മാനന്തവാടി മെഡിക്കൽ കോളജ് പുതിയ കെട്ടിടത്തിൽ ചോർച്ച
text_fieldsമാനന്തവാടി മെഡിക്കൽ കോളജിലെ പുതിയ കെട്ടിടത്തിന്റെ സീലിങ്ങിലൂടെ വെള്ളം ചോരുന്നു
മാനന്തവാടി: നാലുവർഷം പിന്നിട്ടിട്ടും മാനന്തവാടി മെഡിക്കൽ കോളജിൽ ഇല്ലായ്മകൾമാത്രം. 2021ലാണ് മാനന്തവാടി ജില്ല ആശുപത്രിയെ മെഡിക്കൽ കോളജായി ഉയർത്തിയത്. ഇപ്പോഴും പരാധീനതകൾ മാത്രമാണ്. അടുത്തിടെ ഉദ്ഘാടനം ചെയ്ത പുതിയ കെട്ടിടം ചോർന്നൊലിച്ചത് നാണക്കേടുമായി.
2017ൽ നിർമാണം ആരംഭിച്ച ഏഴ് നിലകളുള്ള മൾട്ടി പർപസ് കെട്ടിടം അഞ്ചു വർഷം കൊണ്ടാണ് പണി പൂർത്തിയാക്കിയത്. കക്കൂസ് ടാങ്ക് മാലിന്യ നിക്ഷേപ സൗകര്യം എന്നിവ ഇനിയും പൂർത്തിയായിട്ടില്ല. 2022 ഏപ്രിൽ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തത്.
മാസങ്ങൾക്കു ശേഷമാണ് സ്ത്രീകളുടെയും പുരുഷന്മാരുടെയും വാർഡുകൾ ഈ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയത്. നിർമാണത്തിൽ അപാകതയുണ്ടെന്ന് പരാതി ഉയർന്നിരുന്നു. അതു ശരിവെക്കുന്ന തരത്തിലാണ് ഞായറാഴ്ച കെട്ടിടത്തിലേക്ക് വെള്ളം കുത്തിയൊലിച്ചത്.
നിലവാരമില്ലാത്ത പൈപ്പ് ഉപയോഗിച്ചതിനാൽ ശക്തമായ വെള്ളം എത്തിയതോടെ ശക്തി താങ്ങാനാകാതെ പൈപ്പ് പൊട്ടി സീലിങിലൂടെ വെള്ളം താഴേക്ക് പതിക്കുകയായിരുന്നു. ഉടൻ തന്നെ സെക്യൂരിറ്റി ജീവനക്കാരുൾപ്പെടെ വെള്ളം തുടച്ചുനീക്കി.
പൊട്ടിയ പൈപ്പ് നന്നാക്കിയതോടെയാണ് പ്രശ്നം പരിഹരിച്ചത്. എന്നാൽ, പ്രശ്നത്തെ ലഘൂകരിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിന്റെ സഹായം അഭ്യർഥിച്ചിട്ടുണ്ടെന്നാണ് ആശുപത്രി സൂപ്രണ്ട് ഇറക്കിയ വാർത്തകുറിപ്പിൽ പറയുന്നത്.