പുരസ്കാര ജേതാക്കളെ അനുമോദിച്ച് കൈരളി പബ്ലിക് ഗ്രൂപ്പ്
text_fieldsസംസ്ഥാന ഉജ്ജ്വൽ ബാല്യ പുരസ്കാര ജേതാവ് വി.ജെ. അജുവിന് ജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പർ എ.എൻ. സുശീല പ്രശസ്തിഫലകം കൈമാറുന്നു
കാട്ടിക്കുളം: സംസ്ഥാന ഉജ്ജ്വൽ ബാല്യ പുരസ്കാര ജേതാവ് വി.ജെ. അജു, ജനകീയ മെമ്പർ അവാർഡ് ജേതാവ് കെ. സിജിത്ത്, ജി.എൽ.പി.എസ് എടയൂർക്കുന്നിനെ ‘മികവ്’ വിദ്യാലയമായി ഉയർത്തിയ സ്റ്റാഫ്, പി.ടി.എ അംഗങ്ങൾ എന്നിവരെ കൈരളി പബ്ലിക് ഗ്രൂപ്പ് അനുമോദിച്ചു. കൈരളി പബ്ലിക് ഗ്രൂപ്പിന്‍റെ വാർഷികാഘോഷ പരിപാടിയുടെ ഭാഗമായാണ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്. പ്രദേശത്തെ എൽ.എസ്.എസ്, യു.എസ്.എസ് വിജയികളെയും കുടുംബശ്രീ മിഷൻ പ്രവർത്തനങ്ങളിൽ സ്ത്യുത്യർഹമായ പ്രവർത്തനങ്ങൾ നടത്തിയ കുടുംബശ്രീ പ്രവർത്തകരെയും ആദരിച്ചു. കഴിഞ്ഞ 22 വർഷമായി തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ മുള്ളൻകൊല്ലി കേന്ദ്രമായി സാമൂഹിക സാംസ്കാരിക മേഖലകളിൽ പ്രവർത്തിച്ചുവരുന്ന സംഘടനയാണ് കൈരളി പബ്ലിക് ഗ്രൂപ്പ്.
അനുമോദന ചടങ്ങ് ജില്ലാപഞ്ചായത്ത് ഡിവിഷൻ മെമ്പർ എ.എൻ. സുശീല ഉദ്ഘാടനം ചെയ്തു. കൈരളി പബ്ലിക് ഗ്രൂപ്പ് പ്രസിഡന്‍റ് സി.ബി. ബിനീഷ് അധ്യക്ഷനായി. തിരുനെല്ലി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ. സിജിത്ത്, ബേബി മാസ്റ്റർ, പ്രഭാകരൻ തുടങ്ങിയവർ ആശംസകളറിയിച്ചു. സെക്രട്ടറി കെ.ബി. ധനേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ, കെ. വിനീത് വിഷയാവതരണം നടത്തി. പി.ആർ. സുനിൽകുമാർ നന്ദി അറിയിച്ചു.