുളം ഇത്തവണയും ചാമ്പ്യന്മാരായത്.
അതേസമയം, കഴിഞ്ഞവര്‍ഷം നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത മീനങ്ങാടി ഇത്തവണ കാട്ടിക്കുളത്തിന് കനത്ത വെല്ലുവിളിയുയര്‍ത്തി രണ്ടാം സ്ഥാനത്തെത്തി. 14 സ്വര്‍ണവും ആറ് വെള്ളിയും 10 വെങ്കലവുമായി 98 പോയന്റാണ് മീനങ്ങാടി നേടിയത്. 96 ഇനങ്ങളില്‍ 540 പേര്‍ മത്സരിച്ച മേളയില്‍ ജി.വി.എച്ച്.എസ്.എസ് ആനപ്പാറക്കാണ് മൂന്നാം സ്ഥാനം.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ടു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ആനപ്പാറ ഏഴ് സ്വര്‍ണവും 10 വെള്ളിയും അഞ്ച് വെങ്കലവുമുള്‍പ്പെടെ 70 പോയന്റാണ് നേടിയത്. കഴിഞ്ഞ വര്‍ഷം രണ്ടാം സ്ഥാനം നേടിയ ജി.എച്ച്.എസ്.എസ് കാക്കവയല്‍ ഇത്തവണ 39 പോയന്റ് മാത്രം നേടി അഞ്ചാം സ്ഥാനത്തായി.
കഴിഞ്ഞ വര്‍ഷത്തെ മൂന്നാം സ്ഥാനക്കാരായിരുന്ന സെന്റ് തോമസ് നടവയലും ഇത്തവണ പിന്നിലായി. 43 പോയന്റ് നേടിയ നടവയല്‍ നാലാം സ്ഥാനത്താണ്.
കാട്ടിക്കുളത്തിനെ മികവിലേക്കുയർത്തി ഗിരീഷ്
16 വർഷമായി കായികരംഗത്ത് നിരവധി പേരെ കൈപിടിച്ചുയർത്തുന്നതിൽ നിർണായക പങ്കു വഹിച്ചയാളാണ് കാട്ടിക്കുളം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ അത്‌ലറ്റിക് പരിശീലകനായ പി.ജി. ഗിരീഷ്. കായിക അധ്യാപകന്റെ ശിക്ഷണത്തിൽ ഇത്തവണ റവന്യൂ സ്കൂൾ കായികമേളയിൽ പങ്കെടുത്ത 32 വിദ്യാർഥികളിൽ 23 കുട്ടികൾ സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി. പോൾ വാൾട്ട്, ജാവലിൻ,അത് ലറ്റിക്ക്, ഹാമാർ ത്രോ തുടങ്ങിയ ഇനങ്ങളിൽ മത്സരാർഥികളുടെ കൂടെനിന്ന് മികച്ച പ്രോത്സാഹനവും പരിശീലനവും നൽകി.
കാട്ടിക്കുളം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ അത്‌ലറ്റിക് പരിശീലകനായ പി.ജി. ഗിരീഷ്.
അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ ഗ്രൗണ്ട് അടക്കമുള്ള സംവിധാനങ്ങളില്ലാഞ്ഞിട്ടും ആദിവാസി വിദ്യാർഥികൾ ഏറ്റവുമധികം പഠിക്കുന്ന തിരുനെല്ലി പഞ്ചായത്തിലെ പിന്നാക്ക മേഖലയിൽ നിന്നുള്ള കാട്ടിക്കുളം ഗവ. ഹയർസെക്കൻഡറി സ്കൂളിനെ ജില്ലതലത്തിൽ മികച്ച രീതിയിൽ കൈ പിടിച്ചുയർത്തുന്നതിൽ ഈ കായികാധ്യാപകന്റെ പങ്ക് നിർണായകമാണ്. കാട്ടിക്കുളം സ്വദേശിയാണ് ഗിരീഷ്.


