ഗിരിവികാസ് പരിശീലന കേന്ദ്രം സാമൂഹികവിരുദ്ധരുടെ താവളം
text_fieldsഗിരിവികാസ് പരിശീലനകേന്ദ്രം കെട്ടിടം
മാനന്തവാടി: തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ അപ്പപ്പാറ പാർസിയിൽ ഒരു പതിറ്റാണ്ട് മുമ്പ് ഉദ്ഘാടനം ചെയ്ത ഗിരിവികാസ് പരിശീലന കേന്ദ്രത്തിന്റെ കെട്ടിടങ്ങൾ പ്രയോജനമില്ലാതെ നശിക്കുന്നു. നെഹ്റു യുവകേന്ദ്ര രാഷ്ട്രീയ സാം വികാസ് യോജന (ആർ.എസ്.വി.വൈ) പദ്ധതിയിലുൾപ്പെടുത്തി 2015ൽ നിർമാണം പൂർത്തിയാക്കിയ കെട്ടിടങ്ങളാണ് സാമൂഹികവിരുദ്ധർ താവളമാക്കുന്നത്. അപ്പപ്പാറ- അരണപ്പാറ-തോൽപെട്ടി റോഡിലെ പാർസിക്കവലയിൽനിന്ന് ഏകദേശം 800 മീറ്റർ മാറിയാണ് ഈ കെട്ടിടങ്ങളുള്ളത്.
പട്ടികവർഗ വിഭാഗത്തിലുള്ള കുട്ടികൾ കൂടുതലായുള്ള തിരുനെല്ലി ഭാഗത്ത് സ്കൂളുകളിൽനിന്ന് കൊഴിഞ്ഞുപോകുന്നവരെ കണ്ടെത്തി മികച്ച പരിശീലനം നൽകാനും പത്താം ക്ലാസ് പരീക്ഷയിൽ പരാജയപ്പെടുന്ന ഗോത്ര വിഭാഗങ്ങൾക്കു മെച്ചപ്പെട്ട പരിശീലനം നൽകി വീണ്ടും പരീക്ഷയെഴുതിക്കാനും മറ്റുമാണ് കേന്ദ്രംകൊണ്ട് ലക്ഷ്യമിട്ടിരുന്നത്. അന്നത്തെ പട്ടികവർഗ മന്ത്രി പി.കെ. ജയലക്ഷ്മിയാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്.
മുകളിലും താഴെയുമായി മൂന്നുവീതം പഠനമുറികൾ, ഭക്ഷണം പാകം ചെയ്യാനുള്ള അടുക്കള, താമസിക്കാനുള്ള ഹോസ്റ്റൽ എന്ന രീതിയിൽ മൂന്നു കെട്ടിടങ്ങളാണ് അടുത്തടുത്ത് നിർമിച്ചിട്ടുള്ളത്. ഒരു കെട്ടിടത്തിന്റെ മുകളിൽ യോഗത്തിനും മറ്റും ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലുള്ള വലിയ ഹാളും സജ്ജീകരിച്ചിച്ചുണ്ട്. ആദ്യകാലത്ത് നല്ലരീതിയിൽ പ്രവർത്തിച്ചിരുന്ന കെട്ടിടം പിന്നീട് ഉപയോഗിക്കാതായി. വിവിധ മുറികളിൽ അലക്ഷ്യമായി കിടക്കകളും കട്ടിലുകളും നിരത്തിയിട്ടിരിക്കുകയാണിപ്പോൾ. ഏറെക്കാലം പൂട്ടിയിട്ടിരുന്ന കെട്ടിടം കോവിഡിനു ശേഷം വിവിധ ക്യാമ്പുകൾക്കും മറ്റും തുറന്നുനൽകിയിരുന്നു. കെട്ടിടത്തിന്റെ ചുറ്റിലും സാമൂഹിക വിരുദ്ധർ താവളമാക്കിയിരിക്കുകയാണ്. ജനൽചില്ലുകൾ പലതും എറിഞ്ഞു തകർത്തിട്ടുണ്ട്. എറിഞ്ഞ കല്ലുകൾ പലതും മുറിക്കകത്ത് കാണാൻ സാധിക്കും.
