തദ്ദേശം; പോരിനൊരുങ്ങി മുന്നണികൾ
text_fieldsകൽപറ്റ: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നണികൾ സീറ്റ് വിഭജനത്തിന്‍റെ അവസാന ഘട്ടത്തിലെത്തുമ്പോൾ ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകളിലും ഇത്തവണ വാശിയേറിയ പോരാട്ടം നടക്കുമെന്ന് ഉറപ്പ്. നിലവിൽ 16 പഞ്ചായത്തുകളിൽ യു.ഡി.എഫും ഏഴിടത്ത് എൽ.ഡി.എഫുമാണ് ഭരണം. തുല്യ സീറ്റുണ്ടായിരുന്ന പനമരം പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ എൽ.ഡി.എഫിനായിരുന്നു ഭരണമെങ്കിലും എൽ.ഡി.എഫ് പ്രതിനിധിയായിരുന്ന എ.സി. ബെന്നി ചെറിയാൻ പാർട്ടിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് അവിശ്വാസ പ്രമേയത്തിൽ യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തതോടെ ഭരണം യു.ഡി.എഫിന്‍റെ കൈകളിലെത്തുകയായിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കം സജീവമാണെങ്കിലും മുന്നണികളിലും വിവിധ പാർട്ടികളിലും സ്ഥാനാർഥികളെ ചൊല്ലി നിലനിൽകുന്ന അഭിപ്രായ ഭിന്നതകൾ പല പഞ്ചായത്തുകളിലും സ്ഥാനാർഥി പ്രഖ്യാപനം വൈകാൻ കാരണമാകുകയാണ്. അതേസമയം നിരവധി പഞ്ചായത്തുകളിൽ ഇരുമുന്നണികളും സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ബി.ജെ.പിയും ചില പഞ്ചായത്തുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. മുഴുവൻ സ്ഥാനാർഥികളുടെയും കാര്യത്തിൽ അന്തിമ തീരുമാനം രണ്ടും ദിവസത്തിനകം ഉണ്ടാകുമെന്നാണ് ഇടതു വലതു മുന്നണികളുടെ നേതാക്കൾ വ്യക്തമാക്കുന്നത്. ചില പഞ്ചായത്തുകളിൽ സ്ഥാനാർഥി പ്രഖ്യാപനം നടത്തി തെരഞ്ഞെടുപ്പ് പ്രാചാരണം തുടങ്ങിക്കഴിഞ്ഞു. പല സ്ഥലങ്ങളിലും സ്ഥാനാർഥികളുടെ ഫ്ലക്സ് ബോർഡുകൾ ഉൾെപ്പടെ ഉയർന്നു.
കൂടുതൽ പഞ്ചായത്തുകളിൽ യു.ഡി.എഫ്
നിലവിൽ ജില്ലയിൽ തൊണ്ടർനാട്, വെങ്ങപ്പള്ളി, വെള്ളമുണ്ട, തിരുനെല്ലി, അമ്പലവയൽ, വൈത്തിരി, പൊഴുതന പഞ്ചായത്തുകളിൽ മാത്രമാണ് എൽ.ഡി.എഫ് ഭരണം. ഇതിൽ തൊണ്ടർനാട് തൊഴിലുറപ്പ് പദ്ധതിയിലെ ലക്ഷങ്ങളുടെ അഴിമതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ സി.പി.എമ്മിനെ ഇത്തവണ ഏറെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ലീഗ് കോട്ടയായി പൊതുവെ അറിയപ്പെടുന്ന വെള്ളമുണ്ടയിൽ യു.ഡി.എഫ് ഭരണം തിരികെ പിടിക്കാൻ ശ്രമിക്കുമ്പോൾ കനത്ത പോരാട്ടം നടക്കുമെന്ന് ഉറപ്പാണ്.
തിരുനെല്ലി എൽ.ഡി.എഫ് കോട്ടയായത് കൊണ്ടുതന്നെ ഇത്തവണയും തുടർഭരണം ആവർത്തിക്കുമെന്ന് തന്നെയാണ് വിലയിരുത്തൽ. പൊതുവെ യു.ഡി.എഫ് കോട്ടയായി അറിയപ്പെടുന്ന അമ്പലവയൽ കഴിഞ്ഞ തവണ എൽ.ഡി.എഫ് അട്ടിമറി വിജയമാണ് നേടിയത്. അതുതിരിച്ചു പിടിക്കാനുള്ള ശ്രമമാണ് യു.ഡി.എഫ് നടത്തുന്നത്. കഴിഞ്ഞ തവണ അട്ടിമറി ജയം നേടിയ മറ്റൊരു പഞ്ചായത്ത് മീനങ്ങാടിയാണ്. എൽ.ഡി.എഫ് കോട്ടയായി അറിയപ്പെടുന്ന മീനങ്ങാടിയിൽ കഴിഞ്ഞ തവണ യു.ഡി.എഫ് 19ൽ 10 സീറ്റ് നേടി ഭരണത്തിലേറി. ഇത്തവണ രണ്ട് വാർഡ് വർധിച്ച് 21 വാർഡാണ് മീനങ്ങാടിയിൽ. യു.ഡി.എഫ് ഭരണത്തിലുള്ള കോട്ടത്തറയിലും മുട്ടിലിലും യഥാക്രമം ഒന്ന്, മൂന്ന് സീറ്റുകൾ ഇത്തവണ വർധിച്ചിട്ടുണ്ട്. വർധിച്ച സീറ്റുകളിൽ സീറ്റ് വിഭജനം ഇരു മുന്നണികൾക്കും കീറാമുട്ടിയാകുന്നുണ്ട്.
