ജില്ലയിൽ സി.പി.എമ്മിന് തിരിച്ചടിയായത് വിഭാഗീയതയും ബ്രഹ്മഗിരിയും
text_fieldsകൽപറ്റ: തദ്ദേശ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ സി.പി.എമ്മിന് വൻ തിരിച്ചടി. കാലങ്ങളായി പാർട്ടി ഭരിച്ചിരുന്ന പഞ്ചായത്ത് പോലും ഇത്തവണ സി.പി.എമ്മിനെ കൈവിട്ടു. കഴിഞ്ഞ തവണ ജില്ല പഞ്ചായത്തിൽ എട്ട് സീറ്റ് ലഭിച്ചിരുന്ന എൽ.ഡി.എഫ് ഇത്തവണ രണ്ടു സീറ്റിലൊതുങ്ങി. പാർട്ടിയിലെ രൂക്ഷമായ വിഭാഗീയതയും ബ്രഹ്മഗിരി സൊസൈറ്റിയുമായി ബന്ധപ്പെട്ട ആരോപണങ്ങളുമാണ് സി.പി.എമ്മിന് ജില്ലയിലുണ്ടായ തിരിച്ചടിയുടെ പ്രധാന കാരണമെന്നാണ് വിലയിരുത്തൽ. കാൽനൂറ്റാണ്ടായി എൽ.ഡി.എഫ് കുത്തകയായിരുന്ന വൈത്തിരി പഞ്ചായത്ത് പോലും മുന്നണിയെ ഇത്തവണ കൈവിട്ടു. തൊട്ടടുത്ത ഗ്രാമപഞ്ചായത്തുകളായ പൊഴുതനയിലും വെങ്ങപ്പള്ളിയിലും വോട്ടർമാർ പാർട്ടിയെ കൈവിട്ടതോടെ ഭരണവും നഷ്ടമായി.
10 വർഷമായി വെങ്ങപ്പള്ളി പഞ്ചായത്ത് ഭരണം കൈയാളിയിരുന്ന എൽ.ഡി.എഫ് കഴിഞ്ഞ തവണ ഏഴ് സീറ്റുമായാണ് അധികാരത്തിലേറിയതെങ്കിൽ ഇത്തവണ മൂന്ന് സീറ്റ് മാത്രമാണ് ലഭിച്ചത്. ഒമ്പത് സീറ്റ് നേടിയാണ് യു.ഡി.എഫ് ഇത്തവണ പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത്. എൽ.ഡി.എഫ് കോട്ടയായി അറിയപ്പെടുന്ന തോട്ടം മേഖലയായ പൊഴുതനയിൽ 15 വാർഡുകളുള്ളതിൽ അഞ്ച് സീറ്റിൽ മാത്രമാണ് ഇത്തവണ എൽ.ഡി.എഫിന് ജയിക്കാനായത്.
ഒട്ടേറെ വികസനങ്ങൾ നടപ്പാക്കിയിട്ടും സുൽത്താൻ ബത്തേരി നഗരസഭയും എൽ.ഡി.എഫിനെ കൈവിട്ടു. നഗരസഭാ ചെയർമാനും വൈസ് ചെയർമാനുൾപ്പടെ തോറ്റത് പാർട്ടിക്ക് വലിയ ക്ഷീണമാകുകയും ചെയ്തു. ഒരു വർഷം മുമ്പ് നടന്ന സി.പി.എം ജില്ല സമ്മേളനത്തിൽ സെക്രട്ടറിയായി കെ. റഫീഖ് തെരഞ്ഞെടുക്കപ്പട്ടതോടെയാണ് ജില്ലയിൽ വിഭാഗീയത രൂക്ഷമായത്.
