വിദ്യാർഥിയെ മദ്യം കുടിപ്പിച്ചെന്ന പരാതിയിൽ നാടകീയ വഴിത്തിരിവ്
text_fieldsകേണിച്ചിറ: വീട്ടിൽ അതിക്രമിച്ച് കയറി വിദ്യാർഥിയെ ബലമായി മദ്യം കുടിപ്പിച്ച ശേഷം ഒരു സംഘം മർദിച്ചുവെന്ന പരാതിയിൽ കേണിച്ചിറ പൊലീസ് നടത്തിയ അന്വേഷണത്തിൽ നാടകീയ വഴിത്തിരിവ്. ഇക്കഴിഞ്ഞ 29ന് പകൽ സമയത്ത് കേണിച്ചിറയിലുള്ള വാടക വീട്ടിൽ ഒറ്റക്കായിരുന്ന കുട്ടിയുടെ വീട്ടിലേക്ക് ആറുപേർ അതിക്രമിച്ചുകയറി ബലമായി മദ്യം കഴിപ്പിച്ചുവെന്നും തുടർന്ന് മർദിച്ച് അവശനാക്കി എന്നുമുള്ള പരാതിയിലായിരുന്നു കേണിച്ചിറ പൊലീസ് കേസെടുത്തത്. നാട്ടുകാർക്കിടയിൽ സംഭവം ഭീതി ഉളവാക്കിയിരുന്നു.
സ്റ്റേഷൻ ഇൻസ്പെക്ടർ ടി.ജി. ദിലീപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രദേശത്തെ സി.സി.ടിവി ദൃശ്യങ്ങളും ശാസ്ത്രീയ തെളിവുകളും ശേഖരിച്ചു നടത്തിയ വിശദമായ അന്വേഷണത്തിലാണ് കുട്ടിയും മറ്റൊരു സഹപാഠിയും ചേർന്ന് വീട്ടിൽ അച്ഛനമ്മമാർ ഇല്ലാത്ത സമയത്ത് പിതാവ് വാങ്ങിവെച്ച മദ്യം എടുത്തു കുടിച്ചതാണെന്നും തുടർന്ന് അബോധാവസ്ഥയിലായെന്നും മനസ്സിലായത്. വീട്ടുകാർ വിവരം അറിഞ്ഞാലുള്ള പേടികാരണം തങ്ങളെ പുറത്തു നിന്നും വന്നവർ ആക്രമിച്ച് ബലമായി മദ്യം കുടിപ്പിച്ചതാണെന്ന് കഥ മെനയുകയായിരുന്നു കുട്ടികൾ. കുട്ടികളെ ചോദ്യം ചെയ്തപ്പോൾ നടന്ന കഥയെല്ലാം കുട്ടികൾ തുറന്നു പറഞ്ഞു. മാതാപിതാക്കളോടുള്ള വൈരാഗ്യം കാരണം പുറമേനിന്നുള്ള ഏതോ സംഘം ക്വട്ടേഷൻ കൊടുത്തതാണ് എന്നും മറ്റുമുള്ള സംശയങ്ങളാണ് ആദ്യം മുതൽ വീട്ടുകാർക്ക് ഉണ്ടായിരുന്നത്. യഥാർഥ കഥ പുറത്തു വന്നതോടെ ആശ്വാസത്തിലായിരിക്കുകയാണ് പ്രദേശവാസികളും വീട്ടുകാരും പൊലീസും. സബ് ഇൻസ്പെക്ടർ അബ്ദുല്ലത്തീഫ്, എ.എസ്.ഐ തങ്കച്ചൻ, വേണു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഷെമ്മി, പോൾസൺ, സിവിൽ പൊലീസ് ഓഫിസർ സനൽ എന്നിവർ അന്വേഷണം സംഘത്തിൽ ഉണ്ടായിരുന്നു.