രണ്ടു തവണ യു.ഡി.എഫ് ഭരണം തുടരുന്ന എടവകയിൽ ഇത്തവണ രണ്ടു മുന്നണികളും നേരത്തേതന്നെ സീറ്റ് വിഭജനം പൂർത്തിയാക്കി. രണ്ടു സീറ്റുകളാണ് ഇത്തവണ വർധിച്ചത്. മിക്കയിടങ്ങളിലും സ്ഥാനാർഥികളുടെ കാര്യത്തിലും തീരുമാനമായിട്ടുണ്ട്. ബി.ജെ.പിയും എല്ലാ വാർഡുകളിലും സ്ഥാനാർഥികളുടെ ലിസ്റ്റ് തയാറാക്കിയിട്ടുണ്ട്. പനമരം പഞ്ചായത്തിൽ അടുത്ത ദിവസങ്ങളിൽ തന്നെ ഇരു മുന്നണികളുടേയും ബി.ജെ.പിയുടേയും സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകും. പടിഞ്ഞാറത്തറയിൽ ഇത്തവണ പോര് ശക്തമാകും. മുന്നണികൾ സീറ്റ് വിഭജനം ഏകദേശം പൂർത്തിയാക്കിയെങ്കിലും എല്ലാ വാർഡുകളിലേയും സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനം വന്നിട്ടില്ല.
യു.ഡി.എഫ് ഭരിക്കുന്ന പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തിൽ ഇത്തവണ വാശിയേറിയ പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. ബി.ജെ.പി പല വാർഡുകളിലും നിർണായകമാണ്. കോൺഗ്രസ് കോട്ടയാണെങ്കിലും അടുത്തിടെയുണ്ടായ വിവാദങ്ങൾ പാർട്ടിയെ ഏറ്റവും കൂടുതൽ ബാധിച്ചത് ഈ രണ്ട് പഞ്ചായത്തുകളിലാണ്. കൂടാതെ ഏതാനും പേർ പാർട്ടിയിൽനിന്ന് രാജിവെച്ചതും തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചേക്കും.
കോൺഗ്രസിലെ ഗ്രൂപ് പോര് രൂക്ഷമായ മുള്ളൻ കൊല്ലിയിൽ എല്ലാവരേയും ഒന്നിച്ചു കൊണ്ടുപോകാനുള്ള ശ്രമങ്ങളാണ് പാർട്ടി നടത്തുന്നത്. കഴിഞ്ഞ തവണ സ്വന്തമായി ഒരു സീറ്റ് നേടി ജില്ലയിൽ മുന്നേറ്റം നടത്തിയ വെൽെഫയർ പാർട്ടി ഇത്തവണ കൽപറ്റ, സുൽത്താൻ ബത്തേരി തുടങ്ങിയ മുൻസിപ്പാലിറ്റികളിലും വെങ്ങപ്പള്ളി, പനമരം, അമ്പലവയൽ, പൊഴുതന, മേപ്പാടി പഞ്ചായത്തുകളിലും മറ്റ് പാർട്ടികളുമായി സഖ്യ സാധ്യതയനുസരിച്ച് മത്സരിക്കും. അല്ലാത്ത പക്ഷം ഒറ്റക്ക് മത്സരിക്കാനുള്ള ഒരുക്കത്തിലാണ് വെൽഫെയർ പാർട്ടി. ജില്ലയിലെ ഭൂരിപക്ഷം പഞ്ചായത്തുകളിലും സ്ഥാനാർഥികളെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിലാണ് എസ്.ഡി.പി.ഐ. ഇത്തവണ ജില്ലയിൽ ഒരു സീറ്റെങ്കിലും പിടിക്കാനുള്ള ശ്രമമാകും പാർട്ടി നടത്തുക.
