മഴക്ക് നേരിയ ശമനം
text_fieldsവള്ളിയൂർക്കാവ് ആഴ്ചച്ചന്തയിൽ വെള്ളം കയറിയ നിലയിൽ
മാനന്തവാടി: തുടർച്ചയായി പെയ്ത മഴക്ക് വെള്ളിയാഴ്ച നേരിയ ശമനം. എന്നാൽ, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയത് ജനങ്ങളെ ദുരിതത്തിലാക്കിയിട്ടുണ്ട്. മൂന്ന് ക്യാമ്പുകളിലായി 32 കുടുംബങ്ങളിലായി 117 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. കാഞ്ഞിരങ്ങാട് വില്ലേജിലെ പെരിഞ്ചേരി മല ഉന്നതിയിലെ കുടുംബങ്ങളെ പെരിഞ്ചേരി മല അംഗൻവാടിയിലേക്കു മാറ്റി.
ഗർത്തമുണ്ടായതിനെ തുടർന്ന് പുളിഞ്ഞാൽ നെല്ലിക്കച്ചാൽ ഉന്നതിയിലെ ആറ് കുടുംബങ്ങളെ പുളിഞ്ഞാൽ ഗവ. ഹൈസ്കൂളിലെ ക്യാമ്പിലേക്കും പനമരം മാത്തൂർ വയൽ ഉന്നതിയിലെ ആറ് കുടുംബങ്ങളെ പനമരം ഗവ. ഹൈസ്കൂളിലെ ക്യാമ്പിലേക്കും മാറ്റിപ്പാർപ്പിച്ചു.
മാനന്തവാടി ഇല്ലത്തുവയലിൽ വെള്ളം പൊങ്ങിത്തുടങ്ങിയതോടെ രണ്ട് കുടുംബങ്ങൾ മാറിത്താമസിച്ചു. പെരുവക കമ്മന റോഡിൽ കരിന്തിരിക്കടവിൽ റോഡിൽ വെള്ളം കയറിയതിനാൽ അതുവഴിയുള്ള ഗതാഗതം നിലച്ചു. വള്ളിയൂർക്കാവ് പാട്ടുപുരയിലേക്കും വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്.
എടവക ചൊവ്വയിലെ വയലിലും വെള്ളം കയറി. വെള്ളിയാഴ്ച രാവിലെ 10ഓടെ ബാണാസുര സാഗർ ഡാമിന്റെ ഒരു ഷട്ടർ പത്ത് മീറ്ററോളം ഉയർത്തി. ഷട്ടർ തുറന്നതോടെ പുതുശ്ശേരി കടവ്, പാലിയണ, പനമരം കൂടൽക്കടവ് മേഖലകളിലെ പുഴകളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. മാനന്തവാടി താലൂക്കിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്.