ചെറ്റപ്പാലത്ത് സഹോദര പോരാട്ടം; ഈ കുടുംബത്തിലൊരു കൗൺസിലർ ഉറപ്പ്
text_fieldsചാത്തമ്പത്ത് കുഞ്ഞബ്ദുള്ള,
ചാത്തമ്പത്ത് ആമ്പൂട്ടി
മാനന്തവാടി: സംഗതി സഹോദരങ്ങളൊക്കെ തന്നെ. പക്ഷേ രാഷ്ട്രീയ ഗോദയിൽ പരസ്പരം പോരാട്ടം തന്നെ. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ മാനന്തവാടി നഗരസഭയിലെ 22ാം ഡിവിഷനായ ചെറ്റപ്പാലത്താണ് സഹോദരന്മാരുടെ പോരാട്ടമുറപ്പായത്. അതുകൊണ്ടുതന്നെ ഫലം വരുംവരെ പ്രവചനം അസാധ്യമാണ്.
എന്നാൽ, ഒരു കാര്യമുറപ്പ്, ആര് ജയിച്ചാലും ഈ കുടുംബത്തിൽനിന്ന് ഒരു കൗൺസിലർ ഉണ്ടാകും. സി എന്നറിയപ്പെടുന്ന ലീഗുകാരനായ ചാത്തമ്പത്ത് കുഞ്ഞബ്ദുള്ളയാണ് യു.ഡി.എഫ് സ്ഥാനാർഥി. അനുജനും സി.പി.എം പ്രവർത്തകനുമായ ചാത്തമ്പത്ത് ആമ്പൂട്ടി ഇടത് സ്വതന്ത്രനുമായാണ് ഇവിടെ മത്സരിക്കുന്നത്. 1967ൽ 13ാം വയസ്സിൽ മാനന്തവാടി ഗവ. ഹൈസ്കൂളിലെ എം.എസ്.എഫ് യൂനിറ്റ് സെക്രട്ടറിയായാണ് കുഞ്ഞബ്ദുള്ളയുടെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്.
സംസ്ഥാന പ്രവർത്തക സമിതി അംഗം വരെയായി ഉയർന്നു. പിന്നീട് യൂത്ത് ലീഗിലും പ്രവർത്തിച്ചു. തുടർന്നാണ് തൊഴിലാളി പ്രസ്ഥാനമായ എസ്.ടി.യു മാനന്തവാടി യൂനിറ്റ് സെക്രട്ടറിയായി പ്രവർത്തനം തുടങ്ങിയത്. കഴിഞ്ഞ അരനൂറ്റാണ്ടായി ഈ സ്ഥാനത്ത് തുടരുന്നു. ചുമട്ടുതൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി, എസ്.ടി.യു ദേശീയ കൗൺസിൽ അംഗം മുസ് ലിം ലീഗ് ജില്ല സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ച് വരികയാണ്.
മാനന്തവാടിക്കാരുടെ ചിരപരിതനായ ചിരിക്കുന്ന മുഖമായ ആബൂട്ടി 1980ലാണ് സി.പി.എമ്മിൽ ചേർന്നത്. 1992ൽ പാർട്ടി അംഗമായി. നിലവിൽ ടൗൺ ബ്രാഞ്ച് അംഗമാണ്. രണ്ടുതവണ മത്സരരംഗത്ത് ഉണ്ടായിരുന്നെങ്കിലും വിജയം തുണച്ചില്ല. മാനന്തവാടി മെഡിക്കൽ കോളജിലെ സൗജന്യ കഞ്ഞി വിതരണത്തിൽ സ്ഥിരം സാന്നിധ്യമാണ്.
വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുകൾ വെച്ചുപുലർത്തുന്നവർ തമ്മിലുള്ള പോരാട്ടമായാണ് ഈ മത്സരത്തെ ഇരുവരും കാണുന്നത്. കുടുംബ ബന്ധത്തെ ഒരിക്കലും അത് ബാധിക്കില്ലെന്ന് ഇരുവരും ഒരേ സ്വരത്തിൽ പറയുന്നു. മുൻ കാലങ്ങളിൽ മുസ് ലിം ലീഗിന് ആധിപത്യമുള്ള വാർഡാണ് ചെറ്റപ്പാലം. പുതിയ ഡിവിഷൻ വിഭജനത്തിൽ നേരിയ വ്യത്യാസം വന്നിട്ടുണ്ട്. ഇരുവരുടെയും വീടുകൾ ഈ ഡിവിഷനിലാണ് ഉൾപ്പെടുന്നത്.


