കേണിച്ചിറ ടൗണിൽ വഴിമുടക്കി ട്രാൻസ്ഫോർമർ
text_fieldsകേണിച്ചിറ ടൗണിലെ ട്രാൻസ്ഫോർമർ
കേണിച്ചിറ: ടൗണിൽ വഴി മുടക്കി കെ.എസ്.ഇ.ബി ട്രാൻസ്ഫോർമർ. റോഡ് വികസനവുമായി ബന്ധപ്പെട്ട് കേണിച്ചിറ ടൗണിലെ പ്രധാന ജങ്ഷനിൽ സ്ഥിതി ചെയ്യുന്ന ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ല. ബീനാച്ചി-പനമരം റൂട്ടിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് വീതി കൂട്ടൽ പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായി നടപ്പാത നിർമാണത്തിന് തടസ്സമായിട്ടാണ് ട്രാൻസ്ഫോമർ സ്ഥിതി ചെയ്യുന്നത്. ട്രാൻസ്ഫോമർ മാറ്റി സ്ഥാപിക്കാൻ കിഫ്ബി ഫണ്ട് കെ.എസ്.ഇ.ബിയിൽ അടച്ചെങ്കിലും ട്രാൻസ്ഫോമർ മാറ്റാൻ അധികൃതർ തടസ്സവാദമുന്നയിക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്.
മീനങ്ങാടി സെക്ഷനു കീഴിൽ കേണിച്ചിറ ടൗണിൽ നാല് ട്രാൻസ്ഫോമറുകളും നിരവധി പോസ്റ്റുകളും കെ.എസ്.ഇ.ബി മാറ്റി സ്ഥാപിച്ചെങ്കിലും ടൗൺ മധ്യത്തിലെ ട്രാൻസ്ഫോമർ മാറ്റാൻ അധികൃതർ നിസ്സംഗത കാണിക്കുകയാണ്. നിലവിൽ ടൗണിലെ ഭാഗങ്ങൾ എല്ലാം വീതി കൂട്ടിയെങ്കിലും ഈ ഭാഗത്ത് ചില സ്വകാര്യ വ്യക്തികളെ സഹായിക്കുന്ന നിലപാടുമായാണ് മുന്നോട്ട് പോകുന്നതെന്നാണ് ആരോപണം. നേരത്തേ റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് ചില സ്വകാര്യ വ്യക്തികൾ തടസ്സവുമായി രംഗത്ത് എത്തിയിരുന്നു.
തുടർന്ന് നാട്ടുകാരുടെയും ഓട്ടോ റിക്ഷ തൊഴിലാളികൾ അടക്കമുള്ളവരുടെയും പ്രതിഷേധത്തെ തുടർന്നാണ് പ്രവൃത്തി പൂർത്തീകരിച്ചത്. ഇതിനിടയിലാണ് കെ.എസ്.ഇ. ബി ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കാത്തത് ജനങ്ങൾക്ക് ദുരിതമായത്. കേണിച്ചിറ ടൗണിൽ അപകടങ്ങൾക്ക് കാരണമാവുന്ന ട്രാൻസ്ഫോർമർ അടിയന്തരമായി മാറ്റി സ്ഥാപിക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.