ഓണാഘോഷം സംഘടിപ്പിച്ച് പി.കെ. കാളൻ സാംസ്കാരിക വേദി
text_fieldsവിജയികൾ മന്ത്രി ഒ.ആർ. കേളുവിൽനിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു
കാട്ടിക്കുളം: തിരുനെല്ലി പഞ്ചായത്തിലെ മുള്ളൻകൊല്ലിയിലുള്ള പി.കെ. കാളൻ സാംസ്കാരിക വേദി വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. ഈ മാസം രണ്ടുമുതൽ അഞ്ച് വരെ വിവിധ പരിപാടികളോടെയാണ് ഓണാഘോഷം സംഘടിപ്പിച്ചത്. തിരുവോണ ദിനത്തിൽ വൈകിട്ട് നടത്തിയ സമാപന സമ്മേളനം പട്ടികജാതി പട്ടിക വർഗ പിന്നാക്ക ക്ഷേമവകുപ്പ് മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് മന്ത്രി ഉപഹാരങ്ങൾ കൈമാറി. ത്രിതല പഞ്ചായത്ത് പ്രതിനിധികളും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും സമ്മേളനത്തിൽ പങ്കെടുത്തു.
ഓണാഘോഷത്തിന്‍റെ ഭാഗമായി വിവിധ രചനാ മത്സരങ്ങളും കാരംസ്, ചെസ്, ക്രോസ് കൺട്രി, വടംവലി, പൂക്കള മത്സരം ഉൾപ്പെടെയുള്ള മത്സരങ്ങളും സംഘടിപ്പിച്ചു. നാട്ടുകാരുടെ പിന്തുണയും പങ്കാളിത്തവും പരിപാടിയുടെ വിജയത്തിൽ നിർണായകമായെന്ന് സംഘാടക സമിതി അറിയിച്ചു.