കെട്ടിടം ഉപയോഗപ്പെടുത്തണം
അപ്പപ്പാറ പാർസിയിലെ പരിശീലനകേന്ദ്രത്തിന്റെ കെട്ടിടം മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. തിരുനെല്ലി ചേകാടി ഗവ. എൽപി സ്കൂളിൽനിന്ന് പഠനം കഴിഞ്ഞു പുറത്തിറങ്ങുന്ന കുട്ടികൾക്ക് യു.പി പഠനത്തിനായി അപ്പപ്പാറ ഡി.സി.എം യു.പി സ്കൂൾ മാത്രമാണ് ആശ്രയം. പാർസിയിൽ വെറുതേ കിടക്കുന്ന കെട്ടിടം സർക്കാർ ഏറ്റെടുത്ത് ചേകാടി എൽ.പി സ്കൂളിനെ യു.പി ആയി ഉയർത്തണമെന്ന ആവശ്യം നേരത്തേയുണ്ടായിരുന്നെങ്കിലും അതൊന്നും യാഥാർഥ്യമായില്ല. ആറളത്തേക്ക് താൽക്കാലികമായി മാറ്റുന്ന തിരുനെല്ലി ഗവ. ആശ്രമം സ്കൂൾ അപ്പപ്പാറ പാർസിയിലുള്ള കെട്ടിടത്തിലേക്ക് മാറ്റാൻ സാധിക്കുമോ എന്ന കാര്യം പരിശോധിച്ചിരുന്നു.
എന്നാൽ 240ഓളം കുട്ടികളും 55 അധ്യാപക, അനധ്യാപക ജീവനക്കാരേയും ഉൾക്കൊള്ളാനുള്ള സൗകര്യം ഈ കെട്ടിടത്തിനില്ല. ഒന്നരയേക്കറോളം സ്ഥലം ഇവിടെ സ്വന്തമായുണ്ട്. കെട്ടിടം നിർമിക്കുന്നതിനു പഞ്ചായത്താണ് സ്ഥലസൗകര്യം നൽകിയത്. കാര്യക്ഷമമായ പ്രവർത്തിക്കുന്നില്ലെങ്കിലും കെട്ടിടത്തിൽ വിവിധ പ്രവൃത്തികൾ നടത്തിയിട്ടുണ്ട്. കെട്ടിടം ഉപയോഗിക്കുന്നില്ലെങ്കിലും ഭൂജല വകുപ്പ് നൂറുദിന കർമ പദ്ധതിയിലുൾപ്പെടുത്തി മൂന്നു പദ്ധതികളിലായി 2021-22ൽ കൃത്രിമ ഭൂജല സംപോഷണ പദ്ധതി ഇവിടെ നടപ്പാക്കിയിട്ടുണ്ട്. 2.52 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്.
ബഡ്സ് സ്കൂളിന് അനുയോജ്യം
ചെറിയ അറ്റകുറ്റപ്പണികളെടുത്താൽ ബഡ്സ് സ്കൂൾ പ്രവർത്തിപ്പിക്കാൻ ഏറെ സൗകര്യപ്രദമായ കെട്ടിടമാണ് പാർസിയിലേത്. കെട്ടിടത്തിന്റെ മുറ്റം വരെ വാഹനമെത്തും. ഒമ്പതു വർഷമായി തിരുനെല്ലി പഞ്ചായത്ത് ബഡ്സ് പാരഡൈസ് സ്പെഷ്യൽ സ്കൂൾ താൽക്കാലിക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ബഡ്സ് സ്കൂൾ തുടങ്ങുന്നതിനു മുമ്പുതന്നെ പാർസിയിൽ നിർമിച്ച കെട്ടിടം എന്തുകൊണ്ട് ഇതിനായി പ്രയോജനപ്പെടുത്തിയില്ല എന്ന് സംശയം ഉന്നയിക്കുന്നവരുമുണ്ട്.