പുതിയ ജില്ല സെക്രട്ടറി അധികാരമാറ്റ ശേഷം പല ഏരിയകളിലും വിഭാഗീയത രൂക്ഷമാകുകയും നേതാക്കൾക്കെതിരേ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. തുടർന്ന് കർഷകസംഘം ജില്ല പ്രസിഡന്‍റ് എ.വി. ജയനെ ഉൾപ്പടെ ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയ നടപടിയുമുണ്ടായി. അതോടെ വിഭാഗീയത പരസ്യ പ്രതിഷേധത്തിലെത്തി. നടപടി റിപ്പോർട്ട് ചെയ്യാൻ വിളിച്ച ഏരിയ കമ്മിറ്റിയിൽനിന്ന് എ.വി. ജയനുൾപ്പെടെ നാല് നേതാക്കൾ ഇറങ്ങിപ്പോയി. ഒരു ടേം കൂടി ബാക്കിയുണ്ടായിരുന്ന പി. ഗഗാറിനെ മാറ്റിയാണ് ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറിയായിരുന്ന റഫീഖ് ജില്ല സെക്രട്ടറിയാകുന്നത്. അപ്രതീക്ഷിതമായ ഈ തിരിച്ചടി മറു വിഭാഗത്തിനെ കടുത്ത സമ്മർദ്ധത്തിലാക്കിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇതിന് തിരിച്ചടി നൽകണമെന്ന അഭിപ്രായം പാർട്ടിയിലെ ഒരു വിഭാഗം മുന്നോട്ട് വച്ചിരുന്നു.
നിലവിൽ മറു വിഭാഗത്തിന് ഏറെ സ്വാധീനമുള്ള പഞ്ചായത്തുകളാണ് എൽ.ഡി.എഫിനെ കൈവിട്ടിരിക്കുന്നത്. നേതൃമാറ്റത്തിനുശേഷം ജില്ലയിലുടനീളം ചില നേതാക്കളെ മാറ്റിനിർത്താൻ സംഘടിത ശ്രമം നടക്കുന്നുണ്ടെന്ന് ഒരു വിഭാഗം ആരോപിച്ചിരുന്നു. ഇതിന് മറുപടിയായി തദ്ദേശ തെരഞ്ഞെടുപ്പിൽ മറുപക്ഷത്തെ നേതാക്കളെ തിരഞ്ഞുപിടിച്ച് തോൽപിക്കാനുള്ള ശ്രമങ്ങൾ അണിയറയിൽ നടക്കുന്നതായി മാധ്യമം റിപോർട്ട് ചെയ്തിരുന്നു. സി.പി.എം കോട്ടയായ വൈത്തിരി ഗ്രാമപഞ്ചായത്ത് 25 വർഷത്തിന് ശേഷം പാർട്ടിക്ക് നഷ്ടപ്പെട്ടെങ്കിലും വൈത്തിരി ജില്ല പഞ്ചായത്ത് ഡിവിഷനിൽ സി.പി.എം സ്ഥാനാർത്ഥി ജയിച്ചുവന്നതും ശ്രദ്ധേയമാണ്. പി. ഗാഗാറിനൻറെ ബന്ധു കൂടിയാണ് തെരഞ്ഞെടുക്കപ്പെട്ട ജില്ല പഞ്ചായത്തംഗം.
വിഭാഗീയതോടൊപ്പം സി.പി.എം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി സൊസൈറ്റിയുമായി ബന്ധപ്പെട്ട ആരോപണങ്ങളും തദ്ദേശ തെരഞ്ഞെടുപ്പിൽ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. സുൽത്താൻ ബത്തേരി നഗരസഭ നഷ്ടമാവാകാൻ ബ്രഹ്മഗിരി സൊസൈറ്റിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ കാരണമായെന്നാണ് വിലയിരുത്തൽ. വിഷയത്തിൽ സംസ്ഥാന സെക്രട്ടറി ഉൾപ്പടെ വിഷയത്തിൽ ഇടപെട്ടിട്ടും പരിഹരിക്കാൻ കഴിയാത്തത് സംസ്ഥാനത്ത് തന്നെ പാർട്ടിക്ക് വലിയ നാണക്കേടാണ് പാർട്ടിക്ക് ഉണ്ടാക്കിയത്. സി.പി.എം വോട്ട് ചോദിച്ച് വരേണ്ടെന്ന് കാണിച്ച് സി.പി.എം അംഗങ്ങളായ നിക്ഷേപകർ തങ്ങളുടെ വീടുകൾക്ക് മുന്നിൽ ബോർഡ് സ്ഥാപിച്ചത് തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് വലിയ വിവാദമായിരുന്നു.


