തൊണ്ടർനാടിൽ തൊഴിലുറപ്പിൽ കോടികളുടെ വെട്ടിപ്പ്; ജീവനക്കാർക്ക് സസ്പെൻഷൻ
text_fieldsതൊണ്ടർനാട് പഞ്ചായത്ത് കാര്യാലയം
മാനന്തവാടി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ (എം.എൻ.ആർ.ഇ.ജി.എ) ഉൾപ്പെടുത്തി തൊണ്ടർനാട് പഞ്ചായത്തിൽ നടത്തിയ പ്രവൃത്തികളിൽ കോടികളുടെ വെട്ടിപ്പ്. മെറ്റീരിയൽസ് വാങ്ങുന്നതിൽ കൂടുതൽ തുക ചെലവഴിക്കുന്നത് ശ്രദ്ധയിൽപെട്ട സംസ്ഥാന തൊഴിലുറപ്പ് ഓഫിസ് അന്വേഷണം നടത്താൻ മാനന്തവാടി ബി.പി.ഒയോട് ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് ബി.പി.ഒ വി.കെ. സുധീർ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് രണ്ട് കോടിയിലധികം രൂപയുടെ വെട്ടിപ്പ് നടന്നതായി കണ്ടെത്തിയത്.
സംഭവം വിവാദമായതോടെ താൽക്കാലിക ജീവനക്കാരായ അസി. എൻജിനീയർ ജോജോ ജോണി, അക്കൗണ്ടന്റ് വി.സി. നിഥിൻ, ഓവർസിയർമാരായ പ്രിയ ഗോപിനാഥ്, റിയാസ് എന്നിവരെ ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി സസ്പെൻഡ് ചെയ്യുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. കോഴിക്കൂട്, ആട്ടിൻ കൂട്, കയർ വസ്ത്രങ്ങൾ, റോഡുകൾ എന്നിവയുടെ പ്രവൃത്തിയിലാണ് ക്രമക്കേടുകൾ നടന്നത്.
കോഴിക്കൂട് ഒന്നിന് ഓവർസിയർ 69,000 രൂപക്കാണ് എസ്റ്റിമേറ്റ് തയാറാക്കിയത്. എന്നാൽ, കോഴിക്കൂട് വിതരണം ചെയ്തപ്പോൾ 1.29 ലക്ഷം രൂപയായി മാറി. 258 കൂടുകളാണ് ഇത്തരത്തിൽ വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെയും അസി. സെക്രട്ടറിയുടെയും ഡിജിറ്റൽ ഒപ്പുകൾ ദുരുപയോഗം ചെയ്താണ് അസി. എൻജിനീയറും അക്കൗണ്ടന്റും ചേർന്ന് കോടികൾ തട്ടിയത്.
തട്ടിപ്പിന്റെ വ്യാപ്തി കൂടും
2023 മുതൽ 2025 വരെയുള്ള രണ്ടുവർഷത്തെ പ്രവൃത്തികളിൽ മാത്രമാണ് രണ്ടുകോടിയുടെ ക്രമക്കേട് നിലവിൽ കണ്ടെത്തിയത്. കൂടുതൽ വർഷങ്ങളിലേക്ക് പരിശോധന നടന്നാൽ തട്ടിപ്പിന്റെ വ്യാപ്തി കൂടിയേക്കും. രണ്ട് കരാറുകാരുടെ പേരിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കി കരാറുകാരുടെ സഹായത്തോടെയാണ് തുക തട്ടിയെടുത്തിരിക്കുന്നത്.
മസ്റ്ററോളിൽ തൊഴിൽ ദിനങ്ങൾ രേഖപ്പെടുത്തിയത് വളരെ കുറവാണെന്നും മിനുട്സുകളും മറ്റു രേഖകളും അപൂർണമാണെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
അന്വേഷണ ആവശ്യവുമായി ഭരണ -പ്രതിപക്ഷ പാർട്ടികൾ
വെള്ളമുണ്ട: തൊണ്ടർനാട് പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട തട്ടിപ്പിൽ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി. ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്നതായി സൂചന ഉയർന്നതോടെ ഭരണപക്ഷ മുന്നണിയും പ്രതിഷേധവുമായി രംഗത്തെത്തി. സംഭവത്തിൽ ആരോപണവിധേയരായ നാല് ജീവനക്കാരെ സസ്പെൻഡ് ചെയ്തെങ്കിലും രാഷ്ട്രീയ വിവാദങ്ങൾ തുടരുകയാണ്.
സംഭവത്തിൽ എൽ.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണപക്ഷത്തിനെതിരെ യു.ഡി.എഫും ബി.ജെ.പിയും കഴിഞ്ഞ ദിവസം പ്രതിഷേധ സമരങ്ങൾ നടത്തിയിരുന്നു. എന്നാൽ, ക്രമക്കേട് നടത്തിയതിൽ ജീവനക്കാരോടൊപ്പം ചില യു.ഡി.എഫ് മെംബർമാരും ഉദ്യോഗസ്ഥരും കരാറുകാരും ഉൾപ്പെട്ടതായും ഇവർക്കെതിരെ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സി.പി.എമ്മും രംഗത്തുവന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചേർന്ന അടിയന്തര ഭരണ സമിതി യോഗത്തിലാണ് കഴിഞ്ഞ 10 വർഷമായി ഈ വിഭാഗത്തിൽ ജോലിചെയ്യുന്ന താൽക്കാലിക ജീവനക്കാരെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്. ക്രമക്കേട് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നുവരുകയാണ്.
