മുത്തങ്ങയിൽ വൻ ലഹരിവേട്ട; ബസിൽ എം.ഡി.എം.എ കടത്തിയ മൂന്നു പേർ പിടിയിൽ
text_fieldsപി.വി. വൈഷ്ണവ്, പി. ആദിൽ റമീസ്, പി.കെ മുഹമ്മദ് ആഷിഖ്
സുൽത്താൻ ബത്തേരി: മുത്തങ്ങയിൽ വൻ ലഹരി വേട്ട. കർണാടകയിൽനിന്ന് കെ.എസ്.ആർ.ടി.സി ബസിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ. മീനങ്ങാടി സ്വദേശികളായ മൈലമ്പാടി പുത്തൻപുരക്കൽ വീട്ടിൽ പി.വി. വൈഷ്ണവ്(20), കൃഷ്‌ണഗിരി അത്തിമൂല പുതിയേറ്റികണ്ടി വീട്ടിൽ പി.കെ. മുഹമ്മദ് ആഷിഖ്(21), പുളിക്കൽ വീട്ടിൽ പി. ആദിൽ റമീസ്(20) എന്നിവരെയാണ് ജില്ല ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പൊലീസും ചേർന്ന് പിടികൂടിയത്. ശനിയാഴ്ച വൈകീട്ടോടെ കർണാടകയിൽ നിന്നു വന്ന കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരായ യുവാക്കളിൽനിന്നാണ് 35.8 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്.
ബംഗളൂരുവിൽ നിന്ന് ലഹരി വാങ്ങി സംസ്ഥാനത്ത് വിൽപനക്കായി ഒളിച്ചുകടത്തുകയായിരുന്നു. മുത്തങ്ങയിൽ നടത്തിയ പൊലീസ് പരിശോധനയിലാണ് പ്രതികൾ വലയിലായത്. എസ്.ഐ ജെസ്വിൻ ജോയ്, എ.എസ്.ഐമാരായ അബ്ദുൽ ഗഫൂർ, പി.എം. ഷാജി, എസ്.സി.പി.ഒമാരായ ടി.എച്ച്. ഉനൈസ്, വി.ജെ. സ്മിജു, ശിവദാസൻ, പ്രദീപൻ, സി.പി.ഒമാരായ എം. മിതിൻ, സുനിൽ എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.


