കാട്ടുപൂച്ചയുടെ ആക്രമണത്തിൽ നാലു പേർക്ക് പരിക്ക്
text_fieldsവെള്ളമുണ്ട പുളിഞ്ഞാലിൽ ആളുകളെ ആക്രമിച്ച കാട്ടുപൂച്ചയെ വനംവകുപ്പ് വലയിലാക്കിയപ്പോൾ
മാനന്തവാടി: വെള്ളമുണ്ട പുളിഞ്ഞാലിൽ കാട്ടുപൂച്ചയുടെ ആക്രമണത്തിൽ വനം വകുപ്പ് ജീവനക്കാരൻ ഉൾപ്പെടെ നാലു പേർക്ക് പരിക്കേറ്റു. പുളിഞ്ഞാൽ സ്വദേശി ഇറുമ്പൻ നിയാസിന്റെ വീട്ടിലാണ് കാട്ടുപൂച്ചയെ കണ്ടത്. പൂച്ചയെ അകത്തിട്ട് പൂട്ടിയെങ്കിലും ജനൽ വഴി പുറത്തുചാടിയ പൂച്ച നിയാസിനെ മാന്തിയ ശേഷം ഓടി മറയുകയായിരുന്നു. തുടർന്ന് കോട്ടമുക്കത്തു കോളനിയിലെ രാജുവിനെയും ആക്രമിച്ചു.
പൂച്ചയെ കണ്ട് തുരത്താൻ നോക്കവെ പാഞ്ഞുവന്ന് രാജുവിനെ മാന്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സമീപത്തെ ക്വാർട്ടേഴ്സിനടുത്തുവെച്ച് മേപ്പാടി വള്ളുവശ്ശേരി നസീമയെയും കടിച്ച് പരിക്കേൽപ്പിച്ചു. ശേഷം ക്വാർട്ടേഴ്സിനുള്ളിലേക്ക് ഓടിക്കയറി. ഇതോടെ വാർഡ് മെംബർ ഷൈജിയുടെ നേതൃത്വത്തിൽ വൈറ്റ് ഗാർഡ് ക്യാപ്റ്റൻ വി.കെ. ഷാജിയും സംഘവും മുറി പൂട്ടിയിട്ടു.
വനം വകുപ്പ് ആർ.ആർ.ടി സംഘം സ്ഥലത്തെത്തി കാട്ടുപൂച്ചയെ വലയിലാക്കി കൊണ്ടുപോയി. പിടികൂടുന്നതിനിടയിൽ ആർ.ആർ.ടി യിലെ പ്രശാന്ത് എന്ന ജീവനക്കാരനെയും പൂച്ച ആക്രമിച്ചു. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. നോർത്ത് വയനാട് ആർ.ആർ.ടിയുടെ നിരീക്ഷണത്തിലാണ് കാട്ടുപൂച്ച ഇപ്പോഴുള്ളത്. പേ വിഷബാധയുൾപ്പെടെ നിരീക്ഷിച്ച ശേഷമേ വനത്തിൽ തുറന്നുവിടൂ.