വൈസ് പ്രസിഡന്റിന്റെ പങ്കും അന്വേഷിക്കണം -യു.ഡി.എഫ്
മാനന്തവാടി: തൊണ്ടര്‍നാട് പഞ്ചായത്തില്‍ ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ തട്ടിപ്പില്‍ താല്‍ക്കാലിക ജീവനക്കാരെ മാത്രം ബലിയാടാക്കി രക്ഷപ്പെടാനനുവദിക്കില്ലെന്നും ഭരണസമിതി വൈസ് പ്രസിഡന്റിന്റെ പങ്ക് അന്വേഷിക്കണമെന്നും തൊണ്ടര്‍നാട് പഞ്ചായത്ത് യു.ഡി.എഫ് എക്സിക്യൂട്ടിവ് കമ്മിറ്റി ആവശ്യപ്പെട്ടു. ഒരാഴ്ചമുമ്പ് എന്‍.ആര്.ഇ.ജി പ്രോജക്ട് ഓഫിസര്‍ കണ്ടെത്തിയ അഴിമതി സംബന്ധിച്ച് യു.ഡി.എഫ് വാര്‍ത്തസമ്മേളനം വിളിക്കുന്നതുവരെ ഭരണസമിതി മൂടിവെച്ചു. തുടര്‍ന്ന് അടിയന്തര യോഗം വിളിച്ച് നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് മുഖം രക്ഷിക്കാനാണ് ശ്രമം നടത്തിയത്.
ഈ വന്‍ അഴിമതിക്ക് നേതൃത്വം നല്‍കിയത് വൈസ് പ്രസിഡന്റിന്റെ വാര്‍ഡായ അഞ്ചാം വാര്‍ഡ് ഡി.വൈ.എഫ്.ഐ വളവില്‍ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയും സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗവും വൈസ് പ്രസിഡന്റിന്റെ മനഃസ്സാക്ഷി സൂക്ഷിപ്പുകാരനുമായ നിധിനും അസിസ്റ്റന്റ് എൻജിനീയര്‍ അഞ്ചാം വാര്‍ഡില്‍തന്നെയുള്ള ജോജോയും ഭരണസമിതി വൈസ് പ്രസിഡന്റും ചേര്‍ന്നാണ്. വൈസ് പ്രസിഡന്റിനെ ഒന്നാംപ്രതിയാക്കി കേസെടുക്കണം.
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുംവരെ ശക്തമായ സമര പരിപാടികള്‍ക്ക് യു.ഡി.എഫ് നേതൃത്വം നല്‍കും. ടി. മൊയ്തു, എസ്.എം. പ്രമോദ് മാസ്റ്റര്‍, അബ്ദുല്ല കേളോത്ത്, എ. ആലിക്കുട്ടി, പി.എം. ടോമി, മുസ്തഫ മോന്തോല്‍, ഡോ. പി.കെ. സുനില്‍ കുമാർ, കെ.ടി. കുഞ്ഞികൃഷ്ണന് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
യഥാർഥ പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമം -ബി.ജെ.പി
തൊണ്ടർനാട്: ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി തട്ടിപ്പിൽ താൽക്കാലിക ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തത് യഥാർഥ പ്രതികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമാണെന്ന് സംശയിക്കുന്നതായി തൊണ്ടർനാട് പഞ്ചായത്ത് ബി.ജെ.പി കമ്മിറ്റി ആരോപിച്ചു. പ്രസിഡന്റ് വി. ജയരാജൻ, സെക്രട്ടറി ഭാസ്കരൻ, ന്യൂനപക്ഷ മോർച്ച സെക്രട്ടറി ബിജു സക്കറിയ എന്നിവർ സംസാരിച്ചു.
തൊഴിലുറപ്പ് പ്രവൃത്തികൾ നിലച്ചു, തൊഴിലാളികൾ ആശങ്കയിൽ
മാനന്തവാടി: കോടികളുടെ അഴിമതി പുറത്തുവരുകയും താൽക്കാലിക ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തതോടെ തൊണ്ടർനാട് പഞ്ചായത്തിലെ തൊഴിലുറപ്പ് പ്രവർത്തികൾ നിലച്ചു. ഇതോടെ ചെയ്ത ജോലിയുടെ വേതനം ലഭിക്കാതെയും തൊഴിലില്ലാതെയും തൊഴിലാളികൾ ആശങ്കയിലായി.
ഓണം അടുത്തതോടെ എന്തുചെയ്യണമെന്നറിയാതെ തൊഴിലാളികൾ ദുരിതത്തിലായി. ക്രമക്കേട് കണ്ടെത്തിയതിനെതുടർന്ന് മെറ്റീരിയൽ ഇനത്തിൽ തൊണ്ടർനാട് പഞ്ചായത്തിന് അനുവദിച്ച ഒരുകോടിയോളം രൂപ അധികൃതർ തടഞ്ഞതായി സൂചനയുണ്ട്.
തോടുകളുടെയും ഓടകളുടെയും ശുചീകരണം, കൈയാല നിർമാണം, നീർത്തടാധിഷ്ഠിത ജോലികൾ തുടങ്ങിയ പ്രവൃത്തികളാണ് ഇപ്പോൾ നടക്കേണ്ടിയിരുന്നത്. ഇവയൊന്നും തൊണ്ടർനാട് നടപ്പാക്കാൻ പറ്റാത്ത സ്ഥിതിയാണ്. 6693 പേർ പഞ്ചായത്തിൽ തൊഴിൽ കാർഡ് എടുത്തിട്ടുണ്ട്.