നെന്മേനിയിൽ ഇടതുസ്ഥാനാർഥികളായി; സി.പി.എം 20 സീറ്റിൽ
സുൽത്താൻ ബത്തേരി: നെന്മേനി പഞ്ചായത്തിൽ ഇടതുപക്ഷത്തിന്റെ സ്ഥാനാർഥിനിർണയം പൂർത്തിയായി. ആകെയുള്ള 24 സീറ്റുകളിൽ 20 സീറ്റുകളിലാണ് സി.പി.എം മത്സരിക്കുന്നത്. സി.പി.ഐ മൂന്നു സീറ്റുകളിലും കേരള കോൺഗ്രസ് ബി ഒരു വാർഡിലും മത്സരിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
കഴിഞ്ഞ അഞ്ചു വർഷത്തെ യു.ഡി.എഫ് ഭരണത്തിൽ നെന്മേനി പഞ്ചായത്ത് 50 വർഷം പിന്നോട്ടു പോയി. സംസ്ഥാന സർക്കാറിന്റെ സ്വപ്ന പദ്ധതികളെല്ലാം രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ അട്ടിമറിച്ചു. നെന്മേനി കുത്തരി പദ്ധതിയിൽ ലക്ഷങ്ങൾ അടിച്ചുമാറ്റി. ജില്ലയിലെ ഏക വനിത ഐ.ടി.ഐയായ നെന്മേനി ഐ.ടി.ഐക്ക് സ്ഥലം കണ്ടെത്താൻ പോലും ഭരണസമിതിക്കായില്ല. വാർത്തസമ്മേളനത്തിൽ സുരേഷ് താളൂർ, പി.കെ. രാമചന്ദ്രൻ, ബില്ലിഗ്രഹാം, ബെഞ്ചമിൻ ഈശോ, എം.എ. സുരേഷ്,ടി.പി. അബ്ദുൾ ഷൂക്കൂർ, അനീഷ് ചീരാൽ എന്നിവർ പങ്കെടുത്തു.
മേപ്പാടിയിൽ കളത്തിലിറങ്ങി ഇരുമുന്നണികളും
മേപ്പാടി: മേപ്പാടി പഞ്ചായത്തിൽ സീറ്റ് ചർച്ച പൂർത്തിയാക്കി കളത്തിലിറങ്ങാൻ യു.ഡി.എഫ്. ആകെയുള്ള 23ൽ 14 സീറ്റിൽ കോൺഗ്രസും ഒമ്പത് സീറ്റിൽ മുസ് ലിം ലീഗും മത്സരിക്കും. ‘വികസന തുടർച്ച’ എന്നതാണ് യു.ഡി.എഫിന്റെ മുദ്രാവാക്യം. കഴിഞ്ഞ അഞ്ച് വർഷക്കാലവും അഴിമതി രഹിതവും സ്വജനപക്ഷപാതമല്ലാത്തതുമായ ഭരണം കാഴ്ചവെച്ചുവെന്നും വാർഡുകളിൽ സമഗ്ര വികസനമെത്തിച്ചെന്നും യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി.കെ. അഷ്റഫ് പറഞ്ഞു.
എന്നാൽ, യു.ഡി.എഫ് ഭരണം വികസന മുരടിപ്പിന്‍റെയും കെടുകാര്യസ്ഥതയുടെയുമായിരുന്നെന്ന് എൽ.ഡി.എഫ് ആരോപിക്കുന്നു. തർക്കങ്ങളില്ലാതെയാണ് തങ്ങൾ സീറ്റ് വിഭജന ചർച്ച പൂർത്തിയാക്കിയതെന്നും എൽ.ഡി.എഫ് പറഞ്ഞു. ആകെയുള്ള 23 വാർഡിൽ 16ൽ സി.പി.എം, അഞ്ചിൽ സി.പി.ഐ, രണ്ടിൽ ആർ.ജെ.ഡി എന്നിവ മത്സരിക്കും. നവംബർ 14ന് മേപ്പാടിയിൽ നടക്കുന്ന കൺവെൻഷനിൽ എൽ.ഡി.എഫ്. സംസ്ഥാന കൺവീനർ ടി.പി. രാമകൃഷ്ണൻ പഞ്ചായത്തിലെ സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ. വിനോദ് അറിയിച്ചു.
കളം മാറൽ, സ്വീകരണം; കോൺഗ്രസ് മണ്ഡലം സെക്രട്ടറി സി.പി.എമ്മിൽ
സുൽത്താൻ ബത്തേരി: സ്ഥാനാർഥി നിർണയത്തിൽ നിരാശയിലായവർ എതിർ പാർട്ടിയിലേക്ക് ചേക്കേറുന്നതിൽ ഇത്തവണയും മാറ്റമില്ല. പൂതാടി പഞ്ചായത്തിലെ ഭരണകക്ഷിയായ യു.ഡി.എഫിൽനിന്നും ഇത്തവണ മൂന്നു പേരാണ് രാജി വെച്ചിരിക്കുന്നത്. ബത്തേരിയിൽ കോൺഗ്രസിലെ മണ്ഡലം സെക്രട്ടറിയാണ് സി.പി.എമ്മിലേക്ക് ചെക്കേറിയത്.
പൂതാടി പഞ്ചായത്ത് 19ാം വാർഡ് മെംബർ തങ്കച്ചൻ നെല്ലിക്കയത്ത് കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് രാജിവെച്ചു. ചീയമ്പം വാർഡ് മെംബർ എം.വി. രാജനും കോൺഗ്രസിൽനിന്ന് രാജി വെച്ചിട്ടുണ്ട്. ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി പി.ജെ. ഷാജിയാണ് പൂതാടി കോൺഗ്രസിൽനിന്നും രാജിവച്ച മറ്റൊരാൾ.
കോൺഗ്രസ് ബത്തേരി മണ്ഡലം ജനറൽ സെക്രട്ടറി ടി.ടി. ലൂക്കോസ് പാർട്ടിയിൽനിന്ന് രാജിവെച്ച ഉടനെ സി.പി.എമ്മിൽ ചേർന്നു. രാജി വെച്ചവരെ മറ്റ് പാർട്ടിക്കാർ സ്വാഗതം ചെയ്യുന്നുണ്ട്. ബത്തേരിയിൽ ലൂക്കോസിന് സി.പി.എം വലിയ സ്വീകരണമാണ് നൽകിയത്
മൂപ്പൈനാടിൽ ആം ആദ്മി പാർട്ടി മത്സരത്തിന്
റിപ്പൺ: മൂപ്പൈനാട് പഞ്ചായത്തിൽ ഇത്തവണ ആം ആദ്മിയും മത്സര രംഗത്ത്. പഞ്ചായത്തിലെ 13ാം വാർഡ് വാളത്തൂരിൽ യുസഫ് നടുത്തൊടി, ആറാം വാർഡ് ആപ്പാളത്തുനിന്നും നജ്മുദീൻ എം.പി, പഞ്ചായത്ത് പരിധിയിലെ കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് അരപ്പറ്റ ഡിവിഷനിൽനിന്നും ഷെറീന, ജില്ല ഡിവിഷനിലേക്ക് സൽമാൻ എൻ റിപ്പൺ എന്നിവരെ സ്ഥാനാർഥികളായി ജില്ല കമ്മിറ്റി പ്രഖാപിച്ചു. മുന്നണികളിൽ വിശ്വാസം നഷ്ടപ്പെട്ട മൂപ്പൈനാടിലെ വോട്ടർമാർ ആം ആദ്മി പാർട്ടിയെ സ്വീകരിക്കുമെന്ന് സംസ്ഥാന ഉപാധ്യക്ഷൻ അജി കൊളോണിയ പറഞ്ഞു.
പ്രകടന പത്രികയിലേക്ക് നിർദേശം ക്ഷണിച്ച് എൽ.ഡി.എഫ്
കൽപറ്റ: പ്രകടന പത്രികയിലേക്ക് പൊതുജനങ്ങളിൽനിന്ന് നിർദേശം ക്ഷണിച്ച് എൽ.ഡി.എഫ്. ജില്ലയിൽ തദ്ദേശസ്ഥാപനങ്ങൾ വഴി എന്തെല്ലാം നടപ്പാക്കണം, നാട് ആഗ്രഹിക്കുന്ന വികസനമെന്ത്, ടൂറിസം, ആരോഗ്യ, പരിസ്ഥിതി, കായിക, പട്ടിക വർഗ മേഖലകളിൽ വരേണ്ട പദ്ധതികളേവ, കാർഷിക മുന്നേറ്റം എങ്ങനെ സാധ്യമാക്കാം, വന്യമൃഗ പ്രതിരോധത്തിന് എന്തൊക്കെ ചെയ്യണം സംബന്ധിച്ച നിർദേശങ്ങളാണ് ക്ഷണിക്കുന്നത്.
21ന് ജില്ലയുടെ പ്രകടന പത്രിക പുറത്തിറക്കും. പൊതുജനങ്ങളുടെ നിർദേശങ്ങൾക്കൂടി ഉൾപ്പെടുത്തി നാടിന്റെ സമഗ്രവികസനത്തിനുള്ള പദ്ധതികൾ എൽ.ഡി.എഫ് ഭരണസമിതികൾ നടപ്പാക്കും. 16ന് മുമ്പ് നിർദേശങ്ങൾ ldfwayanad89@gmail.com ലും 7034181639 വാട്സാപ് നമ്പറിലും അയക്കാം.


