ആറു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിക്ക് നാലുവർഷം തടവും പിഴയും
text_fieldsതിരുവനന്തപുരം: ആറു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒന്നാം പ്രതിക്ക് നാലു വർഷം കഠിനതടവും 10,000 രൂപ പിഴയും. രണ്ടാം പ്രതിയായ കുട്ടിയുടെ പിതാവിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചു. മലയിൻകീഴ് വിളവൂർക്കൽ സ്വദേശി അനിൽകുമാറിനെയാണ് (51) തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതി ജഡ്ജി ആർ. ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി അധിക ശിക്ഷ അനുഭവിക്കണം. പീഡനത്തിനിരയായ കുട്ടിക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
2015 മാർച്ച് 18 നായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടി സ്കൂളിൽനിന്ന് വീട്ടിലെത്തിയപ്പോൾ പിതാവും പ്രതിയും ഒരുമിച്ചിരുന്ന് മദ്യപിക്കുകയായിരുന്നു. പിതാവ് പുറത്തേക്കുപോയ സമയം പ്രതി വേഷം മാറിക്കൊണ്ടിരുന്ന കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു.
ഈ സമയം വീടിനു മുന്നിലെ പൊതുടാപ്പിൽ വസ്ത്രം കഴുകാനെത്തിയ മൂന്നു സ്ത്രീകൾ കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ പ്രതി ഓടി രക്ഷപ്പെട്ടു. കുട്ടിയുടെ മാതാവ് വീട്ടിൽ വന്ന് പിതാവിനെ ശകാരിച്ചെങ്കിലും പ്രതിയെ അനുകൂലിക്കുന്ന നിലപാടാണ് അയാൾ കൈക്കൊണ്ടത്. അതിനാലാണ് അയാളെയും പ്രതിയാക്കിയത്. പേട്ട പൊലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്. വിജയ്മോഹൻ ഹാജരായി.