പാൽച്ചുരത്തിൽ വൻ മണ്ണിടിച്ചിൽ
text_fieldsപാൽച്ചുരം ചെകുത്താൻ തോടിന് സമീപം മണ്ണിടിഞ്ഞ നിലയിൽ
മാനന്തവാടി: തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ കൊട്ടിയൂർ-ബോയ്സ്ടൗൺ റോഡിൽ പാൽച്ചുരം ചെകുത്താൻ തോടിന് സമീപം വൻ മണ്ണിടിച്ചിൽ. ചൊവ്വാഴ്ച രാവിലെയോടെയാണ് സംഭവം. റോഡിലേക്ക് വൻതോതിൽ കല്ലും മണ്ണും ഇടിഞ്ഞുവീണ് പാൽച്ചുരം വഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു. മണ്ണിടിച്ചിലിന്റെ സമയം ഇതുവഴി കടന്നുപോയ വാഹനയാത്രികർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടത്തിന്റെ ദൃശ്യങ്ങൾ യാത്രികർ തന്നെ പകർത്തിയിട്ടുണ്ട്.
മുമ്പ് മഴ പെയ്തപ്പോഴും ഇതേ സ്ഥലത്തു മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. മണ്ണിടിച്ചിലിൽ വൈദ്യുതി തൂണും തകർന്നിട്ടുണ്ട്. മഴ ശക്തമായി തുടരുന്നതിനാൽ വീണ്ടും മണ്ണിടിയാൻ സാധ്യതയേറെയാണ്. സുരക്ഷ മുൻനിർത്തി അമ്പായത്തോട് ടൗണിൽ, ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചുകൊണ്ടുള്ള ബോർഡ് അധികൃതർ സ്ഥാപിച്ചു.
കൊട്ടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയ് നമ്പുടാകത്തിന്റെ നേതൃത്വത്തിൽ വയനാട്, അമ്പായത്തോട് ഭാഗങ്ങളിൽ നിന്നും മണ്ണ് മാന്തി യന്ത്രങ്ങൾ എത്തിച്ച് റോഡിലെ തടസങ്ങൾ നീക്കി വൈകുന്നേരത്തോടെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. പേരാവൂർ ഡിവൈ.എസ്.പി എ.വി. ജോൺ, സി.ഐ രജീഷ് തെരുവത്ത് പീടികയിൽ, ഡെപ്യൂട്ടി തഹസിൽദാർ ബിജി ജോൺ, കൊട്ടിയൂർ വില്ലേജ് ഓഫിസർ ഷാജി പി. മാത്യു, വാർഡ് അംഗം ബിന്ദു, ഫോറസ്റ്റർ മണികണ്ഠൻ എന്നിവരും പേരാവൂർ ഫയർ ആൻഡ് റെസ്ക്യൂ ടീം അംഗങ്ങളായ ബാബു ആയോടൻ, ജിതിൻ ശശീന്ദ്രൻ, അനീഷ്, അതുൽ, രമേഷ് കുമാർ, രാറീഷ് തുടങ്ങിയവരും വനംവകുപ്പ് ഉദ്യോഗസ്ഥരും സിവിൽ ഡിഫൻസ് ടീമും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
പാൽചുരം റോഡിൽ മണ്ണിടിച്ചിലുണ്ടായ സാഹചര്യത്തിൽ ബോയ്സ് ടൗൺ-പാൽചുരം റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി ജില്ല ഭരണകൂടം അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പാൽചുരം റോഡിലൂടെയുള്ള യാത്രാനിരോധനം തുടരും.


