Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightMananthavadychevron_rightമൂ​ന്ന് കോ​ടി കു​ഴ​ൽ...

മൂ​ന്ന് കോ​ടി കു​ഴ​ൽ പ​ണ​വു​മാ​യി അ​ഞ്ചു​പേ​ർ പി​ടി​യി​ൽ

text_fields
bookmark_border
മൂ​ന്ന് കോ​ടി കു​ഴ​ൽ പ​ണ​വു​മാ​യി അ​ഞ്ചു​പേ​ർ പി​ടി​യി​ൽ
cancel
camera_alt

ആ​സി​ഫ്, റ​സാ​ഖ്, മു​ഹ​മ്മ​ദ്, സ​ൽ​മാ​ൻ, ഫാ​സി​ൽ

മാനന്തവാടി: മൂന്ന് കോടിയിലധികം രൂപയുടെ കുഴൽപണവുമായി മുഖ്യ സൂത്രധാരനടക്കം അഞ്ച് യുവാക്കൾ വയനാട് പൊലീസിന്റെ പിടിയിൽ. വടകര മെൻമുണ്ട കണ്ടിയിൽ വീട്ടിൽ സൽമാൻ (36), വടകര അമ്പലപറമ്പത്ത് വീട്ടിൽ ആസിഫ് (24), വടകര വില്യാപ്പള്ളി പുറത്തൂട്ടയിൽ വീട്ടിൽ റസാക്ക് (38), വടകര മെൻമുണ്ട ചെട്ടിയാംവീട്ടിൽ മുഹമ്മദ് ഫാസിൽ (30), താമരശ്ശേരി പുറാക്കൽ വീട്ടിൽ അപ്പു എന്ന മുഹമ്മദ് എന്നിവരെയാണ് ജില്ല പൊലീസ് മേധാവിയുടെ സ്‌പെഷ്യൽ സ്ക്വാഡും മാനന്തവാടി പൊലീസും കസ്റ്റംസും ചേർന്ന് പിടികൂടിയത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ. 31511900 രൂപയാണ് കാറിന്റെ രഹസ്യ അറയിൽനിന്ന് കണ്ടെത്തിയത്. ആസിഫ്, റസാക്ക്, മുഹമ്മദ് ഫാസിൽ എന്നിവരെ കാറിൽ പണവുമായി വ്യാഴാഴ്ച പുലർച്ചെയും ഇവരിൽനിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യ സൂത്രധാരനായ സൽമാൻ, സുഹൃത്ത് മുഹമ്മദ് എന്നിവരെ പിന്നീടും പൊലീസ് പിടികൂടുകയായിരുന്നു.

വ്യാഴാഴ്ച പുലർച്ചെ ചെറ്റപാലത്ത് വെച്ചാണ് യുവാക്കൾ വലയിലായത്. നിരോധിത മയക്കുമരുന്നുകൾ കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പട്രോളിങ് ഡ്യൂട്ടിയിലുള്ള പൊലീസുകാരും പ്രത്യേക സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിൽ സംശയാസ്പദമായികണ്ട കാർ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ വാഹനത്തിന്‍റെ ഡ്രൈവർ സീറ്റിനും പാസഞ്ചർ സീറ്റിനും അടിയിലായി നിർമിച്ച അറയിൽ നിന്നാണ് പണം കണ്ടെത്തിയത്. അഞ്ഞൂറിന്റെയും ഇരുന്നൂറിന്റെയും നൂറിന്റെയും നോട്ടുകെട്ടുകൾ അടുക്കിവെച്ച നിലയിലായിരുന്നു.

കസ്റ്റംസും പൊലീസും കസ്റ്റഡിയിലെടുത്ത മൂന്നു പേരെയും വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് മുഖ്യ സൂത്രധാരനായ സൽമാന്റെ പങ്ക് വ്യക്തമാവുന്നത്. സൽമാന്റെ നിർദ്ദേശത്തെ തുടർന്നാണ് ബംഗളുരുവിലെ കെ.ആർ നഗർ എന്ന സ്ഥലത്തുനിന്ന് രണ്ടുപേർ സ്കൂട്ടറിൽ പ്ലാസ്റ്റിക് ചാക്കുകളിൽ പണമെത്തിക്കുകയും അവിടെവച്ച് കാറിൽ പ്രത്യേകം തയാറാക്കിയ രഹസ്യ അറയിൽ പണം അടുക്കിവെച്ച് മൂന്നു യുവാക്കളും ബംഗളുരുവിൽനിന്ന് വടകരയിലേക്ക് പുറപ്പെടുകയും ചെയ്യുന്നത്. സൽമാന്‍റെ ലൊക്കേഷൻ പരിശോധിച്ച പൊലീസ് മാനന്തവാടി കോടതിയുടെ പരിസരത്തുനിന്ന് ഇയാളെ കാർ സഹിതം കസ്റ്റഡിയിലെടുത്തു. ഇയാൾക്കൊപ്പമുണ്ടായിരുന്ന മുഹമ്മദിനെയും പിടികൂടി.

പണവും പ്രതികളെയും കസ്റ്റംസിന് കൈമാറി. ഹവാലാ ഇടപാടുകാരായ സൽമാനും മുഹമ്മദും ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ചിലരുടെ നിർദ്ദേശപ്രകാരം ബംഗളുരുവിലെത്തി ഇന്ത്യൻ കറൻസികൾ കൈപ്പറ്റി വടകരയിലെത്തിച്ച് നൽകാറുണ്ടെന്നും കമീഷൻ സ്വീകരിക്കാറുണ്ടെന്നും ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. നൂൽപ്പുഴ ഇൻസ്പെക്ടർ ശശിധരൻ പിള്ള, മാനന്തവാടി ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ പി. റഫീഖ്, എസ്.ഐ രാധാകൃഷ്ണൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഷിജോ മാത്യു, സി.ആർ.വി ഓഫിസർ എ.എസ്.ഐ അഷ്റഫ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.

Show Full Article
TAGS:Black Money Case mananthavadi Wayanad Crime News 
News Summary - arrest in black money case